ഇത് ഇന്ത്യ പിടികൂടിയ പാക്ക് സൈനികനോ? | Fact Check
.jpg?w=1120&h=583)
Mail This Article
ഇന്ത്യ–പാക്ക് അതിർത്തി അബദ്ധത്തിൽ കടന്നതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു ബിഎസ്‍എഫ് ജവാന്‍ പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അതിർത്തി കടന്ന ഒരു പാക്ക് റേഞ്ചറിനെ ഇന്ത്യയും കസ്റ്റഡിലെടുത്തിരുന്നു. ഇന്ത്യയുടെ പിടിയിലായ പാക്ക് റേഞ്ചറുടേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. രണ്ട് ഇന്ത്യൻ സൈനികർക്കു നടുവിൽ കണ്ണുകൾ തുണിവച്ചു മറച്ച ഒരാൾ ഇരിക്കുന്നതാണ് ചിത്രം. വാസ്തവമറിയാം.
∙ അന്വേഷണം
നിരവധി അക്കൗണ്ടുകളിൽ നിന്നും പാക്കിസ്ഥാന്‍ റേഞ്ചറെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദത്തോടെ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. "ഇന്ത്യൻ ജവാനെ ബിഎസ്എഫ് പിടികൂടി..പലതവണ വിട്ടു തരാൻ പറഞ്ഞു ..തന്നില്ല. പലതവണ ഫ്ലാഗ് മീറ്റിംഗ് വിളിച്ചു..വന്നില്ല. ഇന്ന് പാക് സൈനികനെ ഇന്ത്യ പിടികൂടി", എന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. സമാന പോസ്റ്റുകൾ ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി പല ഭാഷകളിലും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം, രാജസ്ഥാനിലെ അതിർത്തി കടന്ന പാക്ക് റേഞ്ചറെ ഇന്ത്യ കസ്റ്റഡിയിലെടുത്ത വാർത്തകളാണ് ആദ്യം പരിശോധിച്ചത്. മിക്ക മാധ്യമങ്ങളും പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവയിലൊന്നും അറസ്റ്റ് ചെയ്തയാളുടെ ചിത്രമോ വിഡിയോയോ നൽകിയിട്ടില്ല.
പരിശോധിച്ചപ്പോൾ, പാക്ക് റേഞ്ചർമാരുടെ യൂണിഫോമല്ല ചിത്രത്തിലുള്ളയാളുടേതെന്ന് കണ്ടെത്തി. ചിത്രത്തിലെ യൂണിഫോമിലുള്ള ലോഗോയും വ്യത്യസ്തമാണ്.
ശേഷം, ചിത്രത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു. എസ്‌എസ്‌ബി ക്രാക്ക് എന്ന വെബ്സൈറ്റിൽ പ്രചരിക്കുന്ന ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ചിത്രത്തിനു അടിയിലായി പ്രതീകാത്മക ചിത്രമെന്ന് പരാമർശിക്കുന്നുണ്ട്. ഇതിൽ നിന്നും പ്രചരിക്കുന്നത് യഥാർഥ ചിത്രമല്ല എന്ന സൂചന ലഭിച്ചു. സൈറ്റ് എൻജിൻ എന്ന ടൂൾ ഉപയോഗിച്ച് പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണോ എന്ന് പരിശോധിച്ചപ്പോൾ, 99% എഐ നിർമിതമാകാമെന്ന ഫലമാണ് ലഭിച്ചത്. ഇതില്‍ നിന്നും പ്രചരിക്കുന്നത് യഥാർഥ ചിത്രമല്ല, മറിച്ച് എഐ ചിത്രമാണെന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം
ഇന്ത്യയിൽ അറസ്റ്റിലായ പാക്ക് റേഞ്ചറുടേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണ്.