'500 രൂപ നോട്ടിൽ ശ്രീരാമൻ' | Fact Check

Mail This Article
ഇന്ത്യ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെ ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
ശ്രീരാമന്റെ ചിത്രം പതിച്ച അഞ്ഞൂറിന്റെ നോട്ടാണ് മനോരമ ഓൺലൈൻ ഹെൽപ്‌ലൈൻ നമ്പരിൽ പരിശോധനയ്ക്കായി ലഭിച്ച ചിത്രത്തിലുള്ളത്. കീവേർഡുകളുടെ പരിശോധനയിൽ ഇതേ അവകാശവാദത്തോടെ മുൻപും പോസ്റ്റുകൾ പ്രചരിച്ചതായി കണ്ടെത്തി.
ആദ്യം തന്നെ ഞങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റാണ് പരിശോധിച്ചത്. ശ്രീരാമന്റെ ചിത്രമുള്ള പുതിയ 500 രൂപ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കുമായിരുന്നു. എന്നാൽ ആർബിഐ വെബ്‌സൈറ്റിൽ അത്തരം പത്രക്കുറിപ്പുകളൊ മറ്റ് അറിയിപ്പുകളോ ലഭ്യമായില്ല. വെബ്സൈറ്റ് പ്രകാരം 2016-ലാണ് ഏറ്റവും പുതിയ 500 രൂപ നോട്ട് ആർബിഐ അച്ചടിച്ചത് . 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോഴാണ് മഹാത്മാഗാന്ധിയുടെ ചിത്രമുള്ള പുതിയ സീരീസ് അവതരിപ്പിച്ചത്.
വൈറൽ കറൻസി കൂടുതൽ വ്യക്തമായി പരിശോധിച്ചപ്പോൾ X @raghunmurthy07 എന്ന വാട്ടർമാർക്ക് നോട്ടിന്റെ താഴെ ഇടതു വശത്തായി കണ്ടെത്തി.എക്സ് പേജിൽ ഇതേ ഐഡി ഞങ്ങൾക്ക് ലഭിച്ചു.
വിദൂര ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയാകാമെങ്കിൽ എന്തുകൊണ്ട് പ്രഭു ശ്രീരാമൻ ഇന്ത്യയുടെ കറൻസിയിൽ പാടില്ല? ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ ഇതേ വൈറൽ പേജിൽ 2024–ൽ പങ്ക്‌വച്ച ഒരു പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.
രാമഭക്ത ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നു എന്ന കുറിപ്പിനൊപ്പം ഇയാൾ ഈ നോട്ടിന്റെ ചിത്രങ്ങൾ പങ്ക്‌വച്ചിട്ടുണ്ട്
@raghunmurthy07 ഐഡിയിലുള്ള വ്യക്തിക്ക് കടപ്പാട് രേഖപ്പെടുത്തി മറ്റൊരു എക്സ് അക്കൗണ്ടിലും വൈറൽ കറൻസിയുടെ ചിത്രം പങ്ക്‌വച്ചിട്ടുണ്ട്.
കറൻസിയിലെ വാട്ടർമാർക്കിലെ എക്സ് ഐഡിയുടെ ഉടമ രാഗുൺ മൂർത്തിയുമായി ഞങ്ങൾ സംസാരിച്ചു. ഇത്തരമൊരു നോട്ട് പുറത്തിറങ്ങണമെന്നത് ശ്രീരാമഭക്തനായ തന്റെ ആഗ്രഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രം എഡിറ്റ് ചെയ്തതാണെന്ന് അദ്ദേഹം മനോരമ ഓൺലൈൻ ഫാക്ട് ചെക്കിനോട് വെളിപ്പെടുത്തി.
∙ വാസ്തവം
ഇന്ത്യ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദം വ്യാജമാണ്. ചിത്രം എഡിറ്റ് ചെയ്തതാണ്. ഇത്തരമൊരു കറൻസി ആർബിഐ പുറത്തിറക്കിയിട്ടില്ല.