ഛത്തീസ്‌ഗഡിൽ ക്രിസ്ത്യാനികളെ കൊല്ലാൻ വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിജ്ഞയോ? | Fact Check

Mail This Article
ബജ്റംഗ് ദള്ളിന്റെ ടീഷർട്ട് ധരിച്ചും ത്രിശൂലത്തിന് സമാനമായ ആയുധങ്ങളുമേന്തി ഒരു കൂട്ടം ആളുകള്‍ പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . 2025 മാർച്ച് 1 മുതൽ ഛത്തീസ്‌ഗഡിലെ ക്രിസ്ത്യാനികളെ കൊല്ലാൻ വിശ്വ ഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി), ആർഎസ്എസ്സിന്റെയും അംഗങ്ങൾ പ്രതിജ്ഞ ചെയ്യുന്നു എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്
∙ അന്വേഷണം
പ്രചാരണത്തിന്റെ വാസ്തവമറിയാൻ, അവകാശവാദവുമായി ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിച്ചുള്ള കീവേർഡ് സെർച്ചാണ് ആദ്യം നടത്തിയത്. 2025 മാർച്ച് 1 മുതൽ ഛത്തീസ്‌ഗഡിലെ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് വിഎച്ച്പി–ആർഎസ്എസ് അംഗങ്ങൾ പ്രതിജ്ഞയെടുത്തതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല. ഇത്തരത്തിലൊരു സംഭവമുണ്ടായാൽ, അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വാർത്തയാകേണ്ടതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും കണ്ടെത്തിയില്ല.
ശേഷം വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിലെ ആളുകൾ ധരിച്ചിട്ടുള്ള ടീഷർട്ടിൽ ബജ്റംഗ് ദൾ എന്ന് തെലുങ്കിലാണ് എഴുതിയിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടു. ഹിന്ദുമതത്തെയും അതിന്റെ മൂല്യങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് വിഡിയോയിലുള്ളത്. വിശ്വാസത്തെയും രാഷ്ട്രത്തെയും ഭീഷണികളിൽ നിന്ന് സംരക്ഷിക്കുമെന്നും, ഹിന്ദു ഐക്യത്തെ പിന്തുണയ്ക്കുമെന്നും, ഹിന്ദു സമൂഹത്തെ സംരക്ഷിക്കുമെന്നുമാണ് പ്രതിജ്ഞയിലുള്ളത്. വിഡിയോയിൽ എവിടെയും ക്രിസ്ത്യാനികളെയോ മറ്റേതെങ്കിലും മതത്തെയോ കുറിച്ചോ പരാമർശിച്ചിട്ടില്ല.
തെലുങ്ക് കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, 2023 ഫെബ്രുവരി 19ന് നിസാമാബാദിൽ 400 ഹിന്ദു പുരുഷന്മാർക്ക് ത്രിശൂലം വിതരണം ചെയ്തതിന്റെയും 2024 ഫെബ്രുവരി 11ന് ഖമ്മമ്മിൽ നടന്ന 'ത്രിശൂൽ ദീക്ഷാ പരിപാടി' പോലെ ബജ്‌റംഗ്ദൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ഒന്നിലധികം സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. എന്നിരുന്നാലും, ഇവയൊന്നും വൈറലായ വിഡിയോയുമായി സാമ്യമുള്ളതല്ല.
ഛത്തീസ്‌ഗഡിൽ അടുത്തിടെ ഇത്തരത്തില്‍ എന്തെങ്കിലും സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി. 2024 നവംബർ 27ന് രാജ്നന്ദ്ഗാവിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേർന്ന് ഒരു വലിയ ത്രിശൂൽ ദീക്ഷ സംഘടിപ്പിക്കുമെന്നതിനെ കുറിച്ചാണ് ഈ വാർത്ത. ഇതിൽ പങ്കെടുക്കുന്നവർ രാജ്യം, മതം, സംസ്കാരം എന്നിവ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പ്രചരിക്കുന്ന വിഡിയോയുമായി സാമ്യമുള്ള ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ല. കൂടാതെ, ക്രിസ്ത്യാനികളെ കൊല്ലാൻ പ്രതിജ്ഞയെടുത്തതായി ഇതിൽ പരാമർശവുമില്ല.
അടുത്തതായി, വിഡിയോയിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2024 ഡിസംബർ 27ന് ഫെയ്‌സ്ബുക്കിൽ ഇതേ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഇതിൽ നിന്നും പ്രചരിക്കുന്ന വിഡിയോ പഴയതാണ്, 2025 ഫെബ്രുവരിയിലേതല്ല എന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ഇത് തെറ്റായ പ്രചാരണമാണ്. ഛത്തീസ്‌ഗഡിലെ ക്രിസ്ത്യാനികളെ കൊല്ലാൻ വിശ്വ ഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി), ആർഎസ്എസ്സിന്റെയും അംഗങ്ങൾ പ്രതിജ്ഞയെടുക്കുന്നതല്ല പ്രചരിക്കുന്ന വിഡിയോയിലുള്ളത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)