തൃശൂർ പൂരത്തിന് സേവാഭാരതിക്ക് വിലക്കോ? | Fact Check
.jpg?w=1120&h=583)
Mail This Article
ഇത്തവണത്തെ തൃശൂർ പൂരത്തിനു പങ്കെടുക്കുന്നതിൽനിന്ന് സേവാഭാരതിക്ക് സംസ്ഥാന സർക്കാരും കൊച്ചിൻ ദേവസ്വവും വിലക്കേർപ്പെടുത്തിയെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചിത്രവും പ്രസ്തുത അവകാശവാദത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
രാഷ്ട്രീയ–മത സ്പർദ്ധയുണ്ടാക്കുന്ന തരത്തിലാണ് പ്രചാരണം. വിലക്കുണ്ടെന്ന അവകാശവാദവും വാർത്തയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്ററുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. "തൃശൂർ പൂരത്തിൽ സേവാഭാരതിക്ക് വിലക്കേര്‍പ്പെടുത്തി കമ്യൂണിസ്റ്റ് സർക്കാർ. ക്ഷേത്രത്തിൽ മത ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്ന് ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. ഹിന്ദു സംഘടന എന്ന പേരിലാണ് സേവാഭാരതിക്ക് വിലക്കേർപ്പെടുത്തിയത്..." എന്നാണ് പ്രചരിക്കുന്ന ഒരു പോസ്റ്ററിലെ ഉള്ളടക്കം. മറ്റൊന്നിൽ "തൃശൂർ പൂരം: സേവാഭാരതിക്ക് വിലക്ക്" എന്ന തലക്കെട്ടോടെയുള്ള വാർത്തയാണുള്ളത്.
ഇത്തരത്തിലൊരു വിലക്ക് സർക്കാരോ ദേവസ്വം ബോർഡോ സേവാഭാരതിക്കേർപ്പെടുത്തിയിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാൽ, ഇത് സംബന്ധിച്ച വാർത്തകളൊന്നും കണ്ടെത്തിയില്ല. ശേഷം, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ ഫോണിൽ ബന്ധപ്പെട്ടു. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. പൂരത്തിനു പങ്കെടുക്കുന്നതിന് സേവാഭാരതിക്ക് വിലക്കില്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള തേക്കിൻകാട് മൈതാനത്ത് ജലവിതരണം നടത്തുക പോലുള്ള സേവനപ്രവർത്തനങ്ങൾക്കായി സേവാഭാരതിക്കോ, അപേക്ഷിച്ച മറ്റു സംഘങ്ങൾക്കോ സ്ഥാപനങ്ങൾക്കോ സന്നദ്ധ പ്രവർത്തകർക്കോ സേവന പ്രവർത്തനങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നൽകുന്നില്ല. ഈ പ്രദേശത്ത് സംവിധാനങ്ങൾ ഒരുക്കുന്നതും സേവനങ്ങള്‍ നോക്കുന്നതും ദേവസ്വം ബോർഡ് തന്നെയാണ്. ഇത്തവണ മാത്രമല്ല, മുൻ വർഷവും ഇങ്ങനെ തന്നെ ആയിരുന്നുവെന്നാണ് പ്രസിഡണ്ട് അറിയിച്ചത്.
തുടർന്ന്, സേവാഭാരതിയുടെ തൃശൂർ ഓഫീസിലും ഇതു സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചു. വിലക്കി എന്ന തരത്തിലുള്ളത് തെറ്റായ പ്രചാരണമാണ്, സേവാഭാരതിക്ക് ഒരു പ്രശ്നവുമില്ല എന്നാണ് അവർ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സേവാഭാരതി പറഞ്ഞു. "പൂരത്തിനുള്ള ഒൻപതു സ്ഥലങ്ങളിൽ ഒന്ന് മാത്രമാണ് കൊച്ചിൻ ദേവസ്വത്തിന്റെ അധീനതയിലുള്ളത്. മറ്റു സ്ഥലങ്ങൾ കോർപ്പറേഷന്റെ കീഴിലാണ്. ദേവസ്വം നേതൃത്വം നൽകുന്ന പ്രദേശത്ത് സേവനപ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇക്കാര്യം ഒരു പത്രത്തിന്റെ പ്രതിനിധിയോടു പങ്കുവച്ചിരുന്നു. ഇതിനെ പൂരത്തിൽ നിന്ന് ആകെ വിലക്കിയെന്ന തരത്തിൽ വാർത്ത നൽകുകയായിരുന്നു." എന്ന് അവർ വ്യക്തമാക്കി.
ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
തൃശൂർ പൂരത്തിൽനിന്നു സേവാഭാരതിയെ സർക്കാരും കൊച്ചിൻ ദേവസ്വവും വിലക്കിയെന്ന പ്രചാരണം വ്യാജമാണ്.