പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയവർ അറസ്റ്റിൽ: പ്രചാരണം വ്യാജം | Fact Check

Mail This Article
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, മധ്യപ്രദേശ് പോലീസ് പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയതിന് 11 ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗങ്ങളെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി ഒരു വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
ബിജെപിയിലെ 11 അംഗങ്ങൾ പാക്കിസ്ഥാനിലെ ഐഎസ്‌ഐക്ക് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു എന്ന് തുടങ്ങുന്ന പോസ്റ്റ് കാണാം
"മധ്യപ്രദേശ് ബിജെപിയിലെ 11 അംഗങ്ങൾ പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ നൽകുകയും ചാരവൃത്തി നടത്തുകയും ചെയ്തു." പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് 11 പേരെ അറസ്റ്റ് ചെയ്തെന്ന് വാർത്താ അവതാരിക പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മധ്യപ്രദേശിൽ നിന്നുള്ള വാർത്ത, പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയ 11 പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. എ.ടി.എസ് അറസ്റ്റ് ചെയ്ത 11 പേരിൽ ഒരാൾ ധ്രുവ് സക്സേന എന്നയാളാണ്, ഇന്നലെ ഭോപ്പാലിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ധ്രുവ് നേരത്തെ ബിജെപിയുടെ ജില്ലാ യൂണിറ്റിലെ ഐ.ടി സെല്ലുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണെന്നും വിഡിയോയില്ല പറയുന്നുണ്ട്.11 പേരെ അറസ്റ്റ് ചെയ്തപ്പോൾ, അവരിൽ ധ്രുവ് സക്സേനയ്ക്ക് മാത്രമേ ഭോപ്പാലിലെ ബിജെപിയുടെ ജില്ലാ ഐ.ടി സെല്ലുമായി ബന്ധമുണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൂടുതൽ കീവേർഡുകളുടെ പരിശോധനയിൽ 2017 ഫെബ്രുവരി 10 ന് എബിപി ന്യൂസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് യഥാർത്ഥ വിഡിയോ ബുള്ളറ്റിൻ സംപ്രേഷണം ചെയ്തതെന്ന് വ്യക്തമായി. വാർത്താ റിപ്പോർട്ട് കാണാം
നിയമവിരുദ്ധ ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഉൾപ്പെട്ട 11 പ്രതികളെ മധ്യപ്രദേശ് എ.ടി.എസ് അറസ്റ്റ് ചെയ്തതായുള്ള നിരവധി വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ബിജെപി ഐടി സെല്ലിലെ അംഗവും മുൻ ഉദ്യോഗസ്ഥനുമാണെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ധ്രുവ് സക്സേന ബിജെപി പ്രവർത്തകനെന്ന അവകാശവാദം നിഷേധിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വൈറൽ വിഡിയോയിലുള്ള സംഭവത്തിന് പഹൽഗാം ആക്രമണവുമായി ബന്ധമില്ലെന്ന് വ്യക്തമായി. വിഡിയോ പഴയതാണ്.
∙ വസ്തുത
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിന് 11 ബിജെപി അംഗങ്ങളെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദം തെറ്റാണ്. എട്ട് വർഷം പഴക്കമുള്ള ഈ വൈറൽ ക്ലിപ്പ് മധ്യപ്രദേശിലെ ഒരു സംഭവത്തിൽ ഐഎസ്‌ഐ ചാരസംഘവുമായി ബന്ധമുള്ള അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന് ബിജെപി ഐടി സെൽ അംഗം ഉൾപ്പെടെ 11 പേരെ എടിഎസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ്.