ADVERTISEMENT

ഇന്ത്യയുടെ പോർവിമാനങ്ങളും ഡ്രോണുകളും തകർത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾക്കു പിന്നാലെ ഇന്ത്യയുടെ വനിത പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായി എന്ന തരത്തിൽ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വനിത റഫാൽ പൈലറ്റായ വ്യോമ സേന സ്‌ക്വാഡ്രൻ ലീഡർ ശിവാംഗി സിങ്ങാണ് അറസ്റ്റിലായതെന്നാണ് ഒരു പ്രധാന അവകാശവാദം. നിലത്തു കിടക്കുന്ന ഒരു വനിത ഓഫീസറുടെ ചിത്രം, യൂണിഫോമിലുള്ള വനിത സൈനിക ഓഫീസറുടെ ചിത്രങ്ങൾ, പുക ഉയരുന്ന വയലിനരികിലേക്കും കൊക്കയിലേക്കും ഓടിയടുക്കുന്ന ആളുകളുടെ വിഡിയോകൾ, പാക്ക് മാധ്യമ റിപ്പോർട്ടുകളും അവയുടെ സ്ക്രീൻഷോട്ടുകളും തുടങ്ങി നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം

∙ അന്വേഷണം

പാക്ക് അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. പാക്കിസ്ഥാൻ സിന്ദാബാദ്, പാക്കിസ്ഥാൻ ആർമി തുടങ്ങിയ ഹാഷ്ടാഗോടെയാണ് ഈ പോസ്റ്റുകൾ. ഇന്ത്യയുടെ വനിത പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. പാക്കിസ്ഥാനിൽ നിന്നുൾപ്പെടെയുള്ള ചില മാധ്യമങ്ങൾ ഇന്ത്യൻ വനിത പൈലറ്റ് പാക്കിസ്ഥാനിൽ പിടിയിലായിട്ടുണ്ടെന്ന തരത്തിൽ വാർത്തകള്‍ നൽകിയിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണമോ വാർത്തകളോ കണ്ടെത്തിയില്ല.

തുടർന്ന്, ഓരോ ദൃശ്യങ്ങളുടെയും വാസ്തവമെന്തെന്ന് പരിശോധിച്ചു. പ്രചരിക്കുന്നതിൽ നിന്നും സൈനിക വേഷത്തിൽ കൈകൾ തലയിൽ വച്ച് നിലത്തു കിടക്കുന്ന ഒരു വനിത ഓഫീസറുടെ ചിത്രമാണ് ആദ്യം പരിശോധിച്ചത്. ‘INDIAN CAPTURED PILOT’, ‘This news is now confirmed , an Indian female pilot arrested in Sialkot’ എന്നെല്ലാമാണ് ഈ ചിത്രത്തോടൊപ്പം പങ്കുവയ്ക്കുന്ന കുറിപ്പ്. ചില വാർത്തകളിലും ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഉറവിടം അറിയാൻ ഗൂഗിളിൽ കീവേർഡ്–റിവേഴ്സ് ഇമേജ് സെര്‍ച്ചുകള്‍ നടത്തി. ഇതിൽ നിന്നും പ്രചരിക്കുന്ന ചിത്രം ഇപ്പോൾ നടക്കുന്ന സംഭവവുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി. 2023ൽ കർണാടകയിലെ ചാമരാജ്‌നഗറിൽ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ട്രെയിനർ ജെറ്റ് തകർന്നതുമായി ബന്ധപ്പെട്ട ചിത്രമാണ് ഇപ്പോൾ നടന്ന സംഭവത്തിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ശിവാംഗി സിങ്ങിന്റേതെന്ന തരത്തിലും പ്രസ്തുത ചിത്രം തെറ്റായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർത്തുവെന്ന പാക്കിസ്ഥാൻറെ അവകാശവാദവുമായി ബന്ധപ്പെടുത്തിയാണ് രാജ്യത്തെ ആദ്യത്തെ റഫാൽ വനിത പൈലറ്റായ ശിവാംഗി സിങ്ങാണ് പാക്കിസ്ഥാന്റെ പിടിയിലായതെന്ന് പ്രചരിക്കുന്നത്. പരിശോധിച്ചപ്പോൾ, പ്രചരിക്കുന്നതിൽ പലതും ലെഫ്നന്റ് ശിവാംഗി യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളാണ് തന്നെയാണ്. എന്നാൽ, ഇവ ഇപ്പോഴത്തേതല്ല.

ഓപറേഷൻ സിന്ദൂറിൽ ഇവർ ഭാഗമായിരുന്നോ എന്നാണ് പിന്നീട് പരിശോധിച്ചത്. ഇവർ ഈ ഓപറേഷനിൽ ഭാഗമാകാനൊരുങ്ങുന്നതായി ഒരു മാധ്യമ റിപ്പോർട്ട് ലഭിച്ചു. പക്ഷേ സ്ഥിരീകരിക്കാനായില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ, പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പോസ്റ്റ് കണ്ടെത്തി. പ്രചരിക്കുന്ന വിഡിയോകളുടെ ഉറവിടങ്ങൾ സ്ഥിരീകരിക്കാനായില്ല.

∙ വാസ്തവം

ഇന്ത്യയുടെ വനിത പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായി എന്നത് വ്യാജ പ്രചാരണമാണ്.

English Summary:

False claims of an Indian woman pilot's and Shivangi Singh's arrest are circulating following India-Pakistan clashes. A fact-check reveals these claims are unfounded, stemming from pro-Pakistan social media accounts and misleading visuals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com