ADVERTISEMENT

ക്വാലാലംപൂർ ഉച്ചകോടിയില്‍ ഖത്തർ അമീർ നടത്തിയ പ്രസംഗം എന്ന അവകാശവാദത്തോടെ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മതം, സഹിഷ്ണുത, വംശീയ വേർതിരിവ് എന്നിവയെക്കുറിച്ചാണ് ഇതിലുള്ളത്. കുറിപ്പിനൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഒരു ചിത്രവുമുണ്ട്. എന്നാൽ, പ്രചരിക്കുന്ന വാക്കുകൾ ഖത്തർ അമീറിന്റേതല്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വാസ്തവമറിയാം.

∙ അന്വേഷണം

നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇത് പങ്കുവച്ചിട്ടുള്ളത്. പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്,

മനുഷ്യനാകണം ! ഖത്തർ അമീറിന്റെ ക്വാലാലംപൂർ ഉച്ചകോടി പ്രസംഗം.

''മതം ആർക്കും ഭക്ഷണം കൊടുത്തിട്ടില്ല, പാർപ്പിടം കൊടുത്തിട്ടില്ല, മാറിയുടുക്കാൻ തുണി കൊടുത്തിട്ടില്ല, തണുക്കുമ്പോൾ പുതപ്പ് കൊടുത്തിട്ടില്ല. പക്ഷേ, സഹിഷ്ണുത മനുഷ്യന് എല്ലാം നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ മതങ്ങളിലും പെട്ടവർ നന്നായി ജോലിചെയ്ത് സുഖമായി ജീവിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ലോക മുസ്ലിംകളുടെ പുണ്യഭൂമിയായ മക്കയും മദീനയും ഉൾപെടുന്ന സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽപ്പോലും എല്ലാ മതങ്ങളിലും പെട്ടവർ ഉന്നത സ്ഥാനങ്ങളിലിരുന്ന് യാതൊരു തരത്തിലുള്ള മതവിവേചനവും നേരിടാതെ അന്തസ്സോടെ  ജീവിക്കുന്നത്. വംശീയതയും വിവേചനവും ദാരിദ്ര്യം  മാത്രമേ ലോകത്തിനു നൽകുന്നുള്ളൂ. ഹിന്ദുരാഷ്ട്രമായാലും, മുസ്ലിം രാഷ്ട്രമായാലും, മതേതര രാഷ്ട്രമായാലും മനുഷ്യനെ വംശീയമായി വേർതിരിക്കുന്നത് ലോകത്തെ നിത്യദാരിദ്ര്യത്തിലേക്കു നയിക്കും.''

ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയും ഇതേ ഉള്ളടക്കം പ്രചരിക്കുന്നുണ്ട്. പരിശോധിച്ചപ്പോൾ, മുൻ വർഷങ്ങളിലും ഈ കുറിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിൽ നിന്നും പ്രചരിക്കുന്നത് ഈയടുത്ത് നടന്ന പരിപാടിയുമായി ബന്ധപ്പെട്ടതല്ല എന്ന് വ്യക്തമായി.

തുടർന്ന്, കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ 2019ൽ ഖത്തർ അമീർ ക്വാലാലംപൂർ സമ്മിറ്റിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ഏതാനം റിപ്പോർട്ടുകൾ കണ്ടെത്തി. ഒപ്പം, അന്ന് അദ്ദേഹം അവിടെ നൽകിയ പ്രസംഗത്തിന്റെ പകർപ്പ് ലഭിച്ചു. 'HH The Amir Speech at Kuala Lumpur Summit 2019' എന്നാണിതിന് തലക്കെട്ട് നൽകിയിരിക്കുന്നത്. മതത്തെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഇതിലുണ്ട്. എങ്കിലും പ്രചരിക്കുന്ന കുറിപ്പിൽ പറയുന്ന യൂറോപ്, ഹിന്ദു–മുസ്ലിം രാഷ്ട്രം, മക്ക–മദീന തുടങ്ങിയ വിഷയങ്ങളൊന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹം ഇത്തരമൊരു പരാമർശം മറ്റെവിടെയെങ്കിലും നടത്തിയതായും റിപ്പോർട്ടുകള്‍ കണ്ടെത്തിയില്ല.

ഇതിൽ നിന്നും പ്രചരിക്കുന്ന കുറിപ്പിലുള്ളത് ഖത്തർ അമീറിന്റെ വാക്കുകളല്ല എന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം

ഖത്തർ അമീറിന്റെ പ്രസംഗമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിലു‌ള്ളത് അദ്ദേഹത്തിന്റെ വാക്കുകളല്ല.

English Summary:

The message, claiming to be from the Kuala Lumpur Summit speech by Qatar Emir, is untrue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com