പത്താനിലെ 'കാവി ബിക്കിനി' വിവാദത്തിൽ ദീപിക പദുക്കോണിന്റെ 'അശ്ലീല ആംഗ്യം' സംഘപരിവാർ പ്രവർത്തകർക്കു നേരെയോ? | Fact Check

Mail This Article
എമ്പുരാൻ സിനിമയ്ക്കു നേരെയുള്ള സംഘപരിവാർ ആക്രമണവും നടൻ മോഹൻലാലിന്റെ ഖേദ പ്രകടനവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയാവുകയാണ്. ഇതിനിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ പത്താനും ചർച്ചകളിൽ ഇടം പിടിക്കുകയാണ്. ഈ ചിത്രത്തിൽ ദീപിക പദുകോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിക്കുന്ന സംഘപരിവാർ പ്രവർത്തകരെ നടി അശ്ലീല ആംഗ്യം കാണിച്ചെന്ന അവകാശവാദത്തോടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‍തവമറിയാം
∙ അന്വേഷണം
ദീപിക പദുകോണിന്റെ അടിവസ്ത്രം കാവി നിറമാണെന്ന് പറഞ്ഞ് സംഘപരിവാരം വിരട്ടിയപ്പോൾ, സംഘപരിവാരത്തിന്റെ മുഖത്ത് നോക്കി പെണ്ണൊരുത്തി കാട്ടിയ ചിത്രമാണ് ഇത്. സംഘപരിവാരം ഒന്ന് കണ്ണുരുട്ടിയപ്പോൾ സാഷ്ടാംങ്കം കാലിൽ വീണ കമ്പ്ളീറ്റ് വാഴയെ ഒന്ന് ഓർമിപ്പിച്ചെന്നെയുള്ളൂ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്.
വൈറൽ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജിൽ പരിശോധിച്ചപ്പോൾ സമാന ചിത്രമുൾപ്പെട്ട നിരവധി വാർത്തകളും റിപ്പോർട്ടുകളും ലഭിച്ചു. Deepika Padukone shows ‘Middle Finger’ To Spanish Press എന്ന തലക്കെട്ടോടെയാണ് DesiBlitz എന്ന മാധ്യമം 2022 മാർച്ച് 23–ൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത് . മറ്റൊരു വെബ്സൈറ്റിൽ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികൾക്കു നേരെയാണ് പത്താൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ ദീപിക അശ്ലീല ആംഗ്യം കാണിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.
hauterrfly.com എന്ന വെബ്സൈറ്റിൽ സിനിമയുടെ ചിത്രീകരണ വേളയിലെ താരത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിൽ പ്രകോപിച്ചാണ് ദീപിക മാധ്യമങ്ങൾക്കെതിരെയും പാപ്പരാസികൾക്കെതിരെയും ഇത്തരമൊരു അശ്ലീല ആംഗ്യ വിക്ഷേപത്തിലൂടെ പ്രതികരിച്ചതെന്ന് ക‍്യത്യമായി പറയുന്നുണ്ട്.
പാപ്പരാസികൾക്കു നേരെയാണ് ദീപികയുടെ പ്രതികരണമെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റും ലഭിച്ചു. ഈ ചിത്രം 2022 മാർച്ച് 20നാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് കാണാം
2023–ൽ റിലീസായ ചിത്രത്തിലെ ബേഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തിൽ ദീപിക പദുക്കോൺ അണിഞ്ഞ ബിക്കിനിയുടെ നിറം 'ഓറഞ്ച്' ആയതായിരുന്നു വിവാദങ്ങൾക്ക് കാരണം. ഇത് ആർ എസ് എസ് പതാകയെ അപമാനിക്കുന്നതാണെന്നായിരുന്നു ആരോപണം. ഇതിനെ വലിച്ചുനീട്ടി ദീപികയുടെ ബിക്കിനി ഇന്ത്യൻ സംസ്കാരത്തെയും അപമാനിക്കുന്നുവെന്നും അഭിപ്രായങ്ങളുയർന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്രയാണ് പത്താനെതിരെയുള്ള വിമർശനത്തിന് തുടക്കമിട്ടത്. 'തുക്ടെ തുക്ടെ ഗ്യാങ്ങിനെ പിന്തുണയ്ക്കുന്ന ദീപികയുടെ സിനിമയായ പത്താനിൽ വസ്ത്രധാരണം ശരിയല്ലെ. മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കണോ എന്ന കാര്യം പരിഗണിക്കും', എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ കാവി ബിക്കിനിയുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയത് 2022 ഡിസംബർ 12–ന് പത്താൻ സിനിമയിലെ ബേഷറം രംഗ് എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബിൽ റിലീസ് ആയതിന് ശേഷമാണ്. എന്നാൽ ദീപിക അശ്ലീല ആംഗ്യം കാണിച്ചതായി അവകാശപ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് 2022 മാർച്ച് 20–ന് സ്പെയിനിൽ നടന്ന പത്താൻ സിനിമയുടെ ചിത്രീകരണ വേളയിലാണ്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിച്ച സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിന്റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙വസ്‌തുത
പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിച്ച സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിന്റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്പെയിനിൽ ഷൂട്ടിങ് നടക്കുമ്പോൾ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച പാപ്പരാസികളെ ദീപിക അശ്ലീല ആഗ്യം കാണിച്ച ചിത്രമാണ്.