'ഈ അഞ്ചു വയസുകാരൻ തലശ്ശേരി ആർഎസ്എസ് ശാഖ മുഖ്യശിക്ഷക്'! ഉത്തരേന്ത്യയിലെ വൈറൽ പ്രചാരണത്തിന്റെ വാസ്തവമറിയാം | Fact Check

Mail This Article
തലശ്ശേരി പാനൂരിലെ ആർഎസ്എസിന്റെ ബാലശാഖ മുഖ്യശിക്ഷക് എന്ന അവകാശവാദവുമായി ഒരു കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീപ്പന്തമുള്ള വടി ചുഴറ്റി മെയ്‌വഴക്കത്തോടെ അനായാസം അഭ്യാസം കാണിക്കുന്ന ഒരാൺകുട്ടിയാണ് വിഡിയോയിലുള്ളത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം.
∙ അന്വേഷണം
അവൻ കാർത്തിക് . അഞ്ച് വയസ്, കേരളത്തിലെ കണ്ണൂരിലെ ആർ.എസ്.എസ് ബാല ശാഖയുടെ പ്രധാന അധ്യാപകൻ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ ആരവ് .എ.ജെ എന്ന ഇൻസ്റ്റഗ്രാം പേജിൽ വൈറൽ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. പേജിലെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ വിഡിയോയിലുള്ള കുട്ടിയുടെ പേര് എ.ജെ.ആരവ് എന്നാണെന്നും ചെന്നൈ സ്വദേശിയാണെന്നും ചിലമ്പാട്ടം ചാമ്പ്യനാണെന്നും വ്യക്തമായി. ഇത്തരത്തിലുള്ള, കുട്ടിയുടെ മറ്റ് ചിലമ്പാട്ടം പ്രകടനങ്ങളുടെ വിഡിയോകളും പേജിലുണ്ട്.
തീ ഉപയോഗിച്ച് ആരവ് നടത്തുന്ന ചിലമ്പാട്ട പരിശീലന ത്തിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോയും പേജിലുണ്ട്.
2024 ജനുവരി 7നാണ് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്. വെള്ളമടങ്ങുന്ന ഗ്ലാസ് വച്ച് കറക്കിയുള്ള മറ്റൊരു പ്രകടനവും വൈറൽ വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ മുൻപും ഇതേ ദൃശ്യങ്ങൾ ആരവിന്റെ പേജിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
കുട്ടിയുടെ കൂടുതൽ വിഡിയോകൾ പരിശോധിച്ചപ്പോൾ മറ്റൊരു ഇൻസ്റ്റഗ്രാം പേജിലും ആരവിന്റെ വിഡിയോകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. stickman_silambam_academy എന്ന പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരവിനൊപ്പം അവിടെ പരിശീലനം നടത്തുന്ന മറ്റ് കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ വിശദവിവരങ്ങൾക്കായി പേജിലുള്ള കോൺടാക്ട് നമ്പറിൽ ഞങ്ങൾ ചിലമ്പാട്ടം അക്കാദമി അധികൃതരുമായി സംസാരിച്ചു. നാല് വയസ് മുതൽ അക്കാദമിയിൽ പരിശീലനം നടത്തുന്ന കുട്ടിയാണ് ആരവ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുട്ടിയുടെ വിഡിയോകൾക്കൊന്നിനും തന്നെ രാഷ്ട്രീയപരമായ ഒരു പശ്ചാത്തലവുമില്ല. പ്രചരിക്കുന്ന പോസ്റ്റുകളിലെ ആരോപണങ്ങൾ പൂർണമായും തെറ്റാണ്.അവർ വ്യക്തമാക്കി.
ഇതിൽ നിന്ന് തലശേരി പാനൂരിലെ ആർഎസ്എസിന്റെ ബാലശാഖ മുഖ്യശിക്ഷക് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന കുട്ടിയുടെ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യതമായി. മുൻപും ഈ കുട്ടിയുടെ പേരിൽ സമാന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
∙ വസ്തുത
തലശേരി പാനൂരിലെ ആർഎസ്എസിന്റെ ബാലശാഖ മുഖ്യശിക്ഷക് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന കുട്ടിയുടെ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിലമ്പാട്ടത്തിലൂടെ ശ്രദ്ധേയനായ ആരവ് എജെ എന്ന ചെന്നൈ സ്വദേശിയായ കുട്ടിയാണ് വിഡിയോയിലുള്ളത്.