ADVERTISEMENT

കേരളത്തിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗം ഇപ്പോൾ വലിയ ചർച്ചയാണ്. ലഹരിക്ക് അടിമയായി അക്രമങ്ങൾ അഴിച്ച് വിടുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ നടന്നിട്ടുണ്ട്. ഇതിനിടെ ഒരു റിക്ഷാ ഡ്രൈവർ വഴിയരികിൽ വാഹനം നിർത്തി സ്വന്തം കൈയ്യിലേക്ക് സിറിഞ്ച് കുത്തുന്ന  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിൽ പരസ്യമായി മയക്ക് മരുന്ന് ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്.എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് കേരളത്തിൽ നിന്നുള്ള വിഡിയോ അല്ല, ഡൽഹിയിൽ നിന്നും പകർത്തിയതാണ്.

∙ അന്വേഷണം

"പിള്ളാരായാൽ രണ്ടു പൊക എടുത്താൽ എന്താ കുഴപ്പം എന്ന് ചോദിച്ചവരാണ് കേരളത്തിന്റെ ശാപം പുതിയ ലഹരി പ്രകടനം NO 1 ൽ" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

image_1

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചുവപ്പ് നിറത്തിലുള്ള ഇലക്ട്രിക് റിക്ഷയാണ് ദൃശ്യത്തിലുള്ളത് എന്ന വ്യക്തമായി. ഇത് കേരളത്തിൽ സാധാരണയായി കാണാറില്ല. പിന്നീട് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ സമാന വിഡിയോ ഗീതാകുമാരി എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വിഡിയോയിൽ ഇത് ഡൽഹിയിൽ നടന്ന സംഭവമാണെന്ന് പറയുന്നുണ്ട്. യൂട്യൂബ് വിഡിയോയിൽ പകുതി മുതലുള്ള ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങളുടെ മുൻവശവും മറ്റും നേരെ വിപരീത ദിശയിലാകുന്നുണ്ട്. ഇതിൽ നിന്നും വൈറൽ വിഡിയോയും യൂട്യൂബ് വിഡിയോയുടെ ആദ്യ ഭാഗവും മിറേഡ് ആണെന്ന് വ്യക്തമായി. വിഡിയോ  കാണാം

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേര്‍ഡ് സെർച്ചിലൂടെ സമാനമായ വിഡിയോ ഉൾപ്പെടുന്ന ഒരു റീൽസ് ജാൽകോ ഡൽഹി എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. "ഡൽഹിയിലെ തെരുവുകളിൽ മയക്കുമരുന്ന് കുത്തിവയ്ക്കുന്ന ഇ-റിക്ഷാ ഡ്രൈവറുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു" എന്ന തലക്കെട്ടോടെയാണ് 2025 ഡിസംബർ 13ന് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം 

ജാൽകോ ഡൽഹിയുടെ എക്സ് പേജിലും സമാനമായ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വ്യക്തതയുള്ള ഈ പതിപ്പിൽ നിന്നും ദൃശ്യത്തിൽ കാണുന്ന വാഹനത്തിന് 'DL' എന്ന് തുടങ്ങുന്ന ഡൽഹി രജിസ്ട്രേഷൻ നമ്പരാണെന്ന് വ്യക്തമായി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഇ-റിക്ഷകൾ കേരളത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല എന്നതിനാൽ തന്നെ വിഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാനായി. നമ്പർപ്ലേറ്റ് ഉൾപ്പെടുന്ന വിഡിയോ സ്ക്രീൻഷോട്ട് കാണാം.

image_2

വൈറൽ വിഡിയോയിലുള്ള വ്യക്തി മയക്ക് മരുന്ന് ഉപയോഗിക്കുകയാണോ അതോ എന്തെങ്കിലും അസുഖത്തിനുള്ള മരുന്ന് സ്വയം കുത്തിവയ്ക്കുന്നതാണോ എന്ന കാര്യം ഉറപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും ലഭ്യമല്ല. ഡൽഹിയിലെ ഇ-റിക്ഷ ഡ്രൈവർമാർ മയക്ക് മരുന്ന് ഉപയോഗിക്കുന്ന വിഡിയോകൾ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത്തരമൊരു വിഡിയോയെ കുറിച്ച് സീ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്  വായിക്കാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും റിക്ഷ ഡ്രൈവർ ഇഞ്ചക്ഷൻ കുത്തിവയ്ക്കുന്ന വിഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.

∙ വസ്തുത 

വൈറൽ വിഡിയോ കേരളത്തിൽ നിന്നുള്ളതല്ല. കഴിഞ്ഞ ഒരുമാസമായി പ്രചരിക്കുന്ന ഈ വിഡിയോ ഡൽഹിയിൽ നിന്നും പകർത്തിയതാണ്.

( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Viral video of a rickshaw driver receiving an injection is debunked; the incident did not occur in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com