ADVERTISEMENT

ഫെബ്രുവരി 23ന് ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കനത്ത വിജയം നേടിയിരുന്നു. വിജയത്തിന് പിന്നാലെ, സ്റ്റേഡിയത്തിൽ ഗണപതിയെ സ്തുതിക്കുന്ന പാട്ട് പ്ലേ ചെയ്തുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2012ൽ പുറത്തിറങ്ങിയ 'അഗ്നിപഥ്' എന്ന ചിത്രത്തിലെ 'ദേവ ശ്രീ ഗണേശ' എന്ന ഗാനമാണ് പ്രചരിക്കുന്ന ചില വിഡിയോകളിലുള്ളത്. മറ്റു ചിലതിൽ ഗണേശോത്സവത്തിന് ടി-സീരീസ് നിർമ്മിച്ച 'ഗജാനൻ' എന്ന ഗാനവും കേൾക്കാം. ഇന്ത്യ ജയിച്ചതിന്റെ സന്തോഷത്തിൽ പാക്കിസ്ഥാൻകാരുടെ മുന്നിൽ വെച്ച് തന്നെ ഗണേശ ആരതി നടത്തിയെന്നും ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു എന്നും അർഥം വരുന്ന കാര്യങ്ങൾ വിഡിയോയില്‍ എഴുതിയിട്ടുണ്ട്. എന്നാൽ, ഈ വിഡിയോ ദുബായിലെ ഇന്ത്യ-പാക് ചാംപ്യൻസ് ട്രോഫി മത്സരവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

∙ അന്വേഷണം

നിറയെ കാണികളുള്ള ഒരു സ്റ്റേഡിയത്തിന്റെ ആകാശ ദൃശ്യങ്ങളും സ്റ്റേഡിയത്തിൽ ലൈറ്റ് ഷോ ആസ്വദിക്കുന്ന ആളുകളുടെയും ദൃശ്യങ്ങൾ ചേര്‍ത്തുവെച്ചതാണ് ഈ വിഡിയോ. 'India jeetne k khushi pe Ganesh Aarti laga di, Pakistan wale k samne lagai apni Ganesh aarti (Ganesh Aarti was played after India won against Pakistan). India won by 6 wickets. India winner.' എന്നാണ് വിഡിയോയിൽ എഴുതിയിട്ടുള്ളത്.

ganeshsthuthiindiapakistanchampionstrophyviralvideofactcheck-1-

ഇതിന്റെ ആദ്യ ഭാഗത്ത് നിന്നുള്ള കീഫ്രെയിമുകൾ എടുത്ത് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ, ജനുവരി 19ന് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളൊരു വിഡിയോ കണ്ടെത്തി. ഇതിൽ നിന്നും, ആളുകൾ 'ദേവ ശ്രീ ഗണേശ' എന്ന പാട്ട് പാടുന്ന ദൃശ്യങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. അതായത് ചാംപ്യൻസ് ട്രോഫി നടക്കുന്നതിന് മുൻപുള്ളതാണ് ഈ വിഡിയോ.

പ്രസ്തുത വിഡിയോയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും കണ്ടെത്തി. ഇതിൽ പറയുന്നതു പ്രകാരം, വാങ്കഡെ സ്റ്റേഡിയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ചില പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലേസർ ഷോയ്ക്കൊപ്പം സംഗീത സംവിധായകർ അജയ്, അതുൽ എന്നിവരുടെയും ഗായകൻ അവധൂദ് ഗുപ്തെയുടെയും പ്രകടനവുമുണ്ടായി. അജയ്–അതുൽ കൂട്ടുകെട്ടിലുള്ള പാട്ടാണ് 'ദേവ ശ്രീ ഗണേശ'. ഈ ആഘോഷങ്ങളുടെ വേറെയും വിഡിയോകളിൽ ആളുകൾ ഈ ഗാനം ആലപിക്കുന്നുണ്ട്. 

വിഡിയോയുടെ രണ്ടാമത്തെ ഭാഗത്ത് നിന്നുള്ള കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, ഇതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഫെബ്രുവരി 13ന് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ലഭിച്ചു. എന്നാൽ, യഥാർത്ഥ വിഡിയോയിൽ 'മാ തുജേ സലാം' എന്ന പാട്ടാണുള്ളത്. അഹമ്മദാബാദിൽ നിന്നുള്ളതാണ് ഈ വിഡിയോയെന്ന് പോസ്റ്റിൽ പറയുന്നുണ്ട്.

വിഡിയോയിലുള്ള സ്റ്റേഡിയത്തിലെ സ്കോർബോർഡിൽ 'ENG' എന്ന് എഴുതിയിരിക്കുന്നതായി വിഡിയോയിൽ കാണാം. ഈ സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ഫെബ്രുവരി 12ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിൽ നിന്നുള്ളതാണ് ഈ വിഡിയോ എന്ന് കണ്ടെത്തി. മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ സ്കോർ 175/8 എന്ന നിലയിലായിരുന്നപ്പോഴുള്ള ഭാഗമാണ് വിഡിയോയിലെ സ്കോർബോർഡിൽ കാണുന്നത്.

ഇതിൽ നിന്നും, പ്രചരിക്കുന്ന വിഡിയോകള്‍ ഇന്ത്യ-പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരത്തിന് മുൻപുള്ളതാണെന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം

ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിച്ചതിന് പിന്നാലെ സ്റ്റേഡിയത്തിൽ ഗണപതിയെ സ്തുതിക്കുന്ന പാട്ട് പ്ലേ ചെയ്തുവെന്ന പ്രചാരണം വ്യാജമാണ്. വാങ്ക‍ഡെ സ്റ്റേഡിയത്തിൽ നിന്നും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും ഉള്ള പഴയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A compilation of unrelated old footages from different cricket matches mixed with Ganesh sthuthi is viral as from Dubai Champions Trophy India-Pakistan match.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com