ലഹരി ഉപയോഗത്തിനെതിരെ ഡിജിപിയുടെ പേരിൽ വ്യാജ സന്ദേശം | Fact Check
.jpg?w=1120&h=583)
Mail This Article
ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ജനങ്ങൾക്ക് നേരിട്ട് ഡിജിപിയോട് പരാതിപ്പെടാം എന്നൊരു അറിയിപ്പ് വാട്സാപ്പ് സന്ദേശങ്ങളായും സമൂഹമാധ്യമ പോസ്റ്റുകളായും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരിട്ട് വിളിച്ചോ വാട്സാപ്പ് വഴി സന്ദേശമയച്ചോ പരാതികൾ നൽകാനുള്ള ഫോൺ നമ്പറുകള്‍ ഉൾപ്പെടെയാണ് സന്ദേശം പ്രചരിക്കുന്നത്. ഒപ്പം, ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ ചിത്രവുമുണ്ട്. എന്നാൽ, ഇത് വ്യാജ സന്ദേശമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
പോസ്റ്റിന്റെ ആര്‍ക്കൈവ് ലിങ്ക്.

∙ അന്വേഷണം
പൊതുജന താൽപര്യം മാനിച്ചുള്ള നടപടിയാണെന്നാണ് പല പോസ്റ്റുകളിലെയും അവകാശവാദം. പ്രചരിക്കുന്ന അറിയിപ്പിന്റെ ഉള്ളടക്കം ഇപ്രകാരമാണ്, ലഹരി ഉപയോഗം: പരാതി അറിയിക്കാൻ നമ്പർ മടിക്കരുത്. Landline: 0471-2721601 MOBILE: 9497999999 ഡിജിപി കേരള, (പൊതുജനങ്ങൾക്ക്) നേരിട്ട്, ഫോൺ കോൾ, വാട്സ്ആപ്പ്, വഴി (പരാതി അറിയിക്കാം).
ഡിജിപി ഇത്തരത്തിലൊരു അറിയിപ്പ് നൽകിയിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. 'ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം' എന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് ഏതാനും ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം' എന്നും അദ്ദേഹം പറഞ്ഞതായി വാർത്തയിലുണ്ട്.
അറിയിപ്പിൽ നൽകിയിട്ടുള്ള നമ്പറുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇവ ഡിജിപിയുടെ ഓഫീസ്–മൊബൈല്‍ നമ്പറുകളാണെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് കണ്ടെത്തി. എന്നാൽ, ലഹരി ഉപയോഗത്തിനെതിരെ തന്നെ നേരിട്ട് ബന്ധപ്പെടാമെന്നോ, അതിനായി ഈ നമ്പറുകൾ പങ്കുവച്ചതായോ എങ്ങും കണ്ടെത്തിയില്ല.
ഇത്തരം ഔദ്യോഗിക അറിയിപ്പുകളുണ്ടെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സജീവമാണ് കേരള പൊലീസ്. കൂടുതൽ വിവരങ്ങൾക്ക്, ഇവരുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചു. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൊലീസിന്റെ പോസ്റ്റ് കണ്ടെത്തി. ഇത്തരത്തിൽ, പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും ഇവരുടെ പോസ്റ്റിൽ പറയുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിനെ വിവരം അറിയിക്കാൻ യഥാർഥത്തിൽ ഒരു നമ്പറുണ്ട്– 9995966666. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി സംസ്ഥാന പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയതാണ് ഈ നമ്പർ. ഇതിലേക്ക് വിവരങ്ങൾ വാട്സാപ്പ് ചെയ്യാവുന്നതാണ്.
∙ വാസ്തവം
ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ജനങ്ങൾക്ക് നേരിട്ട് ഡിജിപിയോട് പരാതിപ്പെടാം എന്ന അവകാശവാദവുമായി പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിനെ 9995966666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്ത് വിവരം അറിയിക്കാവുന്നതാണ്.