കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തോ? | Fact Check

Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡിൽ നിന്ന് എടുത്ത് മാറ്റിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
Platform number 4, Kozhikode (Kerala) Railway Station.Picture of Indian Prime Minister is not allowed here!!..The shop owner has blocked PM's picture by pasting/covering with a paper.@RailMinIndia ..@RailwaySeva...can you look in to this? എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വൈറൽ പോസ്റ്റ് കാണാം
വൈറൽ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ നടത്തിയപ്പോൾ ഇതേ പോസ്റ്റ് മുൻപും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി.

കൂടാതെ 2024, മേയ് 2 ലെ മറ്റൊരു പോസ്റ്റിൽ “തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് റെയില്‍വേ സ്റ്റേഷനിലും മറ്റിടങ്ങളിലും മോദിയുടെ മുഖം മറച്ചത് വാര്‍ത്തയായില്ല. പക്ഷേ വാക്‌സീൻ സര്‍ട്ടിഫിക്കറ്റിൽ മുഖം മാറ്റിയത് വാര്‍ത്തയാക്കി. അജണ്ടകള്‍ എങ്ങനെ സെറ്റ് ചെയ്യണമെന്ന് ഇവരെ കണ്ട് പഠിക്കണം.” എന്ന ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു.
ഈ സൂചനകളുപയോഗിച്ച് ചിത്രം മറച്ചതിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഞങ്ങൾ റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം അന്ന് മറച്ചത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഇത്തരം പരസ്യങ്ങളിലടക്കം ഏതെങ്കിലും തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഫോട്ടോ ഉണ്ടെങ്കിൽ, അത് മറയ്ക്കണമെന്നാണ് ചട്ടം. എല്ലാ കേന്ദ്ര സർക്കാർ ഓഫിസിലും ഈ നിബന്ധന ബാധകമാണ്,” ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രധാനമന്ത്രിയുടെ പ്രോജക്ട് ആയിരുന്നു വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ്. അത് കൊണ്ടാണ് അത്തരം സ്റ്റാളുകളിൽ ആ ഫോട്ടോ വെച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നപ്പോൾ അവ മറച്ചു,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഇത്തരം പരസ്യങ്ങളിലടക്കം തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ചിത്രം ഉണ്ടെങ്കിൽ, അത് മറയ്ക്കണമെന്നാണ് ചട്ടമെന്ന് അവരും സ്ഥിരീകരിച്ചു.
ഇക്കാര്യം വ്യക്തമാക്കി റെയിൽവേയുടെ പാലക്കാട് ഡിവിഷൻ ട്വിറ്ററിൽ വിശദീകരണം നൽകിയിരുന്നു. 2024 ലെ കേന്ദ്ര തെരഞ്ഞെടുപ്പ് കാലയളവിൽ, മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഫോട്ടോ താൽക്കാലികമായി മറച്ചിരുന്നു. എന്നിരുന്നാലും, സ്റ്റാൾ ബോർഡിൽ നിലവിൽ സ്റ്റാൻഡേർഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന ഒരു സമീപകാല ചിത്രം ചുവടെ ചേർത്തിരിക്കുന്നു. എന്നാണ് ഈ പോസ്റ്റിൽ റെയിൽവേ വ്യക്തമാക്കുന്നത്. പോസ്റ്റിനൊപ്പം നിലവിൽ മോദിയുടെ ചിത്രമടങ്ങുന്ന അതേ ഷോപ്പിന്റെ ഒരു ഫോട്ടോയും റെയിൽവേ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് കാണാം
കൂടുതൽ വ്യക്തതയ്ക്കായി മനോരമ ഓൺലൈൻ കോഴിക്കോട് ലേഖകനുമായി സംസാരിച്ചപ്പോൾ നിലവിൽ മോദിയുടെ ചിത്രമുൾപ്പെട്ട പരസ്യ ബോർഡാണ് റെയിൽവേ സ്റ്റേഷനിലുള്ളതെന്ന് സ്ഥിരീകരിച്ചു. വൈറൽ ചിത്രത്തിലുള്ളത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി മോദിയുടെ ചിത്രമുള്ള ബോർഡ് മറച്ച ദൃശ്യങ്ങളാണ്. നിലവിൽ കളിമൺ പാത്രങ്ങളുടെ വിൽപനയാണ് കോഴിക്കോട് റയിൽവേ സ്റ്റേഷനിലെ വൺ സ്റ്റേഷൻ വൺ പ്രോഡക്‌ട് എന്ന സ്റ്റാളിൽ നടക്കുന്നത്. മോദിയുടെ ചിത്രമുള്ള നിലവിലെ ഷോപ്പിന്റെ ചിത്രങ്ങളും ഞങ്ങളുടെ ലേഖകൻ പങ്കുവച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം റെയിൽവേ സ്റ്റേഷനിലെ ബോർഡിൽ നിന്ന് മറച്ചതെന്ന് വ്യക്തമായി.
∙ വാസ്തവം
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നത് കൊണ്ടാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മറച്ചത്. പ്രചരിക്കുന്ന ചിത്രം പഴയതാണ്.