'ഇലോണ്‍ മസ്‌കിന്റെ കാൽപാദം ചുംബിച്ച് ട്രംപ്'! | വാസ്തവമറിയാം | Fact Check

Mail This Article
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇലോണ്‍ മസ്‌കിന്റെ കാൽപാദം ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘മസ്‌കിന്റെ കാല്‍വിരലില്‍ ചുംബിച്ച് ട്രംപ്’ എന്നുതുടങ്ങുന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വാര്‍ത്താ പോസ്റ്റിന്റേതെന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചാരണം . എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വിഡിയോയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയിൽ നിന്നുള്ള സ്ക്രീന്‍ഷോട്ടാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
∙ അന്വേഷണം
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍നിന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ചാനലിന്റെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചതോടെ യഥാർഥ പോസ്റ്റ് കണ്ടെത്തി. 'മസ്‌കിന്റെ കാൽ വിരലിൽ ചുംബിച്ച് ട്രംപ്'; യുഎസ് സർക്കാർ സ്ഥാപനത്തിൽ പ്രദർശിപ്പിച്ച എഐ വിഡിയോ വൈറൽ, വിവാദം’ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവച്ച പോസ്റ്റിലെ ലിങ്കിനകത്ത് നല്‍കിയിരിക്കുന്ന യഥാര്‍ഥ തലക്കെട്ട്. എന്നാല്‍ ഇതിലെ ആദ്യഭാഗം മാത്രമാണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ കാണാനാകുന്നത്. 2025 ഫെബ്രുവരി 25 ന് വൈകിട്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്കില്‍ ലിങ്കുകള്‍ പങ്കുവയ്ക്കുമ്പോള്‍ അതിന്റെ തലക്കെട്ട് പൂര്‍ണമായും കാണാത്തതാണ് തെറ്റായരീതിയില്‍ സ്ക്രീന്‍ഷോട്ട് പ്രചരിക്കാന്‍ കാരണമായതെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ലിങ്കില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും പരിശോധിച്ചു.
അമേരിക്കയിലെ ഒരു സര്‍ക്കാര്‍ ഓഫീസിലെ ടെലിവിഷനുകള്‍ ഹാക്ക് ചെയ്താണ് നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഈ വിഡിയോ പ്ലേ ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭവനകാര്യ വകുപ്പിന്റെ ഓഫീസിലാണ് സംഭവമുണ്ടായതെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍മിതബുദ്ധി സങ്കേതങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വിഡിയോ നേരത്തെയും പ്രചരിച്ചതായും എന്നാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ടെലിവിഷന്‍ സ്ക്രീന്‍ ഹാക്ക് ചെയ്ത് വിഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത് ആദ്യമായാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വാസ്തവം
ഇലോണ്‍ മസ്‌കിന്റെ കാൽപാദത്തില്‍ ചുംബിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിത വിഡിയോയില്‍നിന്നുള്ളതാണ്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)