പ്രതിഷേധം കണ്ണിൽ പൊടിയിടൽ! വഖഫ് ബിൽ പാസായ ശേഷം ബിജെപി എംപിമാർക്കൊപ്പം ഉവൈസിയുടെ പൊട്ടിച്ചിരിയും ആഘോഷവും? വാസ്തവം | Fact Check

Mail This Article
വഖഫ് ബിൽ പാസായതിന് ശേഷം ബിജെപി എംപിമാർക്കൊപ്പം ചേർന്ന് ആഹ്ളാദിക്കുന്ന ഉവൈസി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വാസ്തവം പരിശോധിക്കാൻ മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ലോക്‌സഭയിൽ വഖഫ് ബില്ല് പാസായതിന് ശേഷം പകർത്തിയതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
"ഉത്തരേന്ത്യൻ സുഡാപ്പികളുടെ ഖലീഫ അസദുദ്ദീൻ ഉവൈസി ലോക്‌സഭയിൽ വഖഫ് ബില്ല് പാസായ ശേഷം ബിജെപി കേന്ദ്ര മന്ത്രിമാരുടെയും എംപി മാരുടെയും കൂടെ അട്ടഹസിച്ചു ചിരിക്കുന്നു...." എന്ന കുറിപ്പിനൊപ്പമാണ് ഞങ്ങൾക്ക് വസ്‌തുതാ പരിശോധനയ്ക്കായി സന്ദേശം ലഭിച്ചത്.
അസദുദ്ദീൻ ഉവൈസിയും വഖഫ് ബില്ലുമായി ബന്ധപ്പെട്ട പരിശോധിച്ചപ്പോൾ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെ 11 പ്രതിപക്ഷ അംഗങ്ങൾ ബില്ലിൽ വിയോജിപ്പ് കുറിപ്പുകൾ സമർപ്പിച്ചിരുന്നു. കൂടാതെ പ്രതിഷേധ സൂചനനയായി അസദുദ്ദീൻ ഉവൈസി വഖഫ് ബില്ലിന്റെ ഒരു പകർപ്പ് കീറിക്കളയുകയും ചെയ്തിരുന്നു. കൈയ്യിൽ കറുത്ത ബാൻഡ് ധരിച്ച് വഖഫ് ബില്ലിനെതിരായ ബ്ലാക്ക് ബാൻഡ് പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
റിവേഴ്സ് ഇമേജ് സെർച്ചിൽ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ ഇതേ വിഡിയോ ബിജെപി എംപി ബ്രിജ് ലാൽ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചതായി കണ്ടെത്തി. സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ബില്ലിലെ ഭേദഗതികൾ 2025 ജനുവരി 29ന് അംഗീകരിച്ചതിന് ശേഷം ഭരണകക്ഷി–പ്രതിപക്ഷ നേതാക്കൾ ചായ കുടിക്കുന്ന ദൃശ്യം എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കൂടുതൽ പരിശോധനയിൽ ഇതേ വൈറൽ വിഡിയോ പിടിഐ–യുടെ എക്‌സ് പേജിൽ പങ്കുവച്ചതായി കണ്ടെത്തി. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗങ്ങൾ കരട് റിപ്പോർട്ട് അംഗീകരിച്ചതിനുശേഷം ചായ കുടിക്കുന്നു എന്ന കുറിപ്പിനൊപ്പം 2025 ജനുവരി 29–നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വഖഫ് ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ബിജെപി എംപിമാർക്കൊപ്പമിരുന്ന് ആഹ്ളാദത്തോടെ ഭക്ഷണം കഴിക്കുന്ന അസദുദ്ദീൻ ഉവൈസിയുടെ ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്നത് വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗങ്ങൾ കരട് റിപ്പോർട്ട് അംഗീകരിച്ചതിനുശേഷം ചായ കുടിക്കുന്ന സമയത്തുള്ള ദൃശ്യങ്ങളാണ്.
∙ വസ്‌തുത
വഖഫ് ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ബിജെപി എംപിമാർക്കൊപ്പമിരുന്ന് ആഹ്ളാദത്തോടെ ഭക്ഷണം കഴിക്കുന്ന അസദുദ്ദീൻ ഉവൈസിയുടെ ദൃശ്യം ലോക്‌സഭയിൽ വഖഫ് ബില്ല് പാസായ ശേഷമുള്ളതല്ല. ജനുവരി 29ന് വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജെപിസി യോഗം അവസാനിച്ച ശേഷം പകർത്തിയ വിഡിയോയാണിത്.