അങ്കണവാടി വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിച്ചെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞിട്ടില്ല; പ്രചാരണം വ്യാജം| Fact Check

Mail This Article
ഈയിടെയുണ്ടായ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചെന്ന ചർച്ചകളാണ് ചൂടുപിടിക്കുന്നത്.ഇതിനിടെ അങ്കണവാടി വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർധിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിച്ചിട്ടില്ല.. എന്‍ഫോഴ്‌സ്മെന്‍റ് പ്രവര്‍ത്തനം വളരെ ശക്തം എന്നെഴുതിയ ഒരു പോസ്റ്ററിൽ നിയമസഭയിൽ മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്.

കീവേർഡുകളുടെ പരിശോധനയിൽ മന്ത്രി എം.ബി.രാജേഷ് സംസ്ഥാനത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രസ്‌താവന നടത്തിയതായുള്ള റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല.ഞങ്ങൾക്ക് ലഭിച്ച ഒരു വാർത്താ റിപ്പോർട്ടില്‍, സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞതായി വ്യക്തമാക്കുന്നുണ്ട്.
ദേശീയതലത്തിൽ മയക്കുമരുന്ന് ഉപയോഗത്തിൽ കേരളം ഏറ്റവും പിന്നിലാണ്. കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ലഹരി ഉൽപ്പന്നങ്ങളിൽ നിന്ന് കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. വിഷയത്തിൽ നിയമസഭ നിർത്തിവെച്ചുള്ള ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. എന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മന്ത്രിയുടെ ഇതേ പരാമർശങ്ങളടങ്ങിയ മുഴുവൻ വിഡിയോ നിയസഭയുടെ സഭാ ടിവിയിൽ നിന്ന് ലഭ്യമായി.ഈ വിഡിയോ മുഴുവൻ പരിശോധിച്ചെങ്കിലും അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടില്ലെന്ന തരത്തിലുള്ള പരാമർശം എം.ബി രാജേഷ് എവിടെയും നടത്തിയതായി കണ്ടെത്താനായില്ല.
വൈറൽ പോസ്റ്റർ പരിശോധിച്ചപ്പോൾ തേങ്ങാക്കൊല മീഡിയ എന്ന വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു.കൂടുതൽ പരിശോധനയിൽ ഇതേ പേരിലുള്ള ഒരു പേജിന്റെ വിശദാംശങ്ങൾ ഞങ്ങൾക്കു ലഭിച്ചു. വൈറൽ പോസ്റ്ററിനോട് സാമ്യമുള്ള മറ്റൊരു പോസ്റ്ററും പേജിൽ നിന്ന് ലഭിച്ചു.പോസ്റ്റർ കാണാം
എന്നാൽ ഈ പോസ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടില്ല, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം വളരെ ശക്തം എന്ന് മാത്രമാണ് നൽകിയിട്ടുള്ളത്.വൈറൽ കാർഡും യഥാർഥ കാർഡും താരതമ്യം ചെയ്ത് പരിശോധിച്ചപ്പോൾ എഡിറ്റ് ചെയ്‌ത് ചേർത്ത വാക്കിന്റെ ഫോണ്ടിനും വ്യത്യാസമുള്ളതായി കണ്ടു. ലഭ്യമായ വിവരങ്ങളിൽ നിന്ന് അംഗനവാടി കുട്ടികള്‍ക്കിടയില്‍ എന്നത് യഥാർഥ പോസ്റ്ററില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് വ്യക്തമായി.
∙ വസ്തുത
അംഗനവാടി വിദ്യാർഥികൾക്കിടയില്‍ ലഹരി ഉപയോഗം വർധിച്ചിട്ടില്ല എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞതായുളള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. ഇത്തരമൊരു പരാമർശം മന്ത്രി നടത്തിയിട്ടില്ല. വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് മന്ത്രി പറഞ്ഞ മറ്റൊരു പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്.