ആറ്റുകാൽ പൊങ്കാലയ്ക്കെതിരെ ടി.എന്‍. പ്രതാപന്‍ സംസാരിച്ചിട്ടില്ല ; പ്രചാരണം വ്യാജം | Fact Check

Mail This Article
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ചു സംസാരിച്ചു എന്ന അവകാശവാദത്തോടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്ക് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
ടി.എൻ. പ്രതാപന്റെ ചിത്രത്തോടൊപ്പം 'ആറ്റുകാൽ പൊങ്കാല മീൻകറിയും കപ്പയും കൂട്ടി കഴിച്ചാൽ ആകാശമിടിഞ്ഞ് വീഴുമോ' എന്ന വാചകം എഴുതിയിട്ടുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്.

കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ അവകാശവാദം കഴിഞ്ഞ വർഷവും വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി.പോസ്റ്റ് കാണാം . അന്ന് മനോരമ ഫാക്ട് ചെക് ഇതിന്റെ വസ്തുത പരിശോധിച്ചിരുന്നു. ഇത്തരത്തിലൊരു വിവാദ പ്രസ്താവന ടി.എൻ. പ്രതാപൻ നടത്തിയതായി മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്താതിരുന്നപ്പോൾ വാസ്തവം അറിയാൻ ഞങ്ങൾ ടി.എന്‍ പ്രതാപന്റെ ഓഫീസുമായി സംസാരിച്ചിരുന്നു.
ആറ്റുകാല്‍ പൊങ്കാല സംബന്ധിച്ച് ഇത്തരമൊരു പരാമർശം എവിടെയും അദ്ദേഹം നടത്തിയിട്ടില്ല എന്ന് അവർ അറിയിച്ചു. അന്ന് തിരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായി അടിസ്ഥാനമില്ലാത്ത വ്യാജ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്നിരുന്നത്. പൊതുജനങ്ങൾക്കിടയിലും വിശ്വാസികൾക്കിടയിലും ആശയകുഴപ്പവും മതസ്‌പർദ്ധയും സൃഷ്‌ടിക്കണമെന്ന ഉദ്ദേശത്തോടെ ഇത്തരത്തിലുള്ള പ്രചാരണം. ഇത്തരക്കാർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സൈബര്‍ സെല്ലിനും പൊലീസ് മേധാവിക്കും പരാതി നൽകിയതായാണ് ടി.എൻ. പ്രതാപന്റെ ഓഫീസ് അധികൃതർ അന്ന് അറിയിച്ചത്. പരാതിയുടെ പകർപ്പും അവർ അയച്ചു തന്നിരുന്നു. പരാതിയുടെ പകർപ്പ് കാണാം

ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. മുൻ വർഷങ്ങളിൽ പ്രചരിച്ച അതേ പോസ്റ്റുകൾ തന്നെയാണ് വീണ്ടും പ്രചരിക്കുന്നത്.
∙ വാസ്തവം
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ച് സംസാരിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. മുൻ വർഷങ്ങളിലും ഇതേ പ്രചാരണമുണ്ടായിരുന്നു.