'മലപ്പുറത്തെ കരുവാരക്കുണ്ടിലിറങ്ങിയ കടുവ' പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ് | Fact Check
.jpg?w=1120&h=583)
Mail This Article
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ വച്ച് പകർത്തിയ കടുവയുടെ ദൃശ്യങ്ങളെന്ന തരത്തിലൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി അക്കൗണ്ടുകളാണ് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്. എന്നാൽ, 2021 നവംബർ മുതലുള്ള വിഡിയോയാണ് ഇപ്പോഴത്തേതായി പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

∙ അന്വേഷണം
'മലപ്പുറത്ത് ജനവാസ മേഖലയിൽ കടുവയിറങ്ങി: മുഖാമുഖം കണ്ട് യുവാവ്', 'കരുവാരക്കുണ്ടിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. ആർത്തല തേയില എസ്റ്റേറ്റിന് സമീപമാണ് കടുവയും യുവാവും നേർക്കുനേർ കണ്ടത്.' എന്നിങ്ങനെയുള്ള കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്.
വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ, സമാനമായ വിഡിയോ മറയൂർ ചാനൽ എന്ന യൂട്യൂബ് പേജിൽ 2021 നവംബർ 1ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. പ്രചരിക്കുന്ന വിഡിയോയിൽ കേൾക്കുന്ന മലയാളത്തിലുള്ള സംസാരവും ചുറ്റുപാടുകളും മറ്റ് ഘടകങ്ങളും പരിശോധിച്ചപ്പോൾ, സമാനമായ വിഡിയോയാണ് ഇതെന്ന് ഉറപ്പിക്കാൻ സാധിച്ചു. യൂട്യൂബ് വിഡിയോ ചുവടെ കാണാം.
പിന്നീട്, 2021 ഒക്ടോബർ–നവംബർ മാസങ്ങൾ കേന്ദ്രീകരിച്ച് കീവേഡ് സെർച്ച് നടത്തിയപ്പോൾ സമാനമായ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഒരു റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. "മൂന്നാറിലെ തേയില തോട്ടത്തിന് സമീപം കടുവയെ കണ്ടു" എന്ന തലകെട്ടോടെ 2021 നവംബർ 2നാണ് ടൈസ് ഓഫ് ഇന്ത്യ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട്,

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ നിന്നും വിരമിച്ച സുശാന്ത നന്ദ എന്ന ഓഫീസർ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ 2021 നവംബർ 1ന് ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. മൂന്നാറിലെ തേയില തോട്ടത്തിന് സമീപത്ത് വച്ച് 2021 ഒക്ടോബർ 30ന് പകർത്തിയ വിഡിയോ എന്ന തലകെട്ടോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടോ എന്നറിയാൻ ഞങ്ങൾ ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടു. "പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, ഈ പ്രദേശങ്ങളിൽ പണ്ട് കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ല" നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ വ്യക്തമാക്കി.
ഇതില്‍ നിന്നും പ്രചരിക്കുന്നത് പഴയ വിഡിയോയാണെന്ന് സ്ഥിരീകരിച്ചു. ഇതിന് കരുവാരക്കുണ്ടുമായി ബന്ധമുള്ളതായും കണ്ടെത്തിയില്ല.
∙ വാസ്തവം
മലപ്പുറത്തെ കരുവാരക്കുണ്ടിൽ നിന്നും കഴിഞ്ഞ ദിവസം പകർത്തിയ കടുവയുടെ വിഡിയോ എന്ന തരത്തിൽ പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളാണ്. ഈ പ്രദേശത്ത് പണ്ട് കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ല.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)