സിബിൽ സ്കോർ പരിഗണിക്കാതെ മുദ്ര ലോണോ? | Fact Check
.jpg?w=1120&h=583)
Mail This Article
സിബില്‍ സ്കോര്‍ ആവശ്യമില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പദ്ധതിയിലൂടെ തല്‍ക്ഷണം വായ്പ ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു ലിങ്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, അതിൽ ചോദിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ പണം ലഭിക്കുമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്ന വ്യാജ ലിങ്കാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വാസ്തവമറിയാം
∙ അന്വേഷണം
ലിങ്കും സന്ദേശവും പങ്കുവച്ചിരിക്കുന്ന ഫേയ്‌സ്ബുക് പേജാണ് ആദ്യം പരിശോധിച്ചത്. 2025 ജനുവരിയിലാണ് ഈ പേജ് തുടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തി. 'തല്‍ക്ഷണ വായ്പ' എന്നാണ് പേജിന്റെ പേര്. ഇതൊരു വെരിഫൈഡ് പേജ് അല്ല. കൂടാതെ, ഉള്ളടക്കം പരിശോധിച്ചതോടെ പേജ് ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന്, പ്രചരിക്കുന്ന ലിങ്ക്– https://keralamudraloan.in പരിശോധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര ലോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ലോഗോ ഉൾപ്പെടെ തയ്യാറാക്കിയിരിക്കുന്ന ഒരു വെബ്സൈറ്റിലേക്കാണ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രവേശിക്കുന്നത്. ഡൊമൈന്‍ പരിശോധിച്ചതോടെ ഈ വെബ്സൈറ്റിന്റെ വിലാസം ഏതെങ്കിലും ഗവണ്‍മെന്‍റ് സംവിധാനങ്ങളുടേതല്ലെന്ന് വ്യക്തമായി.
ശേഷം, ഈ പേജില്‍ നല്‍കിയിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടു. രേഖകള്‍ വാട്സാപ്പില്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശമാണ് മറുപടിയായി ലഭിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്തരത്തില്‍ രേഖകള്‍ ആവശ്യപ്പെടില്ലെന്ന യുക്തിസഹചിന്തയിലൂടെ തന്നെ സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കാനായി. നല്‍കിയിരിക്കുന്ന നമ്പര്‍ ഔദ്യോഗിക നമ്പറല്ല. ബിസിനസ് അക്കൗണ്ടെന്ന തരത്തില്‍ തുടങ്ങിയിട്ടുള്ള ഇതിന്റെ വാട്സാപ്പ് അക്കൗണ്ടിലെ വിലാസവും വ്യാജമാണ്. ഇതോടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണിതെന്ന് വ്യക്തമായി.
തുടര്‍ന്ന് മുദ്ര ലോണ്‍ പദ്ധതിയുടെ വെബ്സൈറ്റ് പരിശോധിച്ചു. പദ്ധതി വ്യക്തികള്‍ക്ക് നേരിട്ട് വായ്പ നല്‍കുന്നില്ലെന്നും സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നതെന്നും വെബ്സൈറ്റിലുണ്ട്. ഈ പദ്ധതിക്ക് ഇടനിലക്കാരില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും വെബ്സൈറ്റില്‍ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതോടെ പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണ് പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചു.
∙ വാസ്തവം
മുദ്ര യോജന പ്രകാരം സിബില്‍ സ്കോര്‍ പോലുമില്ലാതെ തല്‍ക്ഷണം വായ്പ ലഭിക്കുമെന്നത് വ്യാജ പ്രചാരണമാണ്. മുദ്ര ലോണ്‍ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്നില്ല. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണ് പ്രചരിക്കുന്നത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)