പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടോ? പ്രചാരണത്തിന്റെ വാസ്തവമെന്ത്? | Fact Check
.jpg?w=1120&h=583)
Mail This Article
ജയില്‍വാസത്തിലിരിക്കെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാൻ ഖാൻ അഡിയാല ജയിലില്‍വച്ച് കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പാക്ക് സർക്കാരിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പെന്ന പേരിലൊരു ചിത്രവും കിടക്കുന്ന ഇമ്രാൻ ഖാന്റെ രണ്ട് ചിത്രങ്ങളുൾപ്പെടെയാണ് പ്രചാരണം. വാസ്തവമറിയാം.
∙ അന്വേഷണം
ഇമ്രാൻ ഖാന് നേരേ ലൈംഗിക അതിക്രമമുണ്ടായി എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കു പിന്നാലെയാണ് ഈ മരണവാർത്ത പുറത്തുവരുന്നത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയാണ് കൊലപ്പെടുത്തിയതെന്ന് ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്നുണ്ട്. പരിശോധിച്ചപ്പോൾ, ഇത്തരത്തിലൊരു സംഭവമുണ്ടായതായി പാക്കിസ്ഥാനിൽനിന്ന് ഔദ്യോഗിക അറിയിപ്പുകൾ കണ്ടെത്തിയില്ല. മാത്രമല്ല, ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി മുൻപും സമാന പ്രചാരണങ്ങളുണ്ടായിട്ടുണ്ടെന്ന് ചില പോസ്റ്റുകൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ, ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് പാക്കിസ്ഥാന്റെ വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കിയതായി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. ഇതിൽ നിന്നും പാക്ക് സർക്കാരിന്റെ പേരിൽ പ്രചരിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
പ്രചരിക്കുന്ന മറ്റു ചിത്രങ്ങളുടെ ഉറവിടമാണ് പിന്നീട് പരിശോധിച്ചത്. ഇമ്രാൻ ഖാൻ ഇരു കൈകളും ഉയർത്തിക്കിടക്കുന്ന ഒരു ചിത്രവും ഏതാനും ആളുകൾ ചേർന്ന് ഇമ്രാൻ ഖാനെ ഉയർത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. ഇവ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തതിൽ നിന്നും ഇമ്രാൻ ഖാന്റെ പഴയ ചിത്രങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്നു വ്യക്തമായി. 2013ൽ ഒരു പ്രചരണ റാലിക്കിടെ സ്റ്റേജിൽനിന്നു വീണ അദ്ദേഹത്തെ ആളുകൾ എടുത്തുകൊണ്ടു പോകുന്നതാണ് ഒരു ചിത്രം. 2022ൽ ഇമ്രാൻ ഖാന് നേരേയുണ്ടായ ആക്രമത്തിൽ വെടിയേറ്റതിനു ശേഷമുള്ളതാണ് പ്രചരിക്കുന്ന മറ്റൊരു ചിത്രം.
∙ വാസ്തവം
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാൻ ഖാൻ അഡിയാല ജയിലില്‍വച്ച് കൊല്ലപ്പെട്ടുവെന്ന പ്രചാരണം വ്യാജമാണ്.