വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെയും കേണൽ സോഫിയ ഖുറേഷിയുടെയും പേരിലുള്ള എക്സ് അക്കൗണ്ടുകൾ വ്യാജം | Fact Check

Mail This Article
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ പത്ര സമ്മേളനത്തിലൂടെ പൊതുസമൂഹത്തെ അറിയിച്ചത് വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയുമാണ്. ഇതിനു പിന്നാലെ നിരവധി ആളുകളാണ് ഇവരുടെ ആരാധകരായത്. എക്സ് പോലുള്ള സമൂഹമാധ്യമങ്ങളിൽ ഇവരുടെ പേരിലുള്ള അക്കൗണ്ടുകൾ ഫോളോ ചെയ്യാനും തുടങ്ങി. എന്നാല്‍, ഇവർക്കു എക്സ് അക്കൗണ്ടുകളുണ്ടോ? വാസ്തവമറിയാം.
∙ അന്വേഷണം
വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെയും കേണൽ സോഫിയ ഖുറേഷിയുടെയും പേരുകൾ സെർച്ച് ചെയ്തപ്പോള്‍ തന്നെ നിരവധി അക്കൗണ്ടുകളാണ് ഫലമായി ലഭിച്ചത്. എക്സിൽ ബ്ലൂ ടിക്ക് ഉൾപ്പടെ കാണിക്കുന്ന അക്കൗണ്ടുകൾ ഇതിലുണ്ട്. പരിശോധിച്ചപ്പോൾ. ചില അക്കൗണ്ടുകൾ ആരാധക അക്കൗണ്ടാണെന്നു വ്യക്തമാക്കുന്നുണ്ട്. അല്ലാത്തവ യഥാർഥ അക്കൗണ്ട് ആണെന്ന തരത്തിൽ തന്നെയാണുള്ളത്.
ഇവർക്ക് സ്ഥിരീകരിക്കപ്പെട്ട, ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടോ എന്നു പരിശോധിച്ചു. ഇവർക്കു സമൂഹമാധ്യമ അക്കൗണ്ടില്ല, എക്സിൽ നിലവിലുള്ളവ വ്യാജ അക്കൗണ്ടുകളാണെന്ന് വ്യക്തമാക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ പോസ്റ്റ് അന്വേഷണത്തിൽ കണ്ടെത്തി.
സൈനിക ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും സജീവമാകുന്നതിനും നിയന്ത്രങ്ങളുണ്ടെന്നു തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തി. വ്യത്യസ്ത സമൂഹമാധ്യമങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരിൽ തുടങ്ങുന്ന വ്യാജ അക്കൗണ്ടുകൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കുകയും സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കകൾക്ക് വഴിയൊരുക്കുന്നതുമാണ്. ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ ഏതൊക്കെയെന്ന് ജനങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്.
∙ വാസ്തവം
വിങ് കമാൻഡർ വ്യോമിക സിങ്ങിനും കേണൽ സോഫിയ ഖുറേഷിയ്ക്കും എക്സ് അക്കൗണ്ടുകളില്ല.