ADVERTISEMENT

ക്ലാസ് മുറിയിലിരുന്ന് ബിയര്‍ കഴിക്കുന്ന പെണ്‍കുട്ടികളുടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കേരളത്തിലെ സ്‌കൂളില്‍ നിന്നുള്ള ദൃശ്യം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. കേരളത്തില്‍ പുതിയ മദ്യനിര്‍മാണശാല തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തിയാണ് വിഡിയോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍, പ്രചരിക്കുന്ന വിഡിയോ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2019 മുതല്‍ പ്രചരിക്കുന്ന ഈ വിഡിയോ തമിഴ്‌നാട്ടിലെ ഒരു കോളജില്‍ നിന്നുള്ളതാണ്.

∙ അന്വേഷണം

"പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല ???? മദ്യനിര്‍മ്മാണശാലകള്‍ ആണ്. #no1_keralam #LDFGovernmetn" എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം .വൈറല്‍ വിഡിയോയില്‍ ബിയര്‍ കുടിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നിലായി ഡാന്‍സിനായി വേഷം ധരിച്ച കുട്ടികള്‍ നടന്നുപോകുന്നത് കാണാം. ഇതില്‍ നിന്ന് കലോത്സവം പോലെ ഏതെങ്കിലും പരിപാടി നടക്കുന്ന അവസരത്തില്‍ പകര്‍ത്തിയ ദൃശ്യമായിരിക്കാം എന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ 2023ല്‍ ആജ്‌തക് സമാനമായ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. എന്നാല്‍ വിഡിയോ എവിടെ നിന്നുള്ളതാണെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. 

തുടര്‍ന്നുള്ള പരിശോധനയില്‍ 2019 ജൂലൈ 11ന് Truewud എന്ന ഫെയ്‌സ്ബുക് പേജില്‍  ഇതേ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വിഡിയോയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ സംസാരം വ്യക്തമാണ്. ഇതില്‍ നിന്ന് തമിഴ് ഭാഷയാണ് പെണ്‍കുട്ടികള്‍ സംസാരിക്കുന്നതെന്ന് മനസിലാക്കാനായി. എന്നാല്‍ വിഡിയോയുടെ ലൊക്കേഷനെക്കുറിച്ചുള്ള സൂചന ഇതില്‍ നിന്ന് ലഭിച്ചില്ല. 

പിന്നീട് ഞങ്ങള്‍ തമിഴ് കീവേര്‍ഡ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 2019 ഏപ്രില്‍ മൂന്നിന് തമിഴന്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ സമാനമായ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വാര്‍ത്തയുടെ വിവരണത്തില്‍ പറയുന്നത് നെല്ലായിയിലെ ഒരു കോളജില്‍ നിന്നുള്ള സംഭവമെന്നാണ്. വാര്‍ത്ത വിശദമായി പരിശോധിച്ചപ്പോള്‍ നെല്ലായി ദക്ഷിണ മാര നാടാര്‍ സംഘം കോളജിലെ വാര്‍ഷികാഘോഷത്തിനിടെയാണ് ഒരു സംഘം വിദ്യാര്‍ഥിനികള്‍ ബിയര്‍ കഴിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം കാണാം.

വിഡിയോയില്‍ പറയുന്ന നെല്ലായിയിലെ ഈ കോളജിനെപ്പറ്റിയും ഞങ്ങള്‍ അന്വേഷിച്ചു. തിരുനെല്‍വേലിയുടെ പഴയപേരാണ് നെല്ലായി. തിരുനെല്‍വേലി ദക്ഷിണ മാരാ നാടാര്‍ സംഘം കോളെജ്(TDMNS) കോളജിനെപ്പറ്റിയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. വിശദമായി പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോ പോളിമര്‍ ന്യൂസ് എന്ന തമിഴ് മാധ്യമം 2019 മാര്‍ച്ച് 31ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. തിരുനെല്‍വേലിയിലെ സ്വകാര്യ കോളജില്‍ നിന്നുള്ള ദൃശ്യമാണെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

TDMNS കോളജില്‍ നിന്നുള്ളതാണെന്ന വിവരണത്തോടെ 2019ല്‍ ഈ വിഡിയോ പലരും ഫെയ്‌സ്ബുക്കിൽ പങ്കുവച്ചതായും ഞങ്ങള്‍ കണ്ടെത്തി. വിഡിയോയെപ്പറ്റിയുള്ള വിശദമായ വിവരത്തിനായി ഞങ്ങള്‍ TDMNS കോളജ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പ്രതികരണം ലഭ്യമാകുന്ന മുറയ്ക്ക് ലേഖനം അപ്‌ഡേറ്റ് ചെയ്യുന്നതാണ്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ കേരളത്തിലെ ഏതെങ്കിലും വിദ്യാലയത്തില്‍ നിന്നുള്ളതല്ലെന്നും തമിഴ്‌നാട്ടിലെ ഒരു കോളജ് വാര്‍ഷികത്തിനിടെ പകര്‍ത്തിയതാണെന്നും വ്യക്തമായി.

∙ വാസ്തവം

വൈറല്‍ വിഡിയോ കേരളത്തില്‍ നിന്നുള്ളതല്ല. 2019ല്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഒരു കോളെജിന്റെ വാര്‍ഷിക പരിപാടിയ്ക്കിടെ പകര്‍ത്തിയ ദൃശ്യമാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A viral video showing girls drinking beer in a classroom is falsely attributed to a Kerala school. The video actually originates from a 2019 college function in Tirunelveli, Tamil Nadu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com