ADVERTISEMENT

കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ പത്താംക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിനാണ്. ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ ആഘോഷത്തോടനുബന്ധിച്ച് രണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇതിനിടെ ഷഹബാസിനെ മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയത് വലിയ തോതിലുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ ഷഹബാസിനെ മര്‍ദ്ദിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. റോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്ന ദൃശ്യമാണിത്.

എന്നാല്‍, വൈറല്‍ വിഡിയോ താമരശേരിയില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തിന്റേതല്ലെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ഫെബ്രുവരി 27ന് തിരുവനന്തപുരം വെള്ളറടിയലുള്ള വഴിച്ചാല്‍ ഇമ്മാനുവല്‍ കോളെജില്‍ നടന്ന സംഘര്‍ഷമാണിത്. 

∙ അന്വേഷണം

"താമരശ്ശേരി; തലയോട്ടി തകര്‍ന്നു, നെഞ്ചിലേറ്റ മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി; ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് " എന്നെഴുതിയ പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

school_b

വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പയ്യോളി ഓണ്‍ലൈന്‍ എന്ന പേരിലുള്ള ഒരു വെബ്‌സൈറ്റില്‍ സമാന ചിത്രം  ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതായി കണ്ടെത്തി. 2025 മാര്‍ച്ച് രണ്ടിന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം ഈ വിഡിയോ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലുള്ള വഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലേതാണ്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥി അറസ്റ്റിലായതായും വാര്‍ത്തയില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ കീവേര്‍ഡ് സെര്‍ച്ചിലൂടെ മനോരമ ന്യൂസ്, 24 ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. മാര്‍ച്ച് രണ്ടിന് മനോരമ ന്യൂസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ആഷിദിനാണ്(19) മര്‍ദ്ദനമേറ്റത്. ഈ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും മലയന്‍കീഴ് ഈഴക്കോട് സ്വദേശിയായ ജിതിന്‍(18) അറസ്റ്റിലായതായും വാര്‍ത്തയില്‍ പറയുന്നു.

ഫെബ്രുവരി 27ന് കോളജ് ഗേറ്റിന് പുറത്ത് വച്ചാണ് ആഷിദിന് മര്‍ദ്ദനമേറ്റത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ക്ലാസിനു മുന്നില്‍ നടന്ന മറ്റൊരു സംഘര്‍ഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായത്. പരിക്കേറ്റ ആഷിദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്  കാണാം.

school_n

അറസ്റ്റിലായ ജിതിന്റെ ചിത്രം ഉള്‍പ്പെടെയാണ് കേരള കൗമുദി വാര്‍ത്ത നല്‍കിയിട്ടുള്ളത്. ഈ വിഷയം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ആര്യങ്കോട് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. " വഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ വിഡിയോയാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആഷിദ് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മലയന്‍കീഴ് സ്വദേശി ജിതിന്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥി ആഷിഖ് ഒളിവിലാണ്. " ആര്യങ്കോട് പൊലീസ് വ്യക്തമാക്കി.

താമരശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസ് കൊല്ലപ്പെടാനിടയായ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങളും ഞങ്ങള്‍ പരിശോധിച്ചു. ഷഹബാസിന്റെ മരണം സംബന്ധിച്ച വാര്‍ത്തയില്‍ സംഘര്‍ഷത്തിന്റെ വിഡിയോ മാധ്യമങ്ങൾ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വൈറലായ വിഡിയോയില്‍ നിന്നും വ്യത്യസ്ഥമായ പശ്ചാത്തലത്തിലാണ് താമരശേരിയില്‍ വിദ്യാര്‍ഥികളുടെ സംഘര്‍ഷം നടന്നത്. യൂണിഫോമല്ല, കളര്‍ വസ്ത്രങ്ങളാണ് വിദ്യാര്‍ഥികള്‍ ധരിച്ചിരുന്നതെന്നും വിഡിയോയില്‍ ദൃശ്യമാണ്.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വീഡിയോ താമരശേരിയില്‍ ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തിന്റേതല്ലെന്നും തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളെജിലെ വിദ്യാര്‍ഥികളുടെ സംഘര്‍ഷമാണെന്നും വ്യക്തമായി.

∙ വാസ്തവം

ഈ വിഡിയോ താമരശേരിയില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷമല്ല. ഫെബ്രുവരി 27ന് തിരുവനന്തപുരം വഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A recent video circulating online, wrongly attributed to Thamarassery, actually shows a student conflict that took place on February 27th at Immanuel College, Vazhichal in Thiruvananthapuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com