സ്‌നാനത്തിനിടെ ചുംബനം; ദമ്പതികളുടെ വിഡിയോ മഹാകുംഭമേളയില്‍ നിന്നുള്ളതല്ല | Fact Check

Mail This Article
ഉത്തര്‍പ്രദേശിലെപ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. കുംഭമേളയില്‍ നിന്നുള്ള ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്‌നാനത്തിനിടെ പരസ്പരം ചേര്‍ന്നു നിന്ന് ചുംബിക്കുന്ന രണ്ട്‌പേരും അവരെ മര്‍ദ്ദിക്കുന്ന ചിലയാളുകളുമാണ് ദൃശ്യത്തിലുള്ളത്. പശ്ചാത്തലത്തില്‍ മഹാകുംഭമേളയെപ്പറ്റിയുള്ള ഗാനവും കേള്‍ക്കാം.എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിഡിയോ മഹാകുംഭമേളയില്‍ നിന്നുള്ളതല്ല, 2022 ജൂണില്‍ അയോധ്യയിലെ സരയു നദിയില്‍ നിന്ന് പകര്‍ത്തിയതാണ്.
∙ അന്വേഷണം
"എന്തോന്നാ ഇതൊക്കെ പറയിപ്പിക്കാന്‍" എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

വൈറല്‍ വിഡിയോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടുകള്‍ 2022ല്‍ നിരവധി മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2022 ജൂണ്‍ 23ന് എബിപി ലൈവ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വിഡിയോ അയോധ്യയിലെ സരയൂ നദിയില്‍ നിന്ന് പകര്‍ത്തിയതാണ്. സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സരയു നദിയിലെ രാം കി പൗഡി ഘട്ടിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അയോധ്യ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് കാണാം.

സമാനമായ വാര്‍ത്ത എന്‍ഡിടിവി, ദി ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. 2022 ജൂണ്‍ 22ന് ഒരു എക്‌സ് യൂസര്‍ ഈ വിഡിയോ ഷെയര്‍ ചെയ്തപ്പോള്‍ അയോധ്യാ പൊലീസ് നല്‍കിയ മറുപടിയും വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അയോധ്യ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സ്വമേധയാ കേസെടുത്തെന്നും പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസിന്റെ വിശദീകരണത്തിലുണ്ട്
സരയു നദിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അയോധ്യയിലെ ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് 2022 ജൂണ്‍ 24ന് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നയാഘട്ട് പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ഡി.കെ.മിശ്രയാണ് അജ്ഞാതര്‍ക്കെതിരെ IPC 147, 323, 504 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ജൂണ്‍ 22നാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ തീയതി അന്വേഷിച്ചുവരികയാണെന്നും ദമ്പതികള്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അയോധ്യയ്ക്ക് പുറത്തുള്ള തീര്‍ഥാടകരായിരിക്കാം എന്ന് സംശയിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അതേസമയം, ഈ കേസിന്റെ തുടര്‍ നടപടികളെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ വിവരം ലഭ്യമായില്ല. എന്നിരുന്നാലും ഈ വിഡിയോ പ്രയാഗ്‌രാജില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാനാകും.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന വിഡിയോ മഹാകുംഭമേളയില്‍ നിന്നുള്ളതല്ലെന്നും 2022 ജൂണില്‍ അയോധ്യയിലെ സരയു നദിയില്‍ നടന്ന സംഭവമാണെന്നും വ്യക്തമായി.
∙ വസ്തുത
വൈറല്‍ വിഡിയോ മഹാകുംഭമേളയില്‍ നിന്നുള്ളതല്ല. 2022 ജൂണില്‍ അയോധ്യയിലെ സരയു നദിയില്‍ നടന്ന സംഭവമാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)