'പള്ളിക്കും മസ്ജിദിനും, ക്ഷേത്രത്തിനും കെഎസ്ഇബി വക വ്യത്യസ്ത താരിഫ് നിരക്കോ? | Fact Check

Mail This Article
വിവിധ മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആരോപിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
വിചിത്രമായ പരിഹാസം വൈദ്യുതി നിരക്ക് , സാധാരണ പൗരന്മാർക്ക് യൂണിറ്റിന് 7.85 രൂപ. മസ്ജിദ് യൂണിറ്റിന് 1.85 രൂപ, പള്ളി യൂണിറ്റിന് 1.85 രൂപ, ക്ഷേത്രം യൂണിറ്റിന് 7.85 രൂപ. ഇതാണ് നമ്മുടെ മതേതര രാജ്യം. ഇതൊരു വിചിത്രമായ ബന്ധമാണ്. മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത്.
ക്ഷേത്രം സർക്കാർ വക ആണെങ്കിൽ എന്തുകൊണ്ട് പൂജാരിക്ക് സർക്കാർ ശമ്പളം കിട്ടുന്നില്ല? മുഴുവൻ രാജ്യവും അറിയാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് അങ്ങനെ? ഈ ശബ്ദം തകർക്കരുത് സമ്മതിച്ചാൽ ഫോർവേഡ് ചെയ്യാം ഓരോ ഹിന്ദു സഹോദരങ്ങൾക്കും സഹോദരിമാർക്കും ഈ സന്ദേശം വാട്ട്‌സ്ആപ്പ് ചെയ്യുക, അതിലൂടെ ഓരോ ഹിന്ദു സഹോദരങ്ങൾക്കും അവരുടെ ഇരട്ട നയം മനസ്സിലാക്കാൻ കഴിയും. ലിങ്ക് കണക്ട് ചെയ്യുന്നതിനായി നിങ്ങളുടെ 5 ഹിന്ദു സഹോദരങ്ങൾക്ക് ഇത് അയക്കുക” എന്നാണ് പ്രചരിക്കുന്ന സന്ദേശം.
കൂടുതൽ പരിശോധനയിൽ മുൻകാലങ്ങളിലും ഇതേ പോസ്റ്റുകൾ പ്രചരിച്ചതായി കണ്ടെത്തി. വൈദ്യുതി വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് പരിശോധിച്ചപ്പോൾ 2020 മുതൽ പ്രചരിക്കുന്ന ഈ വ്യാജ വാർത്തയ്‌ക്കെതിരെ അവർ വിശദീകരണം നൽകിയിരിക്കുന്ന പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.
ഫെയ്‌സ്ബുക് പേജിൽ വൈദ്യുതി ബോർഡിന്‍റെ വിശദീകരണം ഇങ്ങനെ: വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ എന്ന Quasi Judicial Body അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെഎസ്ഇബി ബിൽ തയ്യാറാക്കുന്നത്.500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് നിരക്ക്. ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെയൊരു താരിഫ് പുതുക്കല്‍ ഉണ്ടായിട്ടില്ല.
വൈദ്യുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായി ഞങ്ങൾ സംസാരിച്ചു. അവരും കെഎസ്ഇബിയുടെ ഔദ്യോഗിക പോസ്റ്റിൽ നൽകിയിരിക്കുന്ന മറുപടി തന്നെയാണ് നൽകിയത്.പ്രചരിക്കുന്ന പോസ്റ്റ് അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി.
∙ വസ്‌തുത
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ക്രിസ്ത്യൻ മുസ്‌ലിം പള്ളികൾക്ക് ഒരു വൈദ്യുതി താരിഫും ഹിന്ദു ക്ഷേത്രങ്ങൾക്ക് മറ്റൊരു വൈദ്യുതി താരിഫും കെഎസ്ഇബി നിശ്ചയിച്ചിട്ടില്ല.