'മക്കളെ ലക്ഷ്യമിടുന്ന ലഹരി മാഫിയ, ജാഗ്രത പാലിക്കുക' ഇത് പൊലീസിന്റെ അറിയിപ്പോ? | Fact Check
.jpg?w=1120&h=583)
Mail This Article
ലഹരി മാഫിയയ്ക്കെതിരെ രക്ഷിതാക്കള്‍ക്കുള്ള കേരള പൊലീസിന്റെ അറിയിപ്പെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെ ലക്ഷമിട്ടുള്ള ലഹരി മാഫിയയുടെ തന്ത്രവും ഇവരുടെ വലയത്തിൽപ്പെട്ടുപോകാതെ മക്കളെ രക്ഷിക്കാൻ മാതാപിതാക്കൾക്കുള്ള ചില നിർദ്ദേശങ്ങളെ കുറിച്ചുമാണ് ഇതിൽ എഴുതിയിട്ടുള്ളത്. എന്നാൽ, പ്രചരിക്കുന്നത് പൊലീസ് പുറത്തുവിട്ട അറിയിപ്പല്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

∙ അന്വേഷണം
കേരള പൊലീസിന്റെ ലോഗോ ഈ ചിത്രത്തിൽ കാണാം. വായിച്ചപ്പോൾ അറിയിപ്പിന്റെ ഉള്ളടക്കത്തിൽ ഏതാനം അക്ഷരത്തെറ്റുകളുള്ളത് ശ്രദ്ധയിൽപ്പെട്ടു. ഉള്ളടക്കം ഇപ്രകാരമാണ്, രക്ഷിതാക്കൾ ജാഗ്രത പാലിക്കുക. കേരളത്തിലെ പല ബസ് സ്‌റ്റാൻഡിലും നിങ്ങളുടെ മക്കളെ കാത്ത് ലഹരി മാഫിയയും, മറ്റുടീമും വലയിലാക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് നിങ്ങൾ നിങ്ങളുടെ മക്കൾ ബസ് കയറുന്ന സ്ഥലം സന്ദർശിക്കുക. അവരറിയാതെ ഫോളോ ചെയ്യുക. ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച് ചെറിയ 7, 8, 9,10, +1, +2 പെൺകുട്ടികളെ അടക്കം ആണ് വലയിൽ വീഴ്ത്തിയത്. ലഹരി മാഫിയ പ്രണയം നടിച്ചു നിങ്ങളുടെ മക്കളെ വശത്താക്കും, മിട്ടായി രൂപത്തിൽ എന്തെങ്കിലും നൽകും. ഓരോ രക്ഷിതാക്കളും മക്കളുടെ സ്‌കൂൾ പോക്ക് വരവ് ശ്രദ്ധിക്കുക. നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതല പെടുത്തുക. ചെറിയ മക്കളെ വല്ലാതെ ലഹരി മാഫിയ ലക്ഷ്യമാക്കുന്നു.
പ്രൊട്ടക്ഷൻ ടീം
ജന മൈത്രി പോലീസ്
ഫാമിലി, ഫ്രണ്ട്സ്, സ്‌കൂൾ ഗ്രൂപ്പിൽ അടക്കം ഷെയർ ചെയ്യുക.
കേരള പൊലീസിന്റെയും, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെയും ഫേയ്സ്ബുക് പേജ് പരിശോധിച്ചപ്പോള്‍, അടുത്ത ദിവസങ്ങളിലൊന്നും ഇത്തരത്തിലൊരു അറിയിപ്പ് പുറത്തിറക്കിയതായി കണ്ടെത്തിയില്ല. കീവേർഡ് സെർച്ച് ചെയ്തതിൽ നിന്നും, പ്രസ്തുത ചിത്രം മുൻ വർഷങ്ങളിലും പ്രചരിച്ചിട്ടുണ്ടെന്ന് വ്യക്തമായി.
അറിയിപ്പ് മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് സാധാരണയായി പൊലീസിന്റെ അറിയിപ്പിനുള്ളിൽ എഴുതാറില്ല. ഇത് പ്രസ്തുത ചിത്രം വ്യാജമാണെന്നതിനുള്ള സൂചന നല്‍കി. തുടർന്നുള്ള, അന്വേഷണത്തിൽ 2022ല്‍ പ്രസ്തുത സന്ദേശം വ്യാജമാണെന്ന് അറിയിച്ചുകൊണ്ടുള്ള സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഒരു ഫേയ്സ്ബുക് പോസ്റ്റ് കണ്ടെത്തി. ഇതിൽ നിന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
കുട്ടികളെ വലയിലാക്കുന്ന ലഹരി മാഫിയയ്ക്കെതിരെ രക്ഷിതാക്കൾക്കുള്ള കേരള പൊലീസിന്റെ ജാഗ്രത നിർദ്ദേശമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ ചിത്രമാണ്.