ട്രംപ്–സെലെൻസ്‍കി കൂടിക്കാഴ്ചയ്ക്കൊടുവിൽ വാക്ക് തർക്കം, കൈയ്യേറ്റം! വിഡിയോയുടെ വാസ്തവമിതാണ് | Fact Check
.jpg?w=1120&h=583)
Mail This Article
ലോകം കണ്ടുനിന്ന ചൂടേറിയ ചർച്ചയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഓവൽ ഓഫീസിൽ നടന്നത്. ഈ ചർച്ചയ്ക്കൊടുവിൽ ഇരുവരും തമ്മില്‍ കൈയ്യേറ്റമുണ്ടായി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസിനെയും വിഡിയോയിൽ കാണാം. എന്നാൽ, പ്രചരിക്കുന്നത് എഐ നിർമിത വിഡിയോയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
'The meeting between Zelensky and Trump concludes' എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. അഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമേ ഈ വിഡിയോയ്ക്കുള്ളു. സംസാരിക്കുന്നതിനിടെ സെലെൻസ്‍കി ട്രംപിന്റെ കൈകളിൽ കയറി പിടിക്കുന്നതും, ട്രംപും വാൻസും അതിനെ പ്രതിരോധിക്കുന്നതും, ഒടുവിൽ മൂവരും കൈയ്യേറ്റത്തിലേക്ക് മാറുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഇവരുടെ ചർച്ചയ്ക്കിടെ വാക്കേറ്റമുണ്ടായതും, ചർച്ച അലസിപ്പിരിഞ്ഞതും വാർത്തയായിരുന്നു. എന്നാൽ, ഇത്തരത്തിൽ കൈയ്യേറ്റമുണ്ടായിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രചരിക്കുന്ന വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, വിഡിയോയിലുള്ള മൂന്നു പേരുടെ മുഖങ്ങൾക്കോ മുഖ ഭാവങ്ങൾക്കോ വ്യക്തത കുറവുണ്ട്. ചലനങ്ങളിലും അസ്വാഭാവികതയുള്ളതായി ശ്രദ്ധയിൽപ്പെട്ടു. കൂടാതെ, വിഡിയോയുടെ മുകളില്‍, വലത് ഭാഗത്തായി 'satire' എന്ന് എഴുതിയിട്ടുണ്ട്. തുടർന്ന് അന്വേഷിച്ചപ്പോൾ, ഇത്തരം നർമ്മ/പരിഹാസ വിഡിയോകള്‍ സൃഷ്ടിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാറുള്ള @the_fauxy എന്ന എക്സ് അക്കൗണ്ടിൽ നിന്നും ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഇവരുടെ ലോഗോയാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളതും. ഇതിൽ നിന്നും പ്രചരിക്കുന്നത് യഥാർഥ സംഭവത്തിന്റെ ദൃശ്യങ്ങളല്ല എന്ന് സ്ഥിരീകരിച്ചു.
സമാനമായി വേറെയും ദൃശ്യങ്ങളും ട്രോളുകളും ഇതേ വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
∙ വാസ്തവം
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനൊടുവിൽ ഇരുവരും തമ്മില്‍ കൈയ്യേറ്റമുണ്ടായി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമിത വിഡിയോയാണ്.