ADVERTISEMENT

ഭിന്നശേഷിക്കാരനായ വൃദ്ധനെ റോഡിൽ ഒരാൾ വച്ച് ഉപദ്രവിക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന സൈക്കിളിൽ സഞ്ചരിക്കുന്ന ആളിന്റെ തലയിലെ മുസ്‌ലിം തൊപ്പി തട്ടിപ്പറിക്കുകയും അയാളുടെ സൈക്കിളിൽ ചവിട്ടുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം. ജാർഖണ്ഡിൽ വച്ച് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നും മുസ്‌ലിം ആയതിനാലാണ് ഭിന്നശേഷിക്കാരൻ അക്രമിക്കപ്പെട്ടതെന്നുമുള്ള രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുക്ലേസുർ അലി എന്ന യൂട്യൂബർ തയ്യാറാക്കിയ വിഡിയോയാണിത്.

∙ അന്വേഷണം

"ചവിട്ടുന്ന മൃഗത്തിന് ചവിട്ട് കൊള്ളുന്ന വികലാംഗനായ മനുഷ്യനോട് മുൻ പരിചയമോ മുൻ വൈരാഗ്യമോ ഇല്ല. ഒരുപക്ഷെ അയാളുടെ തൊപ്പിയും താടിയും മാത്രമായിരിക്കും വേഷം കൊണ്ട് ആളെ തിരിച്ചറിയാം എന്ന് പ്രഖ്യാപിച്ചവന്റെ അനുയായിയുടെ പ്രശ്നം #ജാർഖണ്ഡ്" എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ കാണാം.

image_1_3

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് മുക്ലേസുർ ഭായ്ജാൻ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വിഡിയോയുടെ പൂർണ രൂപം പരിശോധിച്ചപ്പോൾ ഇതിൽ ചില അസ്വാഭാവികതകൾ ഉള്ളതായി അനുഭവപ്പെട്ടു. വൃദ്ധനെ ഉപദ്രവിക്കുന്ന ആളുടെ വണ്ടി ജാർഖണ്ഡ് രജിട്രേഷൻ ആണെങ്കിലും വിഡിയോയിലുള്ള മറ്റുവണ്ടികളെല്ലാം പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ളതാണ്. വിഡിയോയിൽ കാണുന്ന ആളുകൾ സംസാരിക്കുന്നത് ബംഗാളി ഭാഷയാണ്. വിഡിയോയുടെ പൂർണ രൂപം കാണാം.

പിന്നീട് ഞങ്ങൾ മുക്ലേസുർ ഭായ്ജാൻ എന്ന യൂട്യൂബ് ചാനലിന്റെ വിവരങ്ങൾ പരിശോധിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള മുക്ലേസുർ അലി എന്നയാളുടെ യൂട്യൂബ് ചാനലാണിത്. ഫെയ്‌സ്ബുക്കിലും സമാന വിഡിയോ മുക്ലേസുർ അലി പങ്കുവച്ചിട്ടുണ്ട് യൂട്യൂബ് ചാനലിന്റെ എബൗട്ട് വിഭാഗം പരിശോധിച്ചതിൽ നിന്നും സ്ക്രിപ്റ്റഡ് വിഡിയോകൾ പങ്കുവയ്ക്കുന്ന ചാനലാണ് ഇതെന്ന് വ്യക്തമായി. ബൈക്ക് റൈഡിങ് വിഡിയോകളും സുരക്ഷയുമായി ബന്ധപ്പെട്ട സ്ക്രിപ്റ്റഡ് വിഡിയോകളുമാണ് ചാനലിൽ പങ്കുവയ്ക്കുന്നതെന്ന് എബൗട്ട് സെക്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 

image_2_3

മുക്ലേസുർ ഭായ്ജാൻ എന്ന യൂട്യൂബ് ചാനലിലെ മറ്റ് വിഡിയോകളും ഞങ്ങൾ പരിശോധിച്ചു. വൈറൽ വിഡിയോയിലുള്ള അതേ വൃദ്ധനെ മറ്റ് ചില വിഡിയോകളിലും കാണാം. ഭിന്നശേഷിക്കാരനല്ലാത്ത രീതിയിലാണ് ഈ വ്യക്തി മറ്റ് വിഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്. സൈക്കിളിൽ മുട്ടകളുമായി പോകുന്നയാളായി ഇതേ വ്യക്തി അഭിനയിച്ച വിഡിയോയും ഇദ്ദേഹത്തെ ബൊലാറോ വാഹനത്തിന്റെ ഡോറിന് വെളിയിൽ കഴുത്തിന് പിടിച്ച് നിർത്തി വാഹനം ഓടിക്കുന്ന വിഡിയോയും യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമായി മുക്ലേസുർ അലി പങ്കുവച്ചിട്ടുണ്ട്. യൂട്യൂബ് വിഡിയോ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും ജാർഖണ്ഡിൽ മുസ്‌ലിം മതസ്ഥനായ ഭിന്നശേഷിക്കാരനെ അക്രമിക്കുന്ന വിഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് മുക്ലേസുർ അലി എന്ന യൂട്യൂബർ നിർമ്മിച്ച സ്ക്രിപ്റ്റഡ് വിഡിയോയാണെന്ന് വ്യക്തമായി.

∙ വാസ്തവം

വൈറൽ വിഡിയോ സ്ക്രിപ്റ്റഡ് ആണ്. പശ്ചിമബംഗാളിലെ മുക്ലേസുർ അലി എന്ന യൂട്യൂബർ നിർമ്മിച്ച വിഡിയോയാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A viral video depicting violence against a disabled Muslim man in Jharkhand is revealed to be a scripted video created by YouTuber Muklesur Ali

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com