'ഗുജറാത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്ന് കോടികൾ പിടികൂടി'; വിഡിയോയുടെ വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
ഗുജറാത്തിലെ സൂറത്തിൽ ഒരു ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാലോളം നോട്ടെണ്ണൽ മെഷീനുകളുപയോഗിച്ച് ഇത് എണ്ണി തിട്ടപ്പെടുത്തിയതെന്നാണ് വിഡിയോയ്ക്ക് ഒപ്പമുള്ള വിവരണത്തിൽ പറയുന്നത്. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
ഒരു മുറിയുടെ പല ഭാഗത്തായി കൂട്ടിവച്ചിട്ടുള്ള നോട്ടുകെട്ടുകളും, നോട്ടെണ്ണുന്ന യന്ത്രങ്ങളുപയോഗിച്ച് ഏതാനും ആളുകൾ നോട്ടെണ്ണുന്നതും ഈ വിഡിയോയിൽ കാണാം. കീവേർഡുകള്‍ ഉപയോഗിച്ച് ഫേയ്‌സ്ബുക്കിൽ നടത്തിയ അന്വേഷണത്തിൽ മുൻ വർഷവും ഈ വിഡിയോ പ്രചരിച്ചിരുന്നതായി കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്കായി, വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളെടുത്ത് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. ഇതിൽ നിന്നും പ്രചരിക്കുന്ന വിഡിയോയില്‍ നിന്നുള്ള സ്ക്രീൻഷോട്ടുകൾ ഉള്‍പ്പെടുന്ന ഒരു വാർത്ത കണ്ടെത്തി. രണ്ട് വർഷം മുൻപ്, കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നതുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. തുടർന്നുള്ള അന്വേഷണത്തിൽ, വിഡിയോയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ–നഗറ്റ്സ് എന്ന മൊബൈല്‍ ഗെയിമിംഗ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ ഒരു വ്യവസായിയിൽ നിന്ന് ഇഡി പണം കണ്ടുകെട്ടുന്നതിന്റെ ദൃശ്യങ്ങളാണിത്. 2022 സെപ്തംബറിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് വ്യവസായിയുടെ കൊല്‍ക്കത്തയിലെ ആറിടങ്ങളിലാണ് ഇഡി അന്ന് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പതിനേഴ് കോടി രൂപയും സ്വത്തുവകകളുടെ വിവിധ രേഖകളും പിടിച്ചെടുത്തതായാണ് വാർത്തയിലുള്ളത്. നിരവധി മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
∙ വാസ്തവം
ഗുജറാത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടുകെട്ടിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ സ്ഥാപനം ഇഡി റെയ്ഡ് ചെയ്തതിന്റെ പഴയ വിഡിയോയാണ്.