'പാക്കിസ്ഥാനിൽ ഇന്ത്യൻ പതാകയേന്തി അഫ്ഗാൻ ക്രിക്കറ്റ് ടീമംഗം' | പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
2025 ഫെബ്രുവരി 26ന് പാക്കിസ്ഥാനില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ശേഷം സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താൻ ടീമംഗം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിക്കാണിച്ചുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഫ്ഗാൻ ടീമംഗം എന്ന് തോന്നിപ്പിക്കുന്ന ഒരാൾ അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ മുന്നിൽ ഇന്ത്യൻ പതാക പിടിച്ചുനിൽക്കുന്നതായി ചിത്രത്തിൽ കാണാം. എന്നാൽ, ഇത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
ഹിന്ദിയിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ മലയാള പരിഭാഷ ഇപ്രകാരമാണ് "ഇംഗ്ലണ്ടിനെതിരെ വിജയിച്ചതിനുശേഷം 'അഫ്ഗാനിസ്താൻ' ടീം. 'ഇന്ത്യൻ' പതാക പാക്കിസ്ഥാൻ മൈതാനത്ത് ഉയർത്തി! ഇത് കണ്ട് പാക്കിസ്ഥാനിലെ മുഴുവൻ ജനതയും ക്ഷുഭിതരായി."
റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോള്‍, പ്രസ്തുത ചിത്രത്തിന്റെ ഫ്രെയിം തുടക്കത്തിൽ വരുന്ന ഒരു വിഡിയോ ടിക് ടോക്കിൽ കണ്ടെത്തി. രംഗം സമാനമാണെങ്കിലും ഇതിൽ പതാക കാണുന്നില്ല. പകരം എതിരെ വരുന്നയാളെ കൈകളുയർത്തി ആലിംഗനം ചെയ്യാൻ പോകുന്നതായാണ് വിഡിയോയിൽ കാണുന്നത്. ഇതിൽ നിന്ന് ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് അന്ന് നടന്ന അഫ്ഗാനിസ്താൻ–ഇംഗ്ലണ്ട് മത്സരത്തിന്റെ വിഡിയോ ഹോട്സ്റ്റാറിൽ പരിശോധിച്ചു. ഇംഗ്ലണ്ടിനെതിരെ ജയിച്ച ശേഷം, അഫ്ഗാൻ ടീമിനെ മറ്റ് ടിമംഗങ്ങളും ഒഫീഷ്യലുകളും അഭിനന്ദിക്കാൻ ഗ്രൗണ്ടിലേക്ക് എത്തിയ സമയത്ത് എടുത്ത ചിത്രമാണിതെന്ന് വ്യക്തമായി. ഇതിൽ വെറും കൈയ്യോടെയാണ് അവർ ഉള്ളത്.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ പതാക പിടിക്കുന്നതിൽ അപാകതയുള്ളതായി ശ്രദ്ധയിൽപ്പെട്ടു. കൂടാതെ, ഇത്തരത്തിലൊരു സംഭവം നടന്നതായി റിപ്പോർട്ടുകളും കണ്ടെത്തിയില്ല.

ഇതിൽ നിന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ചാംപ്യൻസ് ട്രോഫി മത്സത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ശേഷം പാക്കിസ്ഥാനിൽ അഫ്‌ഗാൻ ക്രിക്കറ്റ് ടീമംഗം ഇന്ത്യൻ പതാകയേന്തി എന്നത് തെറ്റായ അവകാശവാദമാണ്. എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്സ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)