ലഹരിക്കെതിരെ നടത്തിയ നൈറ്റ് മാർച്ചിനിടെ എംഡിഎംഎയുമായി പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല |Fact Check

Mail This Article
സംസ്ഥാന സര്‍ക്കാര്‍ ലഹരിമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തി എംജി റോഡ് മുതല്‍ കച്ചേരിപ്പടി വരെ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. എന്നാൽ മാര്‍ച്ചിനിടെ രണ്ട് യൂത്ത് കോൺഗ്രസുകാരായ യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, അറസ്റ്റിലായ യുവാക്കൾ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചിൽ പങ്കെടുത്തവരല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിപാടി നടക്കുന്നതിന് സമീപത്ത് കൂടെ ബൈക്കിൽ പോയവരാണ് പിടിയിലായത്.
∙ അന്വേഷണം
"ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടക്കുന്നതിനിടയിൽ എം ഡി എ എയുമായ് രണ്ട് യൂത്ത് കോൺഗ്രസുക്കാർ പിടിയിൽ..ഇവന്മാര് ഫുൾ കോമഡി തന്നെ " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
ഫെയ്‌സ്ബുക് പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്ന വിഡിയോ റിപ്പോർട്ടർ ടിവിയുടേതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റിപ്പോർട്ടർ ടിവി നൽകിയ വാർത്തയുടെ പൂർണമായ വിഡിയോ ലഭിച്ചു. 4.23 മിനിറ്റ് ദൈർഘ്യമുള്ള റിപ്പോർട്ടിലെ 36 സെക്കന്‍റ് മാത്രമുള്ള ഭാഗമാണ് ഫെയ്‌സ്ബുക് പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 2025 മാർച്ച് 10ന് പങ്കുവച്ച റിപ്പോർട്ട് പ്രകാരം യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിന് സമീപത്ത് കൂടി ബൈക്കിൽ പോയ യുവാക്കളിൽ നിന്നാണ് പൊലീസ് ലഹരി പിടികൂടിയതെന്ന് വ്യക്തമാക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസിന്റെ ലഹരിക്കെതിരായ നൈറ്റ് മാർച്ചിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സംഭവത്തെ കുറിച്ച് വിശദീകരണം നൽകുന്നതും റിപ്പോർട്ടർ ടിവിയുടെ വാർത്തയിൽ കാണാം. പരിപാടി നടക്കുന്നതിനിടെ ബൈക്കിൽ പോയ ആളുകളിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയതെന്നും ഇതിൽ ഒരാൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യൂത്ത് കോൺഗ്രസുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്നും ഷിയാസ് പറയുന്നു. റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് പിടിയിലായ ആളുകൾ നൈറ്റ് മാർച്ചിൽ പങ്കെടുത്തവരല്ലെന്നും അതുവഴി പോയവരാണെന്നും അവതാരകൻ വ്യക്തമാക്കുന്നുണ്ട്.
പിടിയിലായ യുവാക്കൾക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമുണ്ടോ എന്നറിയാനായി ഞങ്ങൾ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസുമായി ഫോണിൽ സംസാരിച്ചു. "യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടെ അതുവഴി ബൈക്കിൽ പോയവരെയാണ് പൊലീസ് ലഹരിമരുന്നുമായി പിടികൂടിയത്, ഇവർക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമില്ല. ഇതിലൊരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് തടഞ്ഞുനിർത്തി പൊലീസിനെ സഹായിച്ചത്." മുഹമ്മദ് ഷിയാസ് പറഞ്ഞു.
ലഹരിമരുന്നുമായി പിടിയിലായ ആളുകളുടെ രാഷ്ട്രീയ പശ്ചാത്തലം സ്വതന്ത്രമായി കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ലേഖനം അപ്ഡേറ്റ് ചെയ്യുന്നതാണ്.
ലഭ്യമായ വിവരങ്ങളിൽ നിന്നും ലഹരിമരുന്നുമായി പിടിയിലായ യുവാക്കൾ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചിൽ പങ്കെടുത്തവരല്ലെന്നും അതുവഴി ബൈക്കിൽ പോയവരാണെന്നും വ്യക്തമായി.
∙ വസ്തുത
വൈറൽ വിഡിയോ ക്ലിപ്‍ഡ് ആണ്. യൂത്ത് കോൺഗ്രസ് പരിപാടി നടക്കുന്നതിനിടെ സമീപത്ത് കൂടി ബൈക്കിൽ പോയ യുവാക്കളാണ് ലഹരിമരുന്നുമായി പിടിയിലായത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)