ADVERTISEMENT

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ ഇപ്പോള്‍ സജീവമാണ്. അതിനിടെ കുട്ടികള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയതിന് പള്ളി വികാരി അറസ്റ്റിലായെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു വീടിന് മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതും പൊലീസുകാര്‍ ഒരു വൈദികനെ കൂട്ടി നടന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, വൈറല്‍ വിഡിയോ കുട്ടികള്‍ക്ക് ലഹരി മരുന്ന് എത്തിച്ചു നല്‍കിയതിന് പള്ളി വികാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുര്‍ബാനയ്‌ക്കെത്താത്ത വൈദികനെ വിശ്വാസികള്‍ തടഞ്ഞുവച്ചപ്പോള്‍ പൊലീസ് മോചിപ്പിക്കുന്ന ദൃശ്യമാണിത്.

∙ അന്വേഷണം

"ആരെയാണ് വിശ്വസിക്കുക കൊച്ചി പള്ളുരുത്തിയില്‍ കുട്ടികള്‍ക്ക് *ലഹരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കുതിര കൂര്‍ കരിയിലെ വികാരിയച്ചനെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ " എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം.

priest_b

പ്രചരിക്കുന്ന പോസ്റ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ 2023 ജൂണ്‍ 27ന് ഒരു ഫേസ്ബുക്ക് പേജില്‍ വൈറല്‍ വിഡിയോ പങ്കുവച്ചുകൊണ്ട് നല്‍കിയ വിശദീകരണം ലഭ്യമായി. "കൊച്ചി പള്ളുരുത്തിയില്‍ കുട്ടികള്‍ക്ക് ലഹരിമരുന്ന് നല്‍കിയ കൂതിരക്കൂര്‍ കരിയിലെ വികാരിയച്ചന്‍ പോലീസ് കസ്റ്റഡിയില്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും വിഡിയോകളും തെറ്റാണെന്ന് മാത്രമല്ല, സദാചാര പോലീസിങ്ങുമാണ്." എന്നു തുടങ്ങുന്ന ദീര്‍ഘമായ പോസ്റ്റാണിത്. 2023 ജൂണ്‍ 25ന് നടന്ന സംഭവമാണ് ഇതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. പള്ളിമേടയിലിരുന്ന് മദ്യപിച്ച വികാരിയെയും കൂട്ടുകാരായ ചെറുപ്പക്കാരെയും പ്രദേശവാസികള്‍ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. നിയമലംഘനം നടന്നിട്ടില്ലാത്തതിനാല്‍ വികാരിക്കെതിരെ കേസെടുത്തിട്ടില്ലെന്നും വിശദീകരണമുണ്ട്. Organo Trading എന്ന ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച കുറിപ്പ്  കാണാം. 

ഫെയ്‌സ്ബുക് പോസ്റ്റില്‍ നിന്നുള്ള സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ കൊച്ചിയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കുതിരക്കൂര്‍ കരി എന്ന് വ്യക്തമായി. തുടര്‍ന്ന് ഞങ്ങള്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ് മരിയാദാസിനെ ബന്ധപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. " വൈറല്‍ വിഡിയോയിലുള്ള സംഭവം 2023ല്‍ നടന്നതാണ്. ലഹരിമരുന്ന് കച്ചവടമൊന്നുമല്ല, പള്ളി വികാരി മദ്യപിച്ചിരുന്നതിനാല്‍ കുര്‍ബാനയ്ക്ക് എത്തിയില്ല. തുടര്‍ന്ന് വിശ്വാസികളായ പ്രദേശ വാസികള്‍ പള്ളിമേടയില്‍ എത്തി അച്ചനെ തടഞ്ഞുവച്ചതാണ്. ജനങ്ങള്‍ വൈകാരികമായി പ്രതികരിച്ചതിനാല്‍ അച്ചന്റെ സുരക്ഷയെ കരുതി പൊലീസ് അവിടെ നിന്ന് മാറ്റിയതാണ്. " ജോസ് മരിയാദാസ് പറഞ്ഞു.

സംഭവം നടന്ന കുതിരക്കൂര്‍ കരി ഫാത്തിമാ മാതാ പള്ളിയുടെ സമീപമുള്ള ഫോട്ടോഗ്രാഫര്‍ വിബി ലീനച്ചനുമായും ഞങ്ങള്‍ സംസാരിച്ചു. " എനിക്ക് നേരിട്ടറിയാവുന്ന സംഭവമാണിത്. ലഹരി മരുന്ന് കച്ചവടമൊന്നുമല്ല. വിഡിയോയില്‍ കാണുന്ന വികാരി അല്‍പം മദ്യപിക്കുന്നയാളാണ്. അദ്ദേഹം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ പരിചയമുള്ള ഏതാനും യുവാക്കള്‍ എത്തിയപ്പോള്‍ അവരുമായി മദ്യപിച്ചിരുന്നു. അതിനാല്‍ കുര്‍ബാനയ്ക്ക് എത്തിയില്ല. ഇതോടെ രോഷാകുലരായ വിശ്വാസികളാണ് തടഞ്ഞുവച്ചത്. ഈ സംഭവത്തില്‍ പൊലീസ് കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ വൈദീകന്‍ പിന്നീട് സ്ഥലം മാറി പോയിരുന്നു. ഇതിനെ അനാവശ്യമായി വര്‍ഗീയ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്. " ലീനച്ചന്‍ പറഞ്ഞു. 

പ്രദേശവാസികളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഈ സംഭവത്തെപ്പറ്റിയുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകളും ലഭ്യമായി. മദ്യപിച്ചതിനെ തുടര്‍ന്ന് പ്രാര്‍ത്ഥനയ്‌ക്കെത്താതിരുന്ന വികാരിക്കെതിരെ ജനങ്ങളുടെ രോഷപ്രകടനം എന്ന രീതിയിലാണ് 2023 ജൂണ്‍ 27ന് മാധ്യമം നല്‍കിയ വാര്‍ത്തയിലുള്ളത്. സുഖമില്ലാത്തതിനാല്‍ കുര്‍ബാനയ്‌ക്കെത്തിയില്ല എന്ന വികാരിയുടെ മറുപടിയില്‍ അസംതൃപ്തരായാണ് വിശ്വാസികള്‍ പള്ളിമേടയിലെത്തിയത്. വികാരിക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വാര്‍ത്തയിലുള്ളത്.

വിശദമായ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ഫാത്തിമ മാതാ പള്ളി ഉള്‍പ്പെടുന്ന കണ്ണമാലി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. "വൈറല്‍ വിഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണ്. ഇത് 2023ല്‍ നടന്ന സംഭവമാണ്. കുര്‍ബാനയ്‌ക്കെത്താത്ത വികാരിയെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ വിഷയത്തിലെ ആരോപണം എല്ലാം തെറ്റാണ്. ജനക്കൂട്ടം രോഷാകുലരായതിനാല്‍ ഫാദറിനെ സ്ഥലത്ത് നിന്ന് മാറ്റിയതാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. " കണ്ണമാലി പൊലീസ് പറഞ്ഞു.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ ലഹരി വില്‍പനയുമായി ബന്ധപ്പെട്ടതല്ലെന്നും 2023 ജൂണില്‍ കുതിരക്കൂര്‍ കരി ഫാത്തിമാ മാതാ പള്ളിയില്‍ നടന്ന മറ്റൊരു സംഭവമാണെന്നും വ്യക്തമായി.

∙ വസ്തുത 

വൈറല്‍ വിഡിയോ ലഹരി വില്‍പനയുമായി ബന്ധപ്പെട്ടതല്ല. 2023 ജൂണില്‍ കുതിരക്കൂര്‍ കരി ഫാത്തിമാ മാതാ പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്താത്ത വൈദികനെ വിശ്വാസികള്‍ തടഞ്ഞുവച്ചപ്പോള്‍ പൊലീസ് മോചിപ്പിക്കുന്ന ദൃശ്യമാണിത്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A viral video from Kerala's Kuthikkurikari Fathima Matha Church in June 2023 is clarified; it's unrelated to drug sales and depicts a different incidenty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com