അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യക്കാർക്ക് കൈവിലങ്ങ്, നേപ്പാളുകാർക്ക് ചാർട്ടേർഡ് വിമാനത്തിൽ സുഖ യാത്ര; വാസ്തവമെന്ത്? | Fact Check
.jpg?w=1120&h=583)
Mail This Article
അനധികൃത കുടിയേറ്റക്കാരെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക കൈവിലങ്ങിട്ട് തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് നേപ്പാളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങുകളില്ലാതെ കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചു എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇവരുടെ കൈകളിലും കാലുകളിലും വിലങ്ങോ ചങ്ങലയോ ധരിപ്പിക്കാതെ പ്രത്യേകം ബുക്ക് ചെയ്ത പ്രൈവറ്റ്/ചാർട്ടേർഡ് വിമാനത്തിലാണ് കൊണ്ടു വന്നതെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. മാനുഷിക പരിഗണന നൽകാതെ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്, മിലിറ്ററി വിമാനത്തിൽ തിരിച്ചയച്ചപ്പോൾ, നേപ്പാളുകാർക്ക് പ്രത്യേക പരിഗണന നൽകി എന്ന തരത്തിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. എയർപോർട്ടിന് പുറത്തേക്ക് ഏതാനും ആളുകൾ ഇറങ്ങുന്നതിന്റെ ഒരു വിഡിയോയും പല പോസ്റ്റുകളിലുണ്ട്. എന്നാൽ, ഈ പ്രചാരണം പൂർണമായും ശരിയല്ല എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വാസ്തവമറിയാം.
∙ അന്വേഷണം
നിരവധി അക്കൗണ്ടുകളാണ് ഈ അവകാശവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവച്ചിട്ടുള്ളത്. ഇന്ത്യൻ നാഷ്‌ണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ഉൾപ്പെടെ പ്രസ്തുത വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. 'നേപ്പാളികൾക്ക് വരെ കിട്ടുന്ന പരിഗണന, ഇന്ത്യക്കാർക്ക് കിട്ടുന്നില്ല.. അതാണ് 56" തള്ള് വിശ്വഗുരുവിനു അമേരിക്ക കൊടുക്കുന്ന വില' എന്നും നേപ്പാളിലേത് കമ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് ചേർത്തുമാണ് കേരളത്തിൽ നടക്കുന്നൊരു പ്രചാരണം. 'These are visuals of illegal immigrants from #Nepal being deported by the #UnitedStates. They were brought back with respect in a charter plane. No Handcuffs. No Military Aircraft. No Torture. Now compare this with how Vishwaguru's Citizens were deported.' എന്നാണ് പ്രചരിക്കുന്ന മറ്റ് പോസ്റ്റുകളിൽ എഴുതിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നല്ല സൗഹൃദമുണ്ടെന്ന് പറയുമ്പോഴും ഇന്ത്യക്കാരെ അമേരിക്ക പരിഗണിക്കുന്നില്ലല്ലോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ പോസ്റ്റുകളിൽ പരിഹസിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, 2025 മാർച്ച് 5ന് വാര്‍ത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോയാണ് പോസ്റ്റുകളിൽ പ്രചരിക്കുന്നതെന്ന് കണ്ടെത്തി. സൗത്ത് ഹാംപ്‌ഷെയറിൽ നിന്ന് നേപ്പാളുകാരായ എട്ട് അനധികൃത കുടിയേറ്റക്കാരുമായി ആദ്യ ചാർട്ടേർഡ് വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങളാണിത്. വിമാനമിറങ്ങി, ബാഗുകളും പെട്ടികളുമായി ആളുകൾ എയർപോർട്ടിന് പുറത്തേക്കിറങ്ങുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ഇവരുടെ കൈകളിൽ വിലങ്ങുണ്ടായിരുന്നില്ല എന്ന് ദൃശ്യങ്ങളിൽ കാണാം. വിലങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എഎൻഐയുടെ വാർത്തയിലുമില്ല.
എന്തുകൊണ്ടാണ് നേപ്പാളുകാരെ തിരിച്ചയക്കാൻ മിലിറ്ററി വിമാനത്തിന് പകരം ചാർട്ടേർഡ് വിമാനം ഉപയോഗിച്ചതെന്നും ഒപ്പം അന്വേഷിച്ചു. ചിലവ് കൂടുതലായതിനാൽ മിലിറ്ററി വിമാനം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് യുഎസ് നിർത്തിയതായി വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് കണ്ടെത്തി. 2025 മാര്‍ച്ച് 1നായിരുന്നു ഈ ദൗത്യത്തിനായി അമേരിക്ക അവസാനമായി മിലിറ്ററി വിമാനം ഉപയോഗിച്ചതെന്നും അമേരിക്കയിലെ അധികൃതർ അറിയിച്ചതായി വാർത്തയിലുണ്ട്. മുന്‍പും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ അമേരിക്ക പ്രൈവറ്റ് വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന വാർത്തകളും ലഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ, നേപ്പാളിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകളാണ് പരിശോധിച്ചത്. ഇതിൽ നിന്നും, പ്രചരിക്കുന്ന വിഡിയോ വാർത്തയിൽ പറയുന്ന എട്ട് അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങോടെയാണ് നേപ്പാളിലേക്ക് കൊണ്ടുവന്നതെന്ന് പരാമർശിക്കുന്ന ചില വാർത്തകൾ കണ്ടെത്തി. വിമാനം നേപ്പാളിൽ ലാൻഡ് ചെയ്തതിന് ശേഷം വിലങ്ങുകൾ അഴിച്ചാണ് ഇവരെ വിട്ടയച്ചതെന്നുമാണ് ലഭിച്ച വിവരം.
കൂടുതൽ വിവരങ്ങൾക്കായി നേപ്പാളിലെ മാധ്യമപ്രവർത്തകനായ ഗൗരവ് പൊഖാറേലിനെ ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം നേപ്പാളിലെത്തിയവരെ കൈവിലങ്ങുകളോടെയാണ് വിമാനത്തിൽ കൊണ്ടുവന്നതെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വാർത്തയും അദ്ദേഹം പങ്കുവച്ചു. "Yes, they were handcuffed while being brought back to Kathmandu, and they had chains around their feet until their transit... As they were brought back to Kathmandu on a chartered flight, they were handed over to the Anti-Human Trafficking Bureau". പ്രസ്തുത വിഷയം പാർലമെന്റിൽ ചർച്ചയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "On March 5, this issue was also raised in Nepal's House of Representatives. Devendra Poudel, a Member of Parliament and chairman of the main opposition party, CPN (Maoist Centre), called it a violation of human rights". അന്വേഷണത്തിൽ, പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്തതുമായി ബന്ധപ്പെട്ട വാർത്തയും കണ്ടെത്തി.
എന്നാൽ, കൈവിലങ്ങുകളില്ലാതെയും അമേരിക്ക നേപ്പാളിലേക്ക് ആളുകളെ മടക്കി അയച്ചിരുന്നു. നേപ്പാളിൽ നിന്നുള്ള വാർത്തകളിൽ പറയുന്നതു പ്രകാരം, അന്നേ ദിവസം മറ്റൊരാളെയും അമേരിക്ക തിരിച്ചയച്ചിരുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെ ഒരു സാധാരണ വിമാനത്തിലാണ് നേപ്പാളിലേക്ക് എത്തിച്ചതെന്നാണ് വാർത്തകളിൽ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ മാസങ്ങളിലും അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നേപ്പാളിലേക്ക് തിരിച്ചയച്ചിരുന്നു. അതിന് ചാര്‍ട്ടേർഡ് വിമാനമല്ല ഉപയോഗിച്ചിരുന്നതെന്നും, വലിയ സംഘമായിട്ടല്ലാതെ ഒരാളെയും രണ്ട് പേരെയും വച്ച് സാധാരണ കൊമേഷ്യൽ വിമാനത്തിലും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചിരുന്നതായി വാർത്തയിലുണ്ട്.
'Earlier, the US administration used to deport Nepali nationals on regular flights or on an individual basis, but on Wednesday they deported eight Nepalis on a chartered flight while one Nepali national was sent on a regular flight.'
'According to records, one Nepali arrived on January 22, another on January 24, one on January 29, two on January 30, one on January 31, three on February 1, three on February 5, two on February 6, six on February 8, two on February 16, and one on February 17.'
ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം തിരിച്ചയക്കപ്പെട്ടവരിൽ എല്ലാവരെയും വിലങ്ങോടെയാണോ എത്തിച്ചതെന്നും ഗൗരവിനോട് ചോദിച്ചു. "ഇമിഗ്രേഷൻ വകുപ്പിലെ രേഖകള്‍ പ്രകാരം, ട്രംപ് അധികാരത്തിലേറിയതിൽ പിന്നെ 38 പേരെയാണ് നേപ്പാളിലേക്ക് അമേരിക്ക തിരിച്ചയച്ചിട്ടുള്ളത്. ഇതിൽ കഴിഞ്ഞ ദിവസമെത്തിയ എട്ട് പേരെ മാത്രമാണ് പ്രത്യേക വിമാനത്തില്‍ കൈവിലങ്ങിട്ട് കൊണ്ടുവന്നത്. ബാക്കിയുള്ളവരെ വിലങ്ങുകളില്ലാതെ സാധാരണ വിമാനത്തിലാണ് എത്തിച്ചത്" എന്നാണ് അദ്ദേഹം നൽകിയ മറുപടിയുടെ പരിഭാഷ. എന്തുകൊണ്ടാണിത് എന്നതിന് നേപ്പാള്‍ പൊലീസിന്റെ ഹ്യുമൻ ട്രാഫിക്കിങ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അധികൃതരുടെ വിശദീകരണവും അദ്ദേഹം പങ്കുവച്ചു. അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച കുറച്ചുപേരെ 5–6 മാസങ്ങൾക്ക് മുൻപ് അമേരിക്ക പിടികൂടിയിരുന്നു. സ്വമേധയ തിരിച്ച് പോവുകയോ നിയമനടപടി നേരിടുകയോ ചെയ്യാമെന്ന രണ്ട് മാർഗങ്ങളാണ് ഇവർക്ക് മുന്നിലുണ്ടായിരുന്നത്. ഇതിൽ സ്വമേധയ മടങ്ങാതെ, നിയമനടപടികൾ നേരിടാമെന്ന് തീരുമാനിച്ചവരെയാണ് അമേരിക്ക ഇത്തരത്തിൽ തിരികെ അയച്ചതെന്ന് അധികൃതർ പറഞ്ഞതായാണ് ഗൗരവ് അറിയിച്ചത്.
"According to the officials of the Human Trafficking Investigation Bureau, they were caught 5–6 months ago while attempting to enter the United States illegally. At that time, they were given the option to either return to their home country voluntarily or pursue legal resistance. Those who chose to fight legally were held for some time and then deported. Those who were caught after entering the U.S. were sent back on regular flights. Officials have stated that even among them, those who refused to return voluntarily and opted for legal battles were brought back in the same manner".
∙ വാസ്തവം
2025 മാർച്ച് 5ന് നേപ്പാളിലെത്തിയ എട്ട് അനധികൃത കുടിയേറ്റക്കാരെ വിലങ്ങുകളോടെ, ചാർട്ടേർഡ് വിമാനത്തിലാണ് അമേരിക്ക എത്തിച്ചത്. അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ പിടിയിലാവുകയും നിയമനടപടികൾ നേരിടുകയും ചെയ്തവരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചതെന്നാണ് ലഭ്യമായ വിവരം. അല്ലാത്ത മറ്റ് കുടിയേറ്റക്കാരെ വിലങ്ങുകളില്ലാതെ, സാധാരണ വിമാനത്തിലാണ് അമേരിക്ക നേപ്പാളിലേക്ക് തിരിച്ചയച്ചത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ദൗത്യത്തിന് മിലിറ്ററി വിമാനത്തിന്റെ ഉപയോഗം ചിലവേറിയതായതിനാൽ യുഎസ് ഇപ്പോള്‍ പ്രൈവറ്റ് വിമാനങ്ങളാണ് ദൗത്യത്തിന് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.