മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഗോവധമെന്ന് വിഡിയോ! വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
തമിഴ്നാട്ടിലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനടുത്തുള്ള ഒരു കെട്ടിടത്തിന് മുകളിൽ ഒരു മൃഗത്തിനെ കൊന്ന് കെട്ടിത്തൂക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പശുവിനെ കൊന്നുവെന്ന തരത്തില്‍ വര്‍ഗീയ പരാമർശങ്ങളോടെയാണ് പ്രചാരണം.
മീനാക്ഷി അമ്മൻ ക്ഷേത്രത്തിനടുത്താണ് സംഭവം നടക്കുന്നതെന്ന് വിഡിയോയിൽ സംസാരിക്കുന്ന ആൾ പറയുന്നുണ്ട്. 'അവർ മാംസം അറക്കുകയാണ്; അത് ആടാണോ പശുവാണോ എന്ന് എനിക്ക് ഉറപ്പില്ല. ക്ഷേത്രത്തിന് വളരെ അടുത്താണ് ഇത് നടക്കുന്നത്. ഇത് എങ്ങനെയാണ് അനുവദിച്ചതെന്ന് അറിയില്ല' എന്നും വിഡിയോയിൽ പറയുന്നു. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്നും വഴിപാടിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് നൽകിയ ആടാണ് വിഡിയോയിലുള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ആർക്കൈവ് ലിങ്ക്
∙ അന്വേഷണം
മധുരയിൽ നിന്നുള്ള സമിയതി ശിവരാമൻ എന്നയാളാണ് വിഡിയോയിലുള്ളതെന്ന് തിരിച്ചറഞ്ഞു. വിഡിയോയിലുള്ളത് ആടാണോ പശുവാണോ എന്നറിയാൻ ശിവരാമനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇയാളുടെ ഭാര്യയോടാണ് സംസാരിക്കാൻ സാധിച്ചത്. കുറേ വർഷങ്ങളായി അന്നദാനത്തിന് ചെയ്തുപോരുന്നതാണിത്. അതിനായി ആടിനെ വൃത്തിയാക്കുകയായിരുന്നു എന്ന് പറഞ്ഞു.
എല്ലാ വര്‍ഷവും ഭക്തർ ദാനങ്ങൾ നൽകും. അത് ഉപയോഗിച്ച് ശിവരാമൻ ആട്ടിറച്ചി പാകം ചെയ്ത് ആളുകൾക്ക് നൽകും. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇത്തരത്തിൽ വ്യാജ പ്രചാരണമുണ്ടായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
തമിഴ്‌നാട് സർക്കാരിന്റ് ഫാക്‌ട് ചെക്ക് യൂണിറ്റായ ടിഎൻ ഫാക്‌ട് ചെക്ക് പ്രചാരണം തെറ്റാണെന്ന് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. വിഡിയോയിലുള്ളത് പശുവല്ല ആടാണെന്നും അവർ വ്യക്തമാക്കി. 2025 ഫെബ്രുവരി 7ന് നടന്നതാണിത്. എല്ലാ വർഷവും ചെയ്യുന്ന ആചാരത്തിൻറെ ഭാഗമായാണ് ശിവരാമൻ ആടിനെ ബലിയറുത്തത്. ശേഷം, വഴിപാട് ഭക്തർക്ക് വിതരണം ചെയ്യാറുമുണ്ട്.
∙ വാസ്തവം
മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിനടുത്ത് പശുവിനെ അറക്കുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്, വഴിപാടിന്റെ ഭാഗമായി അന്നദാനത്തിന് ആടിനെ പാകം ചെയ്യാൻ തയ്യാറാക്കുന്നതിന്റെ വിഡിയോയാണ്.
ന്യൂസ് ചെക്കറാണ് ഈ വിഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)