ഇത് ലോകത്തിലെ ഏറ്റവും വലിയ റൊണാൾഡോ പ്രതിമയോ? | Fact Check
.jpg?w=1120&h=583)
Mail This Article
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വെങ്കല പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റൊണാൾഡോയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. എന്നാൽ, പ്രചരിക്കുന്നത് എഐ ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
'World’s Largest Cristiano Ronaldo Statue Unveiled' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെടുന്നത്.
റൊണാള്‍ഡോയുടെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകളോ സമൂഹമാധ്യമ പോസ്റ്റുകളോ ഉണ്ടോ എന്ന് കീവേർഡുകളുപയോഗിച്ച് പരിശോധിച്ചു. ഗോവ, സിആർ7 മ്യൂസിയം, മഡെയ്‌റ എയർപോർട്ട്, ന്യൂ യോർക്ക് സിറ്റി ടൈംസ് സ്ക്വയർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള റൊണാൾഡോ പ്രതിമകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. പക്ഷേ, പ്രചരിക്കുന്ന ചിത്രത്തിലുള്ള പ്രതിമയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചില്ല. റോണാൾഡോയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു. പ്രസ്‌തുത പ്രതിമയെക്കുറിച്ചുള്ള കാര്യങ്ങൾ ഇതിൽ പോസ്റ്റ് ചെയ്തിട്ടില്ല.
റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോഴും, പ്രചരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട ഫലങ്ങൾ ലഭിച്ചില്ല. പ്രചരിക്കുന്നത് യഥാർഥ ചിത്രമായിരിക്കാൻ സാധ്യതയില്ലെന്ന സൂചനയാണ് ഇത് നൽകിയത്. ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ചിത്രത്തിൽ ചില പൊരുത്തക്കേടുകളുള്ളതായി ശ്രദ്ധയിൽപ്പെട്ടു. ഉദാഹരണത്തിന്, ചിത്രത്തിന്റെ അടിയിലുള്ള മനുഷ്യസമാന രൂപങ്ങൾ വികലമായിരിക്കുന്നതും സൈൻ ബോർഡുകളിലെ എല്ലാ എഴുത്തുകളും വായിക്കാൻ കഴിയാത്തതുമാണ്. എഐ നിർമിത ചിത്രത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണിവ. പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണോ എന്ന് പരിശോധിക്കാൻ എഐ ഡിറ്റക്ഷൻ ടൂളായ സൈറ്റ് എഞ്ചിൻ ഉപയോഗിച്ചപ്പോൾ, ചിത്രം 83 ശതമാനം എഐ നിർമിതമായിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. മറ്റൊരു ടൂളായ ഹൈവ് മോഡറേഷൻ, 99.4 ശതമാനം എഐ നിര്‍മ്മതം അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം ചിത്രത്തിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിൽ നിന്നും പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണെന്ന് വ്യക്തമായി.
മുൻപും, പലരുടെയും പ്രതിമകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. അന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള ചില ഫാക്റ്റ് ചെക്കുകൾ വായിക്കാം.
∙ വാസ്തവം
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്തുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണ്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)