വിരമിക്കൽ പ്രഖ്യാപനത്തിനിടെ സ്റ്റീവ് സ്മിത്ത് കരഞ്ഞോ? വിഡിയോയുടെ വാസ്തവമിതാണ് | Fact Check
.jpg?w=1120&h=583)
Mail This Article
ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് വിരമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരമിക്കൽ പ്രഖ്യാപന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സ്റ്റീവ് സ്മിത്ത് കരഞ്ഞു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചരിക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ പഴയ വിഡിയോയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
"ഏകദിനത്തിലെ റിട്ടയർമെന്റ് പ്രഖ്യാപിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് സ്റ്റീവ്സ്മിത്ത്" എന്ന തലകെട്ടോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
സ്റ്റീവ് സ്മിത്ത് കരഞ്ഞതുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2018 മാർച്ച് 29ന് ഇന്ത്യാ ടുഡേ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. 'സ്റ്റീവ് സ്മിത്ത് പരസ്യമായി കരയുന്നു: ക്രിക്കറ്റിനെ നാണം കെടുത്തിയതിൽ ദുഃഖിതനാണ്' എന്നാണിതിന്റെ തലക്കെട്ട്. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം കരഞ്ഞതെന്ന് ഈ വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. പന്ത് ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്തിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വർഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്കിയെന്നും ഇതിന് പിന്നാലെ സിഡ്‌നിയിൽ എത്തിയ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ കരഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2018ൽ സിഡ്‌നി എയർപോർട്ടിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സ്റ്റീവ് സ്മിത്ത് കരഞ്ഞത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വാർത്താ സമ്മേളനത്തിന്റെ പൂർണ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 4.45 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പന്ത് ചുരണ്ടൽ വിവാദത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും സ്റ്റീവ് സ്മിത്ത് പറയുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മാച്ചിനിടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ പന്ത് ചുരണ്ടൽ നടന്നത്. കാമറൂൺ ബാൻക്രോഫ്റ്റ് കൃത്രിമമായി റിവേഴ്‌സ് സ്വിംഗ് സൃഷ്ടിക്കാൻ വേണ്ടി നിയമവിരുദ്ധമായി പന്തിൽ സാൻഡ്‌പേപ്പർ ഉപയോഗിച്ച് ഉരസുകയായിരുന്നു. സംഭവത്തിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്ക് ഒരു വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.
സ്റ്റീവ് സ്മിത്ത് ഏകദിന മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനെ കുറിച്ചും അന്വേഷിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് സ്റ്റീവ് സ്മിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം പുറത്ത് വിട്ടത്. ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റീവ് സ്മിത്ത് സഹകളിക്കാരോട് വിരമിക്കൽ തീരുമാനം പറഞ്ഞുവെന്നും പിറ്റേന്നാണ് ഔദ്യോഗികമായി അറിയിച്ചതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വെബ്സൈറ്റിലെ വാർത്തയിൽ പറയുന്നു. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം. ഇതിൽ നിന്നും പ്രചരിക്കുന്നത് പഴയ വിഡിയോയാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ സ്റ്റീവ് സ്മിത്ത് കരയുന്ന വിഡിയോ എന്ന തരത്തിൽ പ്രചരിക്കുന്നത് 2018ൽ ഓസ്ട്രേലിയിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)