"പ്രാർത്ഥനയുമായി ആരാധകർ" നടൻ മോഹൻലാൽ ആശുപത്രിയിലെന്ന് വ്യാജ പ്രചാരണം | Fact Check

Mail This Article
നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാലിന്റെ ചിത്രമടങ്ങിയ പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് ഹെൽപ്പ്ലൈനിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വാസ്തവമറിയാം
∙ അന്വേഷണം
നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്നാണ് നടൻ മോഹൻലാൽ ചികിത്സ തേടിയിരിക്കുന്നത്. നടൻ മോഹൻലാൽ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഡോ. ഗിരീഷ് കുമാർ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോർട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധികൃതർ പുറത്തുവിട്ടുണ്ട് എന്ന കുറിപ്പിനൊപ്പം മോഹൻലാലിന്റെ ചിത്രമടങ്ങിയ കാർഡാണ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.

കീവേർഡുകളുടെ പരിശോധനയിൽ പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ മോഹൻലാലിനെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നത് 2024 ഓഗസ്റ്റ് 18നായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നായിരുന്നു മെഡിക്കൽ അന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലെ വിവരം.മനോരമ ഓൺലൈനിലും ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. പൂർണ വിശ്രമത്തിലാണ്. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ചേർത്തിരുന്നു എന്നാണ് ഈ വാർത്താ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പിന്നീടുള്ള വാർത്താ റിപ്പോർട്ടുകളിലൊന്നും തന്നെ മോഹൻലാൽ ആശുപത്രിയിലായതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലും മോഹൻലാൽ സജീവമായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. മോഹൻലാലിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന അതേ വിവരങ്ങൾ തന്നെയാണ് ഇപ്പോഴും തെറ്റിദ്ധാരണാജനകമായി പ്രചരിക്കുന്നത്.
∙ വാസ്തവം
നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്.