വാസ്തവം അറിയാതെ വിഡ്ഢികളാകരുത് ; വിവരങ്ങളുടെ യാഥാർഥ്യമറിയാൻ ഒരു രാജ്യാന്തര ദിനം

Mail This Article
ഇന്ന് രാജ്യാന്തര വസ്തുതാ പരിശോധനാ ദിനം. ഏപ്രിൽ 2-ന് ആചരിക്കുന്ന വസ്തുതാ പരിശോധനാ ദിനം, കൃത്യമായ വിവരങ്ങളുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്ന സുപ്രധാന ദിനമാണ്. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വിവരങ്ങൾ അതിവേഗം പ്രചരിക്കുന്ന ഈ കാലത്ത്, തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും വ്യാപകമാണ്. ആരോഗ്യം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ തെറ്റായ വിവരങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ തന്നെ, വസ്തുതാ പരിശോധന ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ ലോകത്ത്, വിവരങ്ങൾ നമ്മുടെ യാഥാർഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നു. രാജ്യാന്തര വസ്തുതാ പരിശോധനാ ദിനം മാധ്യമ സാക്ഷരതയുടെ പ്രാധാന്യവുമാണ് ഊന്നിപ്പറയുന്നത്. പൊതുജനങ്ങൾ വിവരങ്ങളെ വിമർശനാത്മകമായി വിലയിരുത്താൻ ഫാക്ട്ചെക്കിങ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നു. വിശ്വസനീയമായ ഉറവിടങ്ങൾ തിരിച്ചറിയാനും കൃത്രിമത്വം മനസിലാക്കാനും വസ്തുതകളും അഭിപ്രായങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും പഠിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞു.
അറിവുള്ള ഒരു പൊതുസമൂഹം ആരോഗ്യകരമായ ജനാധിപത്യത്തിന് അത്യാവശ്യമാണ്. വസ്തുതാ പരിശോധന പൊതുസമൂഹത്തിന് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമ്പോൾ അതുവഴി അവർക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു.പൊതു വ്യക്തികളെയും സ്ഥാപനങ്ങളെയും ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുന്നതിലൂടെ, വസ്തുതാ പരിശോധകർ സുതാര്യതയ്ക്കും വിശ്വാസത്തിനുമാണ് സംഭാവന നൽകുന്നത്.
ഈ ദിനം അറിവുള്ളതും ആരോഗ്യകരവുമായ ഒരു സമൂഹത്തെ നിലനിർത്തുന്നതിൽ വസ്തുതാ പരിശോധനയുടെ നിർണായക പങ്ക് എടുത്തു കാണിക്കുന്നതോടൊപ്പം. വിവരങ്ങളുടെ അതിപ്രസരവും വർദ്ധിച്ചുവരുന്ന സാങ്കേതിക സങ്കീർണ്ണതയുമുള്ള ഈ കാലഘട്ടത്തിൽ വസ്തുതാ പരിശോധകരുടെ പ്രവർത്തനം മുമ്പത്തേക്കാളും പ്രധാനമാണെന്നും ഓർമിപ്പിക്കുകയാണ്.
"വിമർശനാത്മക ചിന്തയുടെയും മാധ്യമ സാക്ഷരതയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലിന് ഈ ദിനം പ്രചോദനമാകുമെന്ന്" രാജ്യാന്തര ഫാക്‌ട് ചെക്കിങ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മനോരമ ഓൺലൈന് നൽകിയ സന്ദേശത്തിൽ പറഞ്ഞു. "സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള കാലത്ത് ഫാക്ട് ചെക്കിന് വളരെയധികം പ്രാധാന്യമുണ്ട്. സത്യങ്ങളും, അർധ സത്യങ്ങളും നുണയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയെ തള്ളിപ്പറയുന്നില്ല. അതിനിടെ ഫാക്ട് ചെക്കുകൾ ഉണ്ടാവണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണ്" എന്ന് സ്പീക്കർ എ.എൻ. ഷംസീറും മനോരമ ഓൺലൈനോട് പറഞ്ഞു.