ഒരു വീട്ടിൽ ആറ് തൈ; കേരളത്തില്‍ കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു"! പ്രചാരണത്തിന്റെ വാസ്തവം | Fact Check

Mail This Article
കേരളത്തിൽ കഞ്ചാവ് ഉപയോഗവും വിൽപനയും നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . കൂടാതെ ഒരു വീട്ടില്‍ നിയമപരമായി ആറ് കഞ്ചാവ് തൈകള്‍ വരെ വളര്‍ത്താം എന്നും വിഡിയോയിൽ പറയുന്നുണ്ട്. 24 ന്യൂസിന്റെ ലോഗോയോടു കൂടിയ ഒരു ഹ്രസ്വ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.
∙ അന്വേഷണം
പ്രാഥമിക അന്വേഷണത്തിൽ കേരളവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വാർത്ത പ്രചരിച്ചതായി കണ്ടെത്താനായില്ല. കൂടുതൽ കീവേർഡുകളുടെ പരിശോധനയിൽ 2021 ഏപ്രില്‍ രണ്ടിന് 24 ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ അപ്‌ലോഡ് ചെയ്‌ത ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
ന്യുയോർക്കിൽ മെരുവാന അഥവാ കഞ്ചാവിന്റെ ഉപയോഗത്തിനും വിൽപനക്കും അനുമതി നൽകി കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പ്‌വച്ചു. ഒരു വീട്ടിൽ ആറു തൈകൾ വരെ ഇനി മുതൽ നിയമപരമായി വളർത്താം എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ന്യൂയോര്‍ക്കിനെ സാമ്പത്തികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ ആഡ്ര്യു കൂമോ പറഞ്ഞു. 60,000ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കഞ്ചാവില്‍ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവാക്കുമെന്നും സംസ്ഥാന അസംബ്ലിയില്‍ അവതരിപ്പിച്ച ബില്ലാണ് ന്യൂയോര്‍ക്കില്‍ നിലവില്‍ വന്നതെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഈ വിഡിയോയിൽ നിന്നുള്ള കുറച്ച് ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത്, പ്രധാനമായും ന്യൂയോർക്കിൽ നിന്നുള്ളതെന്ന ഭാഗം ഒഴിവാക്കിയാണ് കേരളത്തിൽ നിന്നുള്ളതെന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. സിഎൻഎൻ, ടൈംസ് ഓഫ് ഇന്ത്യ എന്നീ മാധ്യമങ്ങളും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിലുള്ള 21 വയസ്സിനു മുകളിലുള്ളവർക്കെല്ലാം 3 ഔൺസ് വരെ കഞ്ചാവ് പരസ്യമായി കൈവശം വയ്ക്കാനും ഉപയോഗിക്കാനും കഴിയുന്ന നിയമനിർമാണ ബില്ലാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ ഒപ്പിട്ടതെന്നും സംസ്ഥാന സെനറ്റും അസംബ്ളിയും വോട്ടെടുപ്പിലൂടെ 21 വയസ്സിനു മുകളിലുള്ളവർക്ക് വിനോദ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുമതി നൽകിയതിനെത്തുടർന്നാണ് ഗവര്‍ണര്‍ ബിൽ ഒപ്പിട്ടതെന്നും ഈ വാർത്താ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് കേരളത്തിൽ കഞ്ചാവ് ഉപയോഗവും വിൽപനയും നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ്‌വച്ചത് സംബന്ധിച്ച വാർത്ത എഡിറ്റ് ചെയ്താണ് കേരളത്തിലേതെന്ന തരത്തിൽ പ്രചരിക്കുന്നത്.
∙ വസ്തുത
കേരളത്തിൽ കഞ്ചാവ് ഉപയോഗവും വിൽപനയും നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ്‌വച്ചത് സംബന്ധിച്ച വാർത്ത എഡിറ്റ് ചെയ്താണ് കേരളത്തിലേതെന്ന തരത്തിൽ പ്രചരിക്കുന്നത്.