'ലഹരി സംഘങ്ങൾക്ക് മുസ്‌ലിം ലീഗ് സംരക്ഷണം' എന്ന തലക്കെട്ടോടെ മനോരമ ഓൺലൈനിന്റെ പേരിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജം | Fact Check

Mail This Article
മനോരമ ഓൺലൈനിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേതെന്ന അവകാശവാദത്തോടെയുള്ള വാചകങ്ങളുമായി ഒരു വാർത്താ കാർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളം വലിയ ഭീതിയിൽ. ലഹരി സംഘങ്ങൾക്ക് മുസ്‌ലിം ലീഗ് സംരക്ഷണം: വി.ഡി.സതീശൻ എന്ന തലക്കെട്ടോടെയുള്ള വാർത്താ കാർഡാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
∙ അന്വേഷണം
2025 മാർച്ച് ഒന്നാം തീയതി എന്നാണ് പ്രചരിക്കുന്ന വൈറൽ കാർഡിൽ തീയതി നൽകിയിരിക്കുന്നത്. ഇതേ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്താ കാർഡുകൾ പരിശോധിച്ചു. എന്നാൽ ഇത്തരത്തിലൊരു കാർഡ് എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല.
എന്നാൽ മാർച്ച് ഒന്നിന് ഞങ്ങൾ പ്രസിദ്ധീകരിച്ച എല്ലായിടത്തും ലഹരിപ്പാർട്ടി, നടത്തുന്നത് വമ്പന്മാർ; ലഹരി മാഫിയയ്ക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞതായുള്ള വാർത്താ റിപ്പോർട്ടുമായി ബന്ധപ്പെട്ട, വൈറൽ കാർഡിന് സമാനമായ തലക്കെട്ടോടെയുള്ള ഞങ്ങളുടെ തന്നെ മറ്റൊരു സമൂഹമാധ്യമ കാർഡ് ലഭിച്ചു.
എന്നാൽ 'കേരളം വലിയ ഭീതിയിൽ. ലഹരി സംഘങ്ങൾക്ക് സിപിഎം സംരക്ഷണ' മെന്നാണ് മനോരമ ഓൺലൈൻ പോസ്റ്റ് ചെയ്ത ഈ വാർത്താ കാർഡിലുള്ളത്. ഇതേ വാർത്താ കാർഡിലെ സിപിഎം എന്ന് വാക്ക് എഡിറ്റ് ചെയ്ത് മുസ്‌ലിം ലീഗ് എന്ന് ചേർത്താണ് വൈറൽ കാർഡ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയെന്നും പൊലീസിനോ എക്സൈസിനോ ഇത്തരം കാര്യങ്ങളിൽ നിയന്ത്രണമില്ലെന്നും അപകടകരമാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതായാണ് മനോരമ ഓൺലൈനിന്റെ യഥാർഥ വാർത്താ കാർഡുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ലഹരി, അക്രമ മാഫിയയ്ക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ടെന്നും സതീശൻ ആരോപിച്ചിരുന്നു.
∙ വസ്തുത
ലഹരി സംഘങ്ങൾക്ക് മുസ്‌ലിം ലീഗ് സംരക്ഷണം എന്ന് വി.ഡി.സതീശൻ പറഞ്ഞെന്ന തലക്കെട്ടോടെ മനോരമ ഓൺലൈനിന്റെ പേരിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണ്.