ADVERTISEMENT

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോ ഇനിമുതൽ അനുവദിക്കില്ല എന്നും ആധാർ അതോറിറ്റി ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഒരു വാർത്താ കാർഡ് ഉൾപ്പെടെയാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ. എന്നാൽ, തെറ്റിദ്ധാരണയുണ്ടാക്കും വിധമാണ് പ്രചാരണം നടക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്

∙ അന്വേഷണം

നിരവധി പേർ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖം മുഴുവന്‍ മറച്ച്, കണ്ണുകൾ മാത്രം കാണുന്ന തരത്തിൽ ശിരോവസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളാണ് ചിത്രത്തിലുള്ളത്. വ്യക്തികളെ തിരച്ചറിയേണ്ടതുള്ളതിനാൽ മുഖം മറച്ച ഫോട്ടോ ഔദ്യോഗിക രേഖകളിലും തിരിച്ചറിയൽ രേഖകളിലും ഉപയോഗിക്കില്ല. അത്തരത്തിലൊരു ചിത്രം നൽകുന്നത് തന്നെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്.

ഹിജാബ് ധരിച്ചുള്ള ഫോട്ടോ ആധാറിൽ വേണ്ട. ചെവിയും നെറ്റിയും വ്യക്തമാകണം. അക്ഷയ പ്രോജക്ട് ഓഫീസുകൾക്ക് നിർദേശം നൽകി ആധാർ അതോറിറ്റി എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലെ ഉള്ളടക്കം. Kerala tightens rules for Aadhaar photo - Covering head, ear and forehead or wearing Hijab not allowed എന്നാണ് പ്രചരിക്കുന്ന ഒരു പോസ്റ്റിലെ അടിക്കുറിപ്പ്. ആർക്കൈവ് ലിങ്ക്.

ന്യൂസ് മലയാളം 24/7ന്റെ പേരിലുള്ള വാർത്താ കാര്‍ഡാണ് പ്രചരിക്കുന്നത്. പരിശോധിച്ചപ്പോൾ, പ്രചരിക്കുന്ന അതേ ഉള്ളടക്കമുള്ളൊരു കാർഡ് 2025 ഫെബ്രുവരി 24ന് ഇവരുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഇതിലുള്ള ചിത്രം വ്യത്യസ്തമാണ്. ഇവരുടെ ഫേസ്ബുക്കിലുള്ള ചിത്രത്തിലുള്ളത് യഥാർത്ഥ സ്ത്രീകളുടെ ചിത്രമല്ല, മറിച്ച് ഗ്രാഫിക് ചിത്രമാണ്.

ശേഷം, കീവേർഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ നടത്തിയ അന്വേഷണത്തിൽ ചില മാധ്യമങ്ങൾ ഇങ്ങനെയൊരു നിർദ്ദേശമുള്ളതായി വാർത്ത നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന്, ഇത്തരത്തിൽ പുതിയ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ടോ എന്ന് അറിയാന്‍ യുഐഡിഎഐയുടെ (Unique Identification Authority of India) വെബ്സൈറ്റ് പരിശോധിച്ചു. എന്നാൽ, ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയില്ല. ഇവരുടെ സൈറ്റിൽ എൻറോൾമെന്റ് ഓപറേറ്റർമാർക്കുള്ള കൈപുസ്തകം ലഭ്യമാണ്. മുഖത്തിന്റെ ഫോട്ടോ എടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതിലുണ്ട്. എടുക്കുന്ന ഫോട്ടോയിൽ മുഖം വ്യക്തമായിരിക്കണം എന്നും പർദ്ദ, ഘൂംഗട്ട് പോലെയുള്ള ശിരോവസ്ത്രം ധരിച്ച് മുഖം മറച്ചിട്ടുള്ളവർ ഫോട്ടോ എടുക്കുന്ന സമയത്ത്, മുഖം വ്യക്തമായി കാണിക്കണം എന്നിതിൽ പറയുന്നു. മതം/ആചാരത്തിന്റെ ഭാഗമായി തലമറയ്ക്കുന്നതിൽ പ്രശ്നമില്ല, മുഖം വ്യക്തമായാൽ മാത്രം മതി എന്നാണിതിലുള്ളത്.

nohijabbaninaadhaarphotosfactcheck-2-

തുടർന്ന്, ആക്ഷയയുടെ കൊല്ലം ജില്ല ഓഫീസുമായി ബന്ധപ്പെട്ടു. ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കില്ല, നെറ്റിയും ചെവിയും ഉൾപ്പെടെ മുഖം വ്യക്തമായാൽ മതി എന്നവർ അറിയിച്ചു. പ്രചരിക്കുന്ന പോലെ പുതിയ നിയമമോ, നിർദ്ദേശമോ പുറത്തിറക്കിയിട്ടുണ്ടോ എന്ന് തിരക്കിയപ്പോൾ, യുഐഡിഎഐയുടെ സംസ്ഥാന ഓഫീസിൽ നിന്നും ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു സന്ദേശം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നും ഓഫീസര്‍ അറിയിച്ചു. ശേഷം, ഇവരുടെ നി‍ർദ്ദേശ പ്രകാരം കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ഐടി മിഷന്റെ ഓഫീസുമായും ബന്ധപ്പെട്ടു. ഐടി മിഷൻ വക്താവിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം, ഗൈഡ്‌ലൈനുകളിൽ മാറ്റമില്ല, നേരത്തെയുള്ള നിർദ്ദേശങ്ങൾ തന്നെയാണ് പാലിച്ച് വരുന്നത്. 2010ൽ ആധാർ എൻറോൾമെന്റ് ആരംഭിച്ച കാലം മുതലുള്ളതാണിവ. ഇത് പ്രകാരം ഏത് തരത്തിലുള്ള ശിരോവസ്ത്രം ധരിച്ചാലും നെറ്റിയും ചെവിയും ഉൾപ്പെടെ ആകൃതി വ്യക്തമാകും വിധം മുഖം പതിയണമെന്നെ ഉള്ളു. മുഖമോ, മുഖത്തിന്റെ ആകാരമോ മറയ്ക്കാതെ കഴുത്തിൽ സ്കാർഫ് അണിയുന്നതോ ശിരോവസ്ത്രം മുടിയിലുള്ളതോ പ്രശ്നമില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളും പങ്കുവെച്ചു.

പുതിയ നിർദ്ദേശം വന്നുവെന്നത് എന്ത് സന്ദേശത്തെ ആധാരമാക്കിയാണ് പ്രചരിക്കുന്നതെന്നും തിരക്കി. അപ്ലൈ ചെയ്ത ഏതാനം കേസുകൾ ഈ അടുത്ത് തള്ളിയിരുന്നു. ഫോട്ടോയിൽ ചെവി വ്യക്തമാകാതെ ശിരോവസ്ത്രത്താൽ മറഞ്ഞതാണ് ഇതിന് കാരണം. ഇത്തരത്തിൽ ഫോട്ടോ റിജക്ഷൻ വന്നതിനേതുടർന്ന് അക്ഷയയുടെ ജില്ലാ ഓഫീസുകളിലെ അഡ്മിന്മാരുള്ള ഔദ്യോഗിക ഗ്രൂപ്പിൽ ശ്രദ്ധവേണ്ടതുമായി ബന്ധപ്പെട്ട് വിവരം നൽകിയിരുന്നു, എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിൽ നിന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെന്ന് സ്ഥിരീകരിച്ചു.

മനോരമ ഓൺലൈന്‍ പ്രസ്തുത വിഷയം സംബന്ധിച്ച്  പ്രസിദ്ധീകരിച്ച വാർത്തകൾ വായിക്കാം. 

∙ വാസ്തവം

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ ഇനിമുതൽ അനുവദിക്കില്ല എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആധാർ കാർഡിനായി ഫോട്ടോ പകർത്തുമ്പോൾ മതത്തിന്റെയോ ആചാരങ്ങളുടെയോ ഭാഗമായി ശിരോവസ്ത്രം ധരിച്ച് തല മറയ്ക്കുന്നതിൽ പ്രശ്നമല്ല. മുഖം മറയ്ക്കരുത്. മുഖം കൃത്യമായി കാണണം. പുതിയതല്ല, മറിച്ച് നേരത്തെയുള്ള നിർദ്ദേശം തന്നെയാണിത്. 

English Summary:

Viral misleading posts claim that wearing hijab is prohibited in Aadhaar photos

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com