"മയക്കുമരുന്ന്, റാഗിങ് കേസുകള്‍ക്ക് വധശിക്ഷയോ? | Fact Check

Mail This Article
മയക്കുമരുന്ന് കേസുകള്‍ക്കും റാഗിങ്, കൊലപാതക കേസുകള്‍ക്കും ഇനിമുതല്‍ വധശിക്ഷ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. അമിത്ഷായുടെ പ്രസ്താവനയെന്ന തരത്തില്‍ ഒരു വാര്‍ത്താ കാര്‍ഡിന്റെ ചിത്രസഹിതമാണ് പ്രചാരണം. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എഡിറ്റ് ചെയ്ത വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
∙ അന്വേഷണം
പ്രചരിക്കുന്ന കാര്‍ഡിലെ ഉള്ളടക്കം പരിശോധിച്ചതോടെ ഇതില്‍ മേല്‍ഭാഗത്തെ വരികള്‍ വ്യാജമായി എഴുതിച്ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു. വാക്യഘടനയില്‍നിന്നും ഉപയോഗിച്ച ഫോണ്ടില്‍ നിന്ന് ഇത് യഥാർഥ വാര്‍ത്താകാര്‍ഡിന്റെ ഭാഗമല്ലെന്ന സൂചനയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന കാര്‍ഡിന്റെ യഥാര്‍ഥ പതിപ്പ് 2025 മാര്‍ച്ച് 2ന് ജനംടിവി ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചതായി കണ്ടെത്തി.
ലഹരിമാഫിയയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ലഹരിമുക്ത ഭാരതമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവന അടിസ്ഥാനമാക്കിയാണ് കാര്‍ഡ്. ഇതോടെ പ്രചരിക്കുന്ന കാര്‍ഡില്‍ മേല്‍ഭാഗത്ത് വധശിക്ഷ സംബന്ധിച്ച് എഴുതിച്ചേര്‍ത്ത വരികള്‍ വ്യാജമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്തയും പരിശോധിച്ചു. ജനംടിവി യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ വിശദാംശങ്ങളുണ്ട്. അമിത്ഷാ എക്സില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത.
എക്സില്‍ ഈ ട്വീറ്റ് കണ്ടെത്തിയതോടെ അമിത്ഷായുടെ യഥാര്‍ഥ പ്രസ്താവന മയക്കുമരുന്നുമായി ബന്ധപ്പെട്ട് മാത്രമായിരുന്നുവെന്ന് വ്യക്തമായി. റാഗിങിനെക്കുറിച്ചോ കൊലപാതകത്തെക്കുറിച്ചോ ഇതില്‍ പറയുന്നില്ല. മാത്രവുമല്ല, മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കുമെന്നാണ് പറയുന്നത്. വധശിക്ഷ സംബന്ധിച്ച പരാമര്‍ശമൊന്നും കണ്ടെത്താനായില്ല.
രാജ്യത്ത് വിവിധ കേസുകളിലായി നടത്തിയ അന്വേഷണത്തില്‍ 29 മയക്കുമരുന്ന് സംഘങ്ങളെ പിടികൂടിയതായും ഇത്തരം കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതോടെ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും വധശിക്ഷ സംബന്ധിച്ച് അമിത്ഷാ പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്നും വ്യക്തമായി.
∙ വസ്തുത
മയക്കുമരുന്ന്, റാഗിങ്, കൊലപാതക കേസുകളില്‍ വധശിക്ഷ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ അമിത്ഷായുടെ പ്രസ്താവനയില്‍ വധശിക്ഷ സംബന്ധിച്ച് പരാമര്‍ശമില്ലെന്നും മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.