ADVERTISEMENT

കേരളത്തില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സംബന്ധിച്ച ആശങ്ക ഉയര്‍ന്നുവരുന്ന സാചര്യമാണിപ്പോള്‍. ലഹരി ഉപയോഗിച്ച ശേഷമുള്ള അക്രമങ്ങളുടെ നിരക്ക് ഉയര്‍ന്നതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം. യുവാക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളും ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ അക്രമകാരിയായ ഒരു പെണ്‍കുട്ടിയെ വനിതാ പൊലീസുകാര്‍ ചേര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. എന്നാല്‍, പ്രചരിക്കുന്ന വിഡിയോയിലെ പെണ്‍കുട്ടി ലഹരി ഉപയോഗിച്ചതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയാണിത്. 

∙ അന്വേഷണം

"വീട് വിറ്റും ലോണ്‍ എടുത്തും മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കാന്‍ മുറ്റത്തെ സ്‌കൂളുകളില്‍ വിടാതെ ദൂരെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിക്കാന്‍ വിടുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ ഒന്ന് ആലോചിക്കുക ഇത്രയും വര്‍ഷം വളര്‍ത്തി വലുതാക്കിയ കുട്ടികള്‍ ലഹരിക്ക് അഡിക്റ്റ് ആകാന്‍ ഒരു നിമിഷം മാത്രം മതിയെന്ന് " കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

untitled_design_94

വൈറല്‍ വിഡിയോയുടെ കമന്റുകളില്‍ നിരവധി പേര്‍ ഇത് കേരളത്തിലെ സംഭവമാണെന്ന രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ കുട്ടികളുടെ ലഹരി ഉപയോഗം സംബന്ധിച്ചും പരാമര്‍ശമുണ്ട്. എന്നാല്‍ വിഡിയോയിലുള്ള പൊലീസുകാരില്‍ ഒരാള്‍ പെണ്‍കുട്ടിയോട് ഹിന്ദിയിലാണ് സംസാരിക്കുന്നത്. പൊലീസുകാര്‍ പരസ്പരം സംസാരിക്കുന്നത് കന്നഡയിലാണെന്നും വ്യക്തമാകുന്നുണ്ട്. 

തുടന്ന് വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വിഡിയോ ഉള്‍പ്പെടുന്ന ഒരു എക്‌സ് പോസ്റ്റ്  ലഭ്യമായി. ബെംഗളൂരുവിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ മാധുരി അദ്‌നാലാണ് 2023 സെപ്റ്റംബര്‍ 10ന് ഈ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഈ പോസ്റ്റ് പ്രകാരം കര്‍ണാടകയിലെ മംഗളൂരു പമ്പ്‌വെല്‍ മേഖലയിലുള്ള ഗണേഷ് മെഡിക്കല്‍ സ്റ്റോറില്‍ സെപ്റ്റംബര്‍ ഒന്നിന് എത്തിയ പെണ്‍കുട്ടി അക്രമാസക്തമായി പെരുമാറി. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും ഇതിന് തെളിവില്ലെന്നും പോസ്റ്റില്‍ പറയുന്നു. 

എക്‌സ് പോസ്റ്റില്‍ നിന്നുള്ള സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഈ സംഭവത്തെക്കുറിച്ചുള്ള നിരവധി മാധ്യമ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ക്ക് ലഭിച്ചു. 2023 സെപ്റ്റംബര്‍ 12ന് ന്യൂസ് 18 നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വിഡിയോ കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്നുള്ളതാണ്. പെണ്‍കുട്ടിയെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഫലം നെഗറ്റീവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ദൈജാവേള്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍  മംഗളൂരു സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ അനുപം അഗര്‍വാളിന്റെ പ്രതികരണവും നല്‍കിയിട്ടുണ്ട്. "2023 സെപ്റ്റംബര്‍ 1 ന് പമ്പ്‌വെല്ലിലെ മെഡിക്കല്‍ ഷോപ്പില്‍ ഒരു പെണ്‍കുട്ടി അക്രമാസക്തമായി പെരുമാറിയതായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടാകുമെന്ന സംശയത്തില്‍ ഉദ്യോഗസ്ഥര്‍ അവളെ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍, അവള്‍ അക്രമാസക്തമായ രീതിയില്‍ പെരുമാറി. പിന്നീട്, വനിതാ പൊലീസിന്റെ സഹായത്തോടെ ലഹരി പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി." കമ്മീഷ്‌ണര്‍ വ്യക്തമാക്കി. 

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തെറ്റായി പ്രചരിച്ചതോടെ 2023 സെപ്റ്റംബര്‍ 9ന് മംഗളൂരു പൊലീസ് വിശദമായ പത്രക്കുറിപ്പ് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ലഹരി പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മാനസിക ആസ്വാസ്ഥ്യം നേരിടുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയെന്നും അവള്‍ ആശുപത്രിയിലാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ട് കാണാം.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യമാണ് ലഹരി അടിമയാണെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. 

∙ വസ്തുത 

2023 സെപ്റ്റംബറില്‍ മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യമാണിത്. ഈ പെണ്‍കുട്ടിയുടെ ലഹരി പരിശോധന ഫലം നെഗറ്റീവാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ   പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Mangalore police took a girl with mental health issues into custody; police confirmed her drug test was negative

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com