കൊല്ലത്ത് സ്‌കൂളും കള്ളുഷാപ്പും ഒരേ കെട്ടിടത്തിലോ? | Fact Check

Mail This Article
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സംസ്ഥാനത്ത് ക്രമാതീതമായി വർധിച്ചെന്നും ഇതാണ് ക്രൂര കൊലപാതകങ്ങൾക്കടക്കം കാരണമാകുന്നതെന്നുമുള്ള വിമർശനങ്ങളാണ് പൊതുജനങ്ങളിൽ നിന്നുയരുന്നത്. ഇപ്പോൾ കൊല്ലത്ത് സ്‌കൂളും കള്ളുഷാപ്പും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിലും ഞങ്ങൾക്കു സന്ദേശം ലഭിച്ചു. വാസ്തവമറിയാം.
∙ അന്വേഷണം
അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറി… ഹോ കേരളത്തിൽ എന്തൊക്കെ മാറ്റങ്ങളാണ്,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. കൊല്ലം അഞ്ചലില്‍ നിന്നുള്ള ദൃശ്യമാണെന്ന തരത്തിലാണ് പോസ്റ്റുകൾ. സ്‌കൂളെന്ന് തോന്നുന്ന ഒരു കെട്ടിടത്തില്‍ കള്ള് ഷാപ്പിന്റെ ബോര്‍ഡ് പതിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം.

കീവേർഡുകളുടെ പരിശോധനയിൽ ഇതേ പോസ്റ്റ് മുൻപും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി. ലഭ്യമായ വിവരങ്ങളിൽ നിന്ന് കൊല്ലം ജില്ലയിലെ അഞ്ചലിന് അടുത്ത് ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഒഴുകുപാറയ്ക്കലാണ് വൈറൽ വിഡിയോയിൽ കാണുന്ന കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമായി. അവിടെയുള്ള ചില പ്രദേശവാസികളുമായി സംസാരിച്ചപ്പോൾ ഇത് വർഷങ്ങൾക്ക് മുൻപ് പൂട്ടിയ ഒരു പ്രൈവറ്റ് സ്ക്കൂളായിരുന്നെന്ന വിവരങ്ങൾ ലഭിച്ചു.ഇടമുളയ്ക്കൽ മേഖലയിലെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായും പഞ്ചായത്ത് അംഗങ്ങളുമായും ഞങ്ങൾ സംസാരിച്ചു.
ഒരു പ്രൈവറ്റ് അൺഎയിഡഡ് സ്‌കൂളായിരുന്നു അത് .15 വർഷത്തിന് മുൻപ് ഈ സ്കൂൾ പൂട്ടി പോയതിനെ തുടർന്ന് ബവ്റിജസ് കോർപറേഷന്റെ ഗോഡൗൺ ദീർഘകാലം ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചു. ഈ ഗോഡൗൺ ആയൂരിലേക്ക് മാറ്റിയപ്പോൾ, അവിടെ ഒരു കള്ള് ഷാപ്പ് തുടങ്ങുകയായിരുന്നു. ഒരു പ്രാദേശിക ചാനൽ സ്കൂൾ ഷാപ്പാക്കി എന്ന തെറ്റായ വാർത്ത കൊടുത്തതിനെ തുടർന്നാണ് ഈ പ്രചാരണം വ്യാപകമായി പ്രചരിച്ചത്. അവർ വ്യക്തമാക്കി.
പിന്നീട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായും ഞങ്ങൾ സംസാരിച്ചു. ഒഴുകുപാറയ്ക്കലിൽ നിലവിലുള്ളത് ഒരു സർക്കാർ എൽപി സ്‌കൂളാണ്. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വൈറൽ പോസ്റ്റിലെ അഞ്ചൽ ഒഴുകുപാറയ്ക്കലിലെ ആ കെട്ടിടത്തിൽ, വർഷങ്ങൾക്ക് മുമ്പ് ഒരു അൺഎയ്‌ഡഡ് സിബിഎസ്ഇ സ്‌കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു. മതിയായ സൗകര്യങ്ങളുടെ അഭാവത്തിൽ സർക്കാർ അഫിലിയേഷൻ ലഭിക്കാത്തതിനെ തുടർന്ന് 2007ൽ ഈ സ്‌കൂൾ പൂട്ടുകയും പിന്നീട് കെട്ടിടത്തിന് പഞ്ചായത്തിന്റെ കൊമേർഷ്യൽ ലൈസെൻസ് ലഭിക്കുകയും ചെയ്തു.
2017 ൽ ഈ കെട്ടിടം സർക്കാരിന്റെ ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റിനായി വാടകയ്ക്ക് നൽകി. ഈ ഔട്‌ലെറ്റ് പിന്നീട് ആയൂരിലേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോൾ 2024 മാർച്ചിലാണ് നിലവിലെ ഷാപ്പ് ഈ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. കുട്ടികൾ പഠിക്കുന്ന സ്‌കൂളിലാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് അവർ പറഞ്ഞു. പ്രചാരണം നുണയാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റും പങ്കുവച്ചിരുന്നു.
ഒരു നുണ കൂടി പൊളിക്കുന്നു.ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറയ്ക്കൽ എന്ന സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ ചിത്തിര തിരുനാൾ ഇന്റർനാഷണൽ പബ്ളിക് സ്കൂൾ എന്ന പേരിൽ ഒരു സിബിഎസ്ഇ സ്കൂൾ പ്രവർത്തിച്ചിരുന്നു. സർക്കാരിൽ നിന്നും അഫിലിയേഷൻ ലഭിക്കാത്തതിനാൽ 2007 ൽ ഈ സ്കൂൾ നിർത്തലാക്കി. വർഷങ്ങൾക്കുശേഷം ഈ കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും കൊമേഷ്യൽ ബിൽഡിംങ് പെർമിറ്റ് എടുക്കുകയും 2017 ൽ ഈ കെട്ടിടം സർക്കാരിന്റെ ബവ്റിജസ് കോർപ്പറേഷന് ഔട്ട്ലറ്റ് വാടകയ്ക്ക് നൽകുകയും ചെയ്തു. 2021 അവസാനം ഈ ഔട്‌ലെറ്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി. അതിനുശേഷം 2024 മാർച്ച് മാസം അവസാനമാണ് നിലവിലെ ഷാപ്പ് അവിടെ പ്രവർത്തനം ആരംഭിച്ചത്. സ്കൂളിലാണ് ഷാപ്പ് പ്രവർത്തിക്കുന്നത് എന്ന പ്രചാരണം നുണയാണെന്നാണ് പോസ്റ്റിൽ മന്ത്രി വ്യക്തമാക്കിയത്.
∙ വസ്തുത
അഞ്ചൽ ഒഴുകുപാറയ്ക്കലിൽ സ്‌കൂളിൽ കള്ള്ഷാപ്പ് പ്രവർത്തിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.