ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രസംഗ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുഡിഎഫിനെ പുകഴ്ത്തിക്കൊണ്ട് മുഖ്യമന്ത്രി സംസാരിച്ചുവെന്ന രീതിയിലാണ് പലരും ഈ വിഡിയോ പങ്കിടുന്നത്. എന്നാല്‍, പ്രചരിക്കുന്ന വിഡിയോ ക്ലിപ്‌ഡ് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2019ല്‍ മുഖ്യമന്ത്രി നടത്തിയ ഒരു പ്രസംഗത്തിന്റെ ഏതാനും ഭാഗം മാത്രം കട്ട് ചെയ്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. 

∙ അന്വേഷണം

"UDF കള്ളം പ്രചരിപ്പിക്കാറില്ല ; പിണറായി " എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

pinarayi_b

"ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്, ശക്തമായി എതിര്‍ക്കുന്നുണ്ട്, പക്ഷേ അതിന് അവര്‍ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കുന്നില്ല, ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത് " എന്നാണ് വൈറല്‍ വിഡിയോയില്‍ പിണറായി വിജയന്‍ പറയുന്നത്. 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമയം മലയാളം പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി.

 "മര്യാദ കാണിക്കണം കേട്ടോ; മനോരമയെ വിമര്‍ശിച്ച് പിണറായി " എന്ന തലക്കെട്ടില്‍ 2019 ഏപ്രില്‍ എട്ടിനാണ് സമയം മലയാളം വാര്‍ത്ത നല്‍കിയിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട് വന്ന മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന വളച്ചൊടിച്ചെന്ന് പരാമർശിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനമെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രളയകാലത്തെ നമ്മുടെ ഒത്തൊരുമ ലോകം മുഴുവന്‍ പ്രശംസിച്ചപ്പോള്‍ ചില പ്രത്യേക മാനസിക അവസ്ഥക്കാര്‍ക്ക് അത് അത്ര രുചിച്ചില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മനോരമയുടെ കാര്‍ട്ടൂണില്‍ 'മാനസിക രോഗികള്‍ക്ക്' എന്നരീതിയില്‍ ഉപയോഗിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.  

ഈ വാര്‍ത്തയില്‍ നിന്നുള്ള സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്  പേജില്‍ ഇതേ വിഡിയോയുടെ ഒറിജിനല്‍ പതിപ്പ് ഞങ്ങള്‍ക്ക് കണ്ടെത്താനായി. "മനോരമയ്ക്ക് കുറച്ച് വിഷമം ഉണ്ടാകുന്നുണ്ടെന്നറിയാം. നിങ്ങളുടെ കണക്കുകൂട്ടലിനപ്പുറമാണ് ഇടതുമുന്നണി പോകുന്നത്" എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്  പോസ്റ്റ് 2019 ഏപ്രില്‍ 8നാണ് പങ്കുവച്ചിട്ടുള്ളത്. 3.34 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മുഖ്യമന്ത്രിയുടെ വിമർശനം വ്യക്തമാകും. "നമ്മുടെ നാട്ടില്‍ അപ്രതീക്ഷിതമായ മഹാപ്രളയം വന്നു. വലിയ ദുരന്തം ആ ഘട്ടത്തില്‍ നമുക്ക് സംഭവിച്ചു. നമ്മള്‍ അതിനെ ഐക്യത്തോടെയും ഒരുമയോടെയും നേരിട്ടു. എല്ലാ കോണുകളില്‍ നിന്നും അത് പ്രത്യേകം ശ്രദ്ധിച്ചു. നമ്മുടെ രാജ്യവും ലോകവും നാം കാണിച്ച ഒരുമയെ വലിയ തോതില്‍ പ്രശംസിച്ചു... വലിയ പ്രശംസ. ആ പ്രശംസ വന്നപ്പോള്‍ നമ്മുടെ നാട്ടിലെ ചില പ്രത്യേക മാനസിക അവസ്ഥക്കാരുണ്ടല്ലോ. അവര്‍ക്ക് അത് അത്ര രുചിച്ചില്ല " എന്നു തുടങ്ങുന്ന പ്രസംഗമാണിത്.

വിഡിയോയുടെ 1.55 മിനിട്ട് മുതലാണ് വൈറല്‍ വിഡിയോയിലെ വാചകങ്ങളുള്ളത്. "ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്, ശക്തമായിട്ട് എതിര്‍ക്കുന്നുണ്ട്. അതിന് അവര് കള്ളങ്ങളൊന്നും പടച്ചുണ്ടാക്കാന്‍ നോക്കുന്നുണ്ടെന്ന് തോന്നുന്നില്ല, ഉള്ള കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും. നിങ്ങള്‍ക്കിപ്പോഴുള്ള പ്രധാന ജോലി ആ കള്ളങ്ങള്‍ അവര്‍ക്ക് സൃഷ്ടിച്ച് കൊടുക്കലാണെന്ന് ഇതിലൂടെ വ്യക്തമാകും...."  എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മറ്റൊരു പ്രസ്താവനയ്ക്കിടെയാണ് മുഖ്യമന്ത്രി യുഡിഎഫിനെ പരാമര്‍ശിച്ചത്. എന്നാലിത് പ്രതിപക്ഷത്തിനുള്ള പ്രശംസയായിരുന്നില്ല, മറിച്ച് യുഡിഎഫ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശനമായിരുന്നു. പിണറായി വിജയന്‍ 2019ല്‍ നടത്തിയ ഈ പ്രസംഗത്തിന്റെ പൂര്‍ണരൂപം കാണാം. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോങ്ങാട്, ചിറ്റൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനമെന്ന് മറ്റ് ചില റിപ്പോർട്ടുകളിലും പറയുന്നുണ്ട്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ ക്ലിപ്‌ഡ് ആണെന്ന് വ്യക്തമായി. 

∙ വാസ്തവം

വൈറല്‍ വിഡിയോ ക്ലിപ്‌ഡാണ്. യുഡിഎഫ് കള്ളം പറയില്ല, എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A fabricated video clip falsely portrays the Chief Minister praising the UDF. Available information confirms the video is manipulated and misleading

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT