'ഛാവയ്ക്ക് കേരളത്തിൽ പ്രദർശനമില്ല'! പ്രചാരണത്തിന്റെ സത്യമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
2025 ഫെബ്രുവരി 14നാണ് വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ‘ഛാവ’ എന്ന ചലചിത്രം റിലീസായത്. എന്നാൽ, കേരളത്തിലെ തിയേറ്ററുകളിൽ ഛാവ പ്രദർശിപ്പിക്കുന്നില്ലെന്ന അവകാശവാദം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് ഭയന്നാണ് ചലചിത്രം പ്രദർശിപ്പിക്കാത്തതെന്നും അവകാശവാദത്തോടൊപ്പം പോസ്റ്റുകളിൽ ചോദിക്കുന്നു. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്
∙ അന്വേഷണം
ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ഛാവയിൽ പറയുന്നത്. 'ഛാവയ്ക്ക് എന്ത് കൊണ്ടാണ് കേരളത്തിൽ പ്രദർശനമില്ലാത്തത്? വൻ വിജയം നേടി രാജ്യത്തെങ്ങും പ്രദർശിപ്പിക്കുന്ന ഈ സിനിമയെ ആരാണ് ഭയപ്പെടുന്നത് ?' എന്നാണ് പ്രചരിക്കുന്ന അവകാശവാദം. പാഠപുസ്തകത്തിൽ പറയുന്ന കള്ളം തെളിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രദർശിപ്പിക്കാത്തതിന് കാരണമായി ചില പോസ്റ്റിൽ പറയുന്നു. സിനിമയിലെ വിക്കി കൗശലിന്റെ കഥാപാത്രത്തിന്റെ ചിത്രവും ഒപ്പം പ്രചരിക്കുന്നുണ്ട്.
ഛാവ കേരളത്തിലെ തിയേറ്ററികളിൽ പ്രദർശിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ ബുക്ക് മൈ ഷോയുടെ വെബ്സൈറ്റ് പരിശോധിച്ചു. ഇതിൽ നിന്നും കേരളത്തിലെ വിവിധ തിയേറ്ററുകളിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചു. തിയേറ്റർ ചെയ്നായ പിവിആർ, സിനിപോളിസ് എന്നിവയ്ക്ക് പുറമേ ബുക്ക് മൈ ഷോയിലുള്ള അതാത് പ്രദേശത്തെ ചില തിയേറ്ററുകളും സിനിമ പ്രദര്‍ശിപ്പിക്കുന്നതായി സെർച്ച് ചെയ്തപ്പോള്‍ കാണിക്കുന്നുണ്ട്. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും ഇന്ന് ഛാവ പ്രദര്‍ശിപ്പിക്കുന്നതായി കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ, ഓരോ പ്രദേശങ്ങളിലും ഛാവ നേടിയിട്ടുള്ള കലക്‌ഷന്റെ വിശദവിവരങ്ങൾ ബോളിവുഡ് ഹംഗാമ എന്ന സൈറ്റിൽ കണ്ടെത്തി. ഇതിൽ കേരളത്തിൽ നിന്നുള്ള കലക്‌ഷന്റെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പരിശോധിച്ചപ്പോൾ, ഛാവ സിനിമയ്ക്ക് കേരളത്തിൽ ഏതെങ്കിലും തരത്തിലുള്ള വിലക്കുള്ളതായോ വിലക്കുണ്ടായിരുന്നതായോ കണ്ടെത്തിയില്ല. ഇതിൽ നിന്നെല്ലാം, ഛാവ കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ല എന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ഹിന്ദി ചലചിത്രം ഛാവ കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ല എന്ന തരത്തിലുള്ള അവകാശവാദങ്ങൾ തെറ്റാണ്.