ബംഗ്ലദേശില്‍ യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വിഡിയോയുടെ വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
ഒരു യുവാവിനെ ഏതാനും ആളുകള്‍ ചേര്‍ന്ന് തലകീഴായി കെട്ടിത്തൂക്കിയിടുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 25ന് ബംഗ്ലദേശില്‍ നടന്ന സംഭവമാണെന്നും ഹിന്ദു യുവാവിനെ മുസ്‍ലിങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നുവെന്നുമാണ് ഇതോടൊപ്പമുള്ള വിവരണത്തില്‍ പറയുന്നത്. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം
∙ അന്വേഷണം
ആള്‍ക്കൂട്ടത്തിനിടയില്‍ പൊലീസുകാരെയും വിഡിയോയില്‍ കാണാം. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് വകവയ്ക്കാതെ യുവാവിനെ ഇവര്‍ കെട്ടിത്തൂക്കിയിടുന്നത് കാണാം. "ഈ സംഭവം നടന്നത് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന്... ഒരു ബംഗ്ലാദേശി ഹിന്ദു യുവാവിനെ തലകീഴായി കെട്ടിത്തൂക്കി, ചുറ്റും കൂടി നിന്ന് അട്ടഹസിക്കുന്നത് ബംഗ്ലാദേശി കോയമാര്‍.....???? ചുട്ടു തിന്നണോ, പച്ചയ്ക്ക് തിന്നണോ എന്ന തര്‍ക്കത്തിലാണ്....?? ഹിന്ദുക്കള്‍ക്കെതിരെ ഇത്രയും സംഭവങ്ങള്‍ ബംഗ്ലാദേശില്‍ ഉണ്ടായിട്ടും ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ ഒരൊറ്റ കോയയും ഒരു പ്രതിക്ഷേധം പ്രകടിപ്പിച്ചതായി അറിവില്ല" എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.
വിഡിയോയിൽ നിന്നുള്ള കീഫ്രെയ്‌മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടെ ബംഗ്ലദേശ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
അജ്കര്‍ പത്രികയുടെ റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരി 25ന് രാത്രി ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഉത്തര എന്ന സ്ഥലത്താണ് സംഭവം നടന്നത്. രണ്ട് കവര്‍ച്ചക്കാരെ പിടികൂടിയ ജനക്കൂട്ടം ഇവരെ ഉത്തരയിലെ ബിഎന്‍എസ് സെന്‍ററിലെ ഒരു മേല്‍പ്പാലത്തിന്റെ തൂണുകളില്‍ തലകീഴായി കെട്ടിത്തൂക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ടം മോഷ്‌ടാക്കളെ മര്‍ദ്ദിക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും രക്ഷപ്പെടുത്തി ധാക്കയിലെ കുവൈറ്റ്-ബംഗ്ലദേശ് മൈത്രി ആശുപത്രിയിലെത്തിച്ചു. ഫെബ്രുവരി 25ന് ഉത്തരയിലെ ബിഎന്‍എസ് സെന്ററിലും അബ്ദുള്ളപൂര്‍ പ്രദേശത്തും രണ്ട് വ്യത്യസ്ത കവര്‍ച്ച സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് കവര്‍ച്ചകളിലുമായി മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നസീം, ബകുള്‍, ചാന്‍ പാഷ എന്നിവരാണ് അറസ്റ്റിലായ മോഷ്ടാക്കളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ സംഭവത്തെപ്പറ്റിയുള്ള മറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. നസീം, ബകുള്‍ എന്നിവരെയാണ് മേല്‍പ്പാലത്തിന്റെ തൂണുകളില്‍ കെട്ടിയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്. ബംഗ്ലാദേശ് മാധ്യമമായ സമോയ് ടിവി പങ്കുവച്ച വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഈ സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമങ്ങളിലൊന്നും തന്നെ ഇതൊരു ഹിന്ദു-മുസ്ലീം സംഘര്‍ഷമാണെന്ന് പറയുന്നില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ മുസ്ലീങ്ങള്‍ മര്‍ദ്ദിക്കുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ മോഷ്ടാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണെന്ന് വ്യക്തമായി.
∙ വാസ്തവം
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ മുസ്ലീങ്ങള്‍ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കുന്നതിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് ധാക്കയില്‍ മോഷണത്തിനിടെ പിടിയിലായവരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഇതിന് വര്‍ഗീയ വശമില്ല.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)