'ഗെറ്റ് ഔട്ട് സ്റ്റാലിൻ'! ഇത് സ്റ്റാലിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥിനികളോ? | Fact Check

Mail This Article
തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം നടക്കുകയാണ്. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയും സംസ്ഥാനത്തെ ബിജെപിയും തമ്മിലാണ് വാഗ്വാദം നടക്കുന്നത്. ഇതിനിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൽ പ്രസംഗത്തിൽ ഉപയോഗിച്ച 'ഗെറ്റ് ഔട്ട് മോദി' എന്ന പ്രയോഗം തിരിച്ചടിച്ച് 'ഗെറ്റ് ഔട്ട് സ്റ്റാലിൻ' എന്നാക്കി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ മറുപടി നൽകിയിരുന്നു. ഇതിന് ശേഷം 'ഗെറ്റ് ഔട്ട് സ്റ്റാലിൻ' എന്ന പേരിൽ ക്യാമ്പൈൻ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ മുദ്രാവാക്യം എഴുതിയ പോസ്റ്ററുമായി സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റുകളിലുള്ള ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്.
∙ അന്വേഷണം
"All Indians are brothers and sisters. Stop North vs South Divide. #GetOutStalin" എന്നെഴുതിയ പോസ്റ്ററുമായി നിൽക്കുന്ന പെൺകുട്ടികളുടെ ചിത്രം "ഞങ്ങൾ എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണ് വടക്ക് - തെക്ക് എന്ന് പറഞ്ഞ് രാഷ്ട്രീയം കളികുന്ന സ്റ്റാലിൻ പുറത്തുപോവുക ഇന്ന് Twitter റിൽ വൈറലായ വിദ്യാത്ഥികളുടെ ഫോട്ടോ" എന്ന കുറിപ്പോടെ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം.

വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വിദ്യാർത്ഥികളുടെ കണ്ണുകൾക്ക് പ്രത്യേകതയുള്ളതായി ശ്രദ്ധയിൽപ്പെട്ടു. കണ്ണുകളുടെ അലൈൻമെന്റും രൂപവും അസാധാരണമാണ്. ഇത് കൂടാതെ പോസ്റ്ററുകൾ പിടിച്ചിരിക്കുന്ന കൈകളിൽ ചിലതിലെ വിരലുകളുടെ എണ്ണം, വലിപ്പം എന്നിവയും ഫോട്ടോ കൃത്രിമമാണെന്ന സൂചന നൽകി. ചിത്രത്തിൽ വലത് ഭാഗത്തായി പോസ്റ്ററിൽ കയറി നിൽക്കുന്ന രീതിയിലാണ് കൈപ്പത്തിയുള്ളത്. ഈ ഘടകങ്ങളിൽ നിന്നും ചിത്രം എഐ ജനറേറ്റഡ് ആയിരിക്കാമെന്ന സൂചന ലഭിച്ചു. ചിത്രത്തിലെ അസാധാരണത്വം വെളിപ്പെടുത്തുന്ന ഘടകങ്ങൾ വ്യക്തമാക്കുന്ന ചിത്രം ചുവടെ കാണാം.

പ്രചരിക്കുന്ന ചിത്രത്തിന് താഴെയായി 'GROK' എന്നെഴുതിയ ഒരു വാട്ടർമാർക്കും കാണാം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലൂടെ ഗ്രുക്ക് എന്നത് ഒരു എഐ ടൂൾ ആണെന്ന് മനസിലാക്കാനായി. എക്സ്എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്രുക് നിർമ്മിച്ചിരിക്കുന്നത്. ടെസ്ല, സ്പേസ്എക്സ് എന്നിവയുടെ സിഇഒ ആയ ഇലോൺ മസ്ക് തന്നെയാണ് എക്സ്എഐയുടെയും തലവൻ. ഗ്രുകിനെ കുറിച്ചുള്ള വിവരങ്ങൾ എക്സ്എഐയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
വൈറൽ ചിത്രം എഐ ജനറേറ്റഡ് ആണെന്ന് ഉറപ്പിക്കുന്നതിനായി ഞങ്ങൾ ഹൈവ് മോഡറേഷൻ എന്ന ടൂളാണ് ഉപയോഗിച്ചത്. ചിത്രത്തിൽ 87.1 ശതമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റഡോ ഡീപ് ഫേക്കോ ഉപയോഗിച്ച് നിർമിച്ച കണ്ടന്റാണെന്ന കാര്യം ഹൈവ് മോഡറേഷൻ ഉറപ്പിച്ചു. റിസൾട്ടിന്റെ സ്ക്രീൻഷോട്ട് കാണാം.

വൈറൽ ചിത്രം എഐ ജനറേറ്റഡ് ആണെന്ന് ഉറപ്പിക്കുന്നതിനായി ഞങ്ങൾ ഹൈവ് മോഡറേഷൻ എന്ന ടൂളാണ് ഉപയോഗിച്ചത്. ചിത്രത്തിൽ 87.1 ശതമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റഡോ ഡീപ് ഫേക്കോ ഉപയോഗിച്ച് നിർമിച്ച കണ്ടന്റാണെന്ന കാര്യം ഹൈവ് മോഡറേഷൻ ഉറപ്പിച്ചു. റിസൾട്ടിന്റെ സ്ക്രീൻഷോട്ട് കാണാം.
സ്റ്റാലിനെതിരായി സ്കൂൾ വിദ്യാർത്ഥികളുടെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഞങ്ങൾ പരിശോധിച്ചു. ഇത്തരം സംഭവങ്ങളൊന്നും നടന്നതായി റിപ്പോർട്ടുകളില്ല. ലഭ്യമായ വിവരങ്ങളിൽ നിന്നും ഗെറ്റ് ഔട്ട് സ്റ്റാലിൻ എന്നെഴുതിയ പോസ്റ്ററുമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ എന്ന രീതിയിൽ പ്രചരിക്കുന്നത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണെന്ന് വ്യക്തമായി.
∙ വാസ്തവം
വൈറൽ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണ്. ഗ്രുക്ക് എന്ന എഐ ടൂൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)