ADVERTISEMENT

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങള്‍ പതിവായതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ  എംഎസ്എഫിന്റെ നേതാവ് ഉസ്മാന്‍ തങ്ങളെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണം വൈറലാണ്.

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോതമംഗലം മാര്‍ ബസേലിയോസ് കോളജിനു മുന്നില്‍ വച്ച് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉസ്മാന്‍ തങ്ങള്‍ അറസ്റ്റിലായത്.

∙ അന്വേഷണം

"എം.എസ്.എഫ് എറണാകുളം ജില്ലാ ജോ: സെക്രട്ടറിയും കഞ്ചാവ്, മയക്കുമരുന്ന് മാഫിയ തലവനുമായ ഉസ്മാന്‍ തങ്ങള്‍ റിമാന്‍ഡില്‍ നിലവില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികൂടിയാണ് ഉസ്മാന്‍ തങ്ങള്‍ " എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം.

untitled_design_-_2025-03-12t110249-684

വൈറല്‍ പോസ്റ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഉസ്മാന്‍ തങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മാര്‍ച്ച് അഞ്ചിന് പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റ് ലഭ്യമായി. ഉസ്മാന്‍ തങ്ങള്‍ക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

പരാതിയുടെ പകര്‍പ്പും കോതമംഗലം പൊലീസ് സറ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ നമ്പറും പോസ്റ്റിലുണ്ട്. കോതമംഗലം പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറിയായ ഉസ്മാന്‍ തങ്ങള്‍ അറസ്റ്റിലായതെന്ന് പരാതിയില്‍ പറയുന്നു. ഫെയ്‌സ്ബുക് പോസ്റ്റ് കാണാം 

പിന്നീട് ഞങ്ങള്‍ കോതമംഗംലം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ ഉസ്മാന്‍ തങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെ അടിപിടി കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിക്കാനായി. " മയക്കുമരുന്ന് കൈവശം വച്ചതിനല്ല, മാര്‍ ബസേലിയോസ് കോളജിനു മുന്നില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് എംഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ജനുവരി 25നാണ് കേസ് ഫയല്‍ ചെയ്തത്. ക്രിമിനല്‍ കേസ് ആയതിനാല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. " കോതമംഗലം പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് ഉസ്മാന്‍ തങ്ങള്‍ക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ പരിശോധിച്ചു. 2024 ജനുവരി 25നാണ് കോതമംഗംലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉസ്മാന്‍ തങ്ങള്‍, ഷൗക്കത്തലി, ജസ്‌വാന്‍, ഷമീര്‍ സുനില്‍, കമര്‍ പ്ലാമൂടന്‍ എന്നീ അഞ്ച് പേര്‍ക്കെതിരെ അജയ് ദാസ്, അഭിഷേക്, അജയ് പ്രദീപ് എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.

മാര്‍ ബസേലിയോസ് കോളജിനു മുന്‍വശം ജനുവരി 24ന് രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. ഉസ്മാന്‍ തങ്ങളും അജയ് പ്രദീപും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരാതിക്കാരെ മര്‍ദ്ദിക്കുകയും വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഭാരതീയ ന്യായ് സംഹിത(BNS) പ്രകാരം 118(2),115(2),118(1),3(5) വകുപ്പുകളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. എഫ്‌ഐആറിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണാം.

untitled_design_-_2025-03-12t110727-507

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെയും ഞങ്ങള്‍ ബന്ധപ്പെട്ടു. " കോളജ് തിര​ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. കോളജിനു വെളിയില്‍ വച്ചാണ് ഇവര്‍ ഏറ്റുമുട്ടിയത്. ഉസ്മാന്‍ തങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണല്ലോ. എസ്എഫ്‌ഐക്കാരാണ് ഇപ്പോള്‍ ഈ വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഉസ്മാന്‍ ഉള്‍പ്പെടെ റിമാന്‍ഡിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് മാര്‍ച്ച് 11ന്‌ ജാമ്യം ലഭിച്ചിട്ടുണ്ട്." പി.കെ.നവാസ് പറഞ്ഞു.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് എംഎസ്എഫ് നേതാവ് ഉസ്മാന്‍ തങ്ങള്‍ മയക്കുമരുന്നുമായി അറസ്റ്റിലായി എന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത 

എംഎസ്എഫ് നേതാവ് ഉസ്മാന്‍ തങ്ങള്‍ അറസ്റ്റിലായത് മയക്കുമരുന്ന് കേസിലല്ല. കോതമംഗലം മാര്‍ ബസേലിയോസ് കോളജിനു മുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Usman Thangal's arrest stemmed from a protest, not a drug case. The MSF leader was apprehended following a clash near Mar Baselios College in Kothamangalam, Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com