'മഹാശിവരാത്രി ദിനത്തിൽ സെഞ്ച്വറി, ശിവന് നന്ദി പറഞ്ഞ് അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ' | Fact Check

Mail This Article
2025 ഫെബ്രുവരി 26 ന്, ഐസിസിചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ എട്ട് റൺസിന്റെ ചരിത്ര വിജയം അഫ്‌ഗാനിസ്ഥാൻ നേടിയിരുന്നു, ഓപ്പണർ ഇബ്രാഹിം സദ്രാൻ 146 പന്തിൽ നിന്ന് 177 റൺസ് നേടി ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കരസ്ഥമാക്കി. അതേസമയം, സദ്രാൻ തന്റെ സെഞ്ച്വറി ആഘോഷിക്കുന്നതിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ അദ്ദേഹം കൈകൾ കൂപ്പി നമസ്കരിക്കുന്നത് കാണാം. മഹാശിവരാത്രി ദിനത്തിൽ മത്സരം നടന്നതിനാൽ, ഹിന്ദു മത വിശ്വാസികൾ ശിവന്റെ ദിവ്യ ഉപകരണമായ ഡമരു വായിക്കുന്നതും കൈകൾ കൂപ്പി പ്രാർത്ഥന നടത്തുന്നതും അനുകരിച്ചാണ് സദ്രാൻ ഇപ്രകാരം ചെയ്തതെന്നാണ് സോഷ്യൽ മീഡിയിൽ നടക്കുന്ന പ്രചാരണം. എന്നാൽ സദ്രാന്റെ ആഘോഷ പ്രകടനങ്ങൾ പ്രാർത്ഥനകളുമായോ മഹാശിവരാത്രിയുമായോ ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി
∙ അന്വേഷണം
ഇന്നലെ, അഫ്‌ഗാനിസ്ഥാന്റെ ഇബ്രാഹിം സെഞ്ച്വറി നേടി - അദ്ദേഹത്തിന്റെ പ്രതികരണം നോക്കൂ! മഹാശിവരാത്രി ദിനത്തിൽ, അദ്ദേഹം ഡമരു വായിച്ച് ഭോലേനാഥിന് പ്രാർത്ഥന നടത്തി. ഈ രംഗം കണ്ട് പാകിസ്ഥാൻ മുഴുവൻ രോഷാകുലരായി." എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
സദ്രാന്റെ ആഘോഷത്തെ മഹാശിവരാത്രിയുമായി ബന്ധിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകളൊന്നും ഞങ്ങൾ കണ്ടില്ല. ഫെബ്രുവരി 27-ന് Cricket Times പ്രസിദ്ധീകരിച്ച “ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി പൂർത്തിയാക്കിയതിന് ശേഷമുള്ള തന്റെ ആഘോഷത്തിന് പിന്നിലെ കാരണം ഇബ്രാഹിം സദ്രാൻ വിശദീകരിക്കുന്നു” എന്ന റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, തന്റെ ആറാമത്തെ ഏകദിന സെഞ്ച്വറി നേടിയ ശേഷം, സാദ്രാൻ വ്യത്യസ്തമായ രീതിയിൽ - ലെഗ്-സ്പിൻ ബൗളിങ് ആക്ഷൻ അനുകരിക്കുകയും തുടർന്ന് ഡ്രസിങ് റൂമിലേക്ക് കൈകൾ കൂപ്പുകയും ചെയ്തിരുന്നു. മത്സരത്തിന് മുമ്പ് തന്റെ സഹതാരം റാഷിദ് ഖാൻ നൽകിയ പ്രോത്സാഹനത്തിന് നന്ദി പറയുകയാണ് ഇതിലൂടെ സദ്രാൻ ഉദ്ദേശിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്നിങ്ങ്‌സ് ഇടവേളയിൽ, മത്സരത്തിന് മുമ്പ് റാഷിദുമായുള്ള സംഭാഷണമാണ് ശക്തമായ പ്രകടനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് സദ്രാൻ തന്റെ ആഘോഷത്തിന് പിന്നിലെ കാരണം വിശദീകരിച്ച് പറഞ്ഞതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
റാഷിദ് ഖാൻ ഒരു ലെഗ് സ്പിന്നർ ആയതിനാൽ, ഡ്രസിങ് റൂമിലുള്ള റാഷിദിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സദ്രാൻ പ്രത്യേക ആംഗ്യ വിക്ഷേപത്തിലൂടെ ശ്രമിച്ചതാണെന്ന് വ്യക്തമാണ്. തുടർന്ന് അദ്ദേഹം കൂപ്പുകൈകളോടെ നന്ദി പ്രകടനവും നടത്തി, മത്സരത്തിന് മുമ്പുള്ള അവരുടെ സംഭാഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇത് സാധൂകരിക്കുന്നതാണ്. കൂടാതെ, ഫെബ്രുവരി 26 ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രസിദ്ധീകരിച്ച സദ്രാൻ ബ്രോഡ്കാസ്റ്ററുമായി സംസാരിക്കുന്നതിന്റെ ഒരു വിഡിയോ ഞങ്ങൾ കണ്ടെത്തി. “തന്റെ നാഴികക്കല്ലായ സെഞ്ച്വറി നേടിയതിന് ശേഷം വന്ന 'ആ' പ്രത്യേക ആക്ഷനെ ഇബ്രാഹിം സദ്രാൻ വിശദീകരിക്കുന്നു,” ഇതായിരുന്നു റിപ്പോർട്ടിന്റെ ക്യാപ്ഷൻ.
വിഡിയോയിൽ സദ്രാന്റെ ആഘോഷത്തിന്റെയും വിശദീകരണത്തിന്റെയും ക്ലിപ്പുകൾ കാണാം, അവിടെ അദ്ദേഹം പറയുന്നതിങ്ങനെ, "കളിക്ക് മുമ്പ് ഞാൻ റാഷിദുമായി സംസാരിച്ചിരുന്നു. ഇങ്ങനെയുള്ള റാഷിദിന്റെ പ്രജോദനം എന്നെ റൺസ് നേടാൻ സഹായിക്കാറുണ്ട്. അതുകൊണ്ടാണ് സെഞ്ച്വറിയിലെത്തിയപ്പോൾ ഞാൻ റാഷിദിനോട് നന്ദി പറഞ്ഞത്." പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റാണെന്നു ഇതിനാൽ വ്യക്തമാണ്.
∙ വസ്തുത
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഫ്‌ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ ശിവന് പ്രാർത്ഥനകൾ അർപ്പിച്ചാണ് സെഞ്ച്വറി ആഘോഷിച്ചതെന്ന അവകാശവാദം തെറ്റാണ്. സദ്രാൻ തന്റെ സഹതാരം റാഷിദ് ഖാന്റെ മാർഗനിർദേശത്തിന് നന്ദി പറയുക മാത്രമാണ് ചെയ്തത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)